പ്രതീകാത്മക ചിത്രം
കൂടുതൽ രക്ഷാപ്രവർത്തകരും സഹായങ്ങളും എത്തുന്നു
കാരക്കസ്: ഭൂകമ്പം തകർത്ത വെനസ്വേലയെ ചേർത്തുപിടിച്ച് ഇന്ത്യയുൾപ്പെടെയുള്ള ലോകരാജ്യങ്ങൾ . അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ ഐക്യരാഷ്ട്രസഭയുടെ അംഗീകാരമുള്ള പ്രത്യേക രക്ഷാപ്രവർത്തകർ എത്തുമെന്ന് വെനസ്വേലൻ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു.
ദുരന്തബാധിത മേഖലകളിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റീസ് 25 ലക്ഷം ഡോളർ അനുവദിച്ചു. വത്തിക്കാന്റെ ആദ്യഘട്ട അടിയന്തര സഹായമായി ലെയോ പതിനാലാമൻ മാർപാപ്പ ഒരു ലക്ഷം യൂറോ കൈമാറിയതായി വത്തിക്കാൻ അറിയിച്ചു.
അമേരിക്ക, ബ്രസീൽ, കാനഡ, മെക്സിക്കോ, കൊളംബിയ, എൽ സാൽവദോർ, ക്യൂബസ്പെയിൻ, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ഇറ്റലി, ചെക്ക് റിപ്പബ്ലിക്, നെതർലാൻഡ്സ് തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പ്രത്യേക വിദഗ്ധ സംഘങ്ങളെയും പരിശീലനം ലഭിച്ച നായ്ക്കളെയും ദുരിതാശ്വാസ-ഭക്ഷ്യവസ്തുക്കളും വെനസ്വേലയിലേക്ക് അയച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി ആറു സൈനിക ചരക്കുവിമാനങ്ങൾ അയച്ചതായി ജർമനി അറിയിച്ചു.
അടിയന്തര സഹായങ്ങളും മെഡിക്കൽ സംഘത്തെയും അയക്കുമെന്ന് ചൈന അറിയിച്ചു. ഡോക്ടർമാർ ഉൾപ്പെടുന്ന 67 അംഗ വിദഗ്ധ രക്ഷാസേന വെനസ്വേലയിലേക്കു പുറപ്പെട്ടതായി തുർക്കി അറിയിച്ചു. യുദ്ധക്കെടുതി നേരിടുന്ന ഇറാനും രക്ഷാപ്രവർത്തകരെ അയയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കാരക്കസ്: വെനസ്വേലയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരിലും കാണാതായവരിലും നിരവധി വിദേശ പൗരന്മാരും. ബുധനാഴ്ചയുണ്ടായ ഭൂകമ്പത്തിനുശേഷം രാജ്യത്തുനിന്നും പുറത്തുവരുന്ന വിവരങ്ങളിൽ ഇപ്പോഴും പൂർണമായ വ്യക്തത വന്നിട്ടില്ലെങ്കിലും മരിച്ചവരോ കാണാതായവരോ ആയ തങ്ങളുടെ പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങൾ ചില രാജ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
ദുരന്തത്തിൽ തങ്ങളുടെ മൂന്നു പൗരന്മാർ മരിച്ചതായും 99 പേരെ കാണാതായതായും സ്പെയിൻ വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ് അറിയിച്ചു. ദുരന്തത്തിൽ ഒരു ബ്രസീലിയൻ പുരുഷനും സ്ത്രീയും മരിച്ചതായി ബ്രസീൽ വിദേശകാര്യ മന്ത്രാലയവും രണ്ട് ചൈനീസ് പൗരന്മാർ മരിച്ചതായി കാരക്കാസിലെ ചൈനീസ് എംബസിയും സ്ഥിരീകരിച്ചു.
ഒരു ഇറ്റാലിയൻ പൗരൻ മരിച്ചതായും വെനസ്വേലയിൽ വലിയൊരു ഇറ്റാലിയൻ സമൂഹം താമസിക്കുന്നതിനാൽ നിലവിലെ സാഹചര്യത്തിൽ എത്രപേരെ കാണാതായിട്ടുണ്ടെന്ന് കണക്കാക്കുക വളരെ ബുദ്ധിമുട്ടാണെന്നും ഇറ്റാലിയൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഒന്പത് പോർച്ചുഗീസ് പൗരന്മാർ മരിച്ചതായി രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.

അടിസ്ഥാന ആവശ്യങ്ങൾക്കായി ജനങ്ങൾ വലയുന്നതിനിടയിലാണ് ഇപ്പോൾ അഭയകേന്ദ്രങ്ങളും നഷ്ടപ്പെട്ട് തെരുവുകളിലേക്ക് ഇറങ്ങേണ്ടിവന്നിരിക്കുന്നത്. ഭൂകന്പത്തെത്തുടർന്ന് 80 ലക്ഷം ആളുകളെങ്കിലും മാനുഷിക സഹായത്തിനായി കാത്തിരിക്കുകയാണെന്ന് യുഎൻ എയ്ഡ് മേധാവി ടോം ഫ്ലെച്ചർ പറഞ്ഞത്.
ചരിത്രത്തിലെ ഏറ്റവും വലിയ അഭയാർഥി പ്രവാഹങ്ങളിൽ ഒന്നാണ് വെനസ്വേലയിൽ നടക്കുന്നത്. ഏകദേശം 70 ലക്ഷത്തിലധികം(മൊത്തം ജനസംഖ്യയിൽ നാലിലൊന്ന്) ജനങ്ങൾ ജീവിക്കാൻ മാർഗമില്ലാതെ കൊളംബിയ, ബ്രസീൽ തുടങ്ങിയ സമീപരാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും പലായനം ചെയ്തു കഴിഞ്ഞു.

കാരക്കസ്: വർഷങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉലയുന്ന വെനസ്വേലയെ കൂടുതൽ ദുരന്തത്തിലേക്ക് തള്ളിവിട്ടുകൊണ്ടാണ് ഇരട്ട ഭൂകമ്പം ഉണ്ടായിരിക്കുന്നത്. സാമ്പത്തിക തകർച്ച കാരണം രാജ്യത്തെ ആശുപത്രികളും പൊതുസംവിധാനങ്ങളും നേരത്തേതന്നെ വലിയ പ്രതിസന്ധിയിലായിരുന്നു. മരുന്നുകളുടെയും അത്യാധുനിക സൗകര്യങ്ങളുടെയും കുറവും ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലേക്ക് ആയിരങ്ങൾക്കു പരിക്കേൽക്കാനിടയായ വലിയൊരു ദുരന്തം കൂടിയെത്തിയത് രാജ്യത്തെ മെഡിക്കൽ സംവിധാനങ്ങൾക്കു താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്.
ലോകത്തിൽത്തന്നെ ഏറ്റവും ഉയർന്ന പണപ്പെരുപ്പം നേരിടുന്ന രാജ്യങ്ങളിൽ ഒന്നാണു വെനസ്വേല. കറൻസിയായ ബൊളിവറിന്റെ മൂല്യം നാൾക്കുനാൾ ഇടിയുന്നത് ജനങ്ങളെ തീരാദുരിതത്തിലെത്തിച്ചിരിക്കുന്നു. നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പോലും ചാക്കുകളിൽ പണം കൊണ്ടുപോകേണ്ട അവസ്ഥയാണ്. സാധനങ്ങളുടെ വില മണിക്കൂറുകൾ വച്ച് മാറുന്ന അവസ്ഥ വന്നതോടെ ജനങ്ങൾക്ക് കറൻസിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.
തകർന്നുവീണ നൂറുകണക്കിന് കെട്ടിടങ്ങളും റോഡുകളും പാലങ്ങളും പുനർനിർമിക്കുകയെന്നത് നിലവിലെ സാമ്പത്തികാവസ്ഥയിൽ സർക്കാരിന് വലിയൊരു ബാധ്യതയാണ്. ലോകരാജ്യങ്ങളിൽനിന്നും അന്താരാഷ്ട്ര ഏജൻസികളിൽനിന്നും ലഭിക്കുന്ന മാനുഷിക സഹായങ്ങളെ ആശ്രയിച്ചായിരിക്കും വെനസ്വേലയുടെ അതിജീവനം.
എണ്ണസന്പത്തിൽ മുന്നിൽ, പട്ടിണി കിടക്കാൻ വിധിക്കപ്പെട്ടു ജനം
സൗദി അറേബ്യയെപ്പോലും പിന്നിലാക്കി ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരം (ഏകദേശം 300 ബില്യൺ ബാരലിലധികം) കൈവശമുള്ള രാജ്യമാണ് വെനസ്വേല. എന്നിട്ടും ആ രാജ്യം കടുത്ത ദാരിദ്ര്യത്തിലും സാമ്പത്തിക പ്രതിസന്ധിയിലും അകപ്പെടാൻ കാരണം കേവലം ഭാഗ്യക്കേടല്ല, മറിച്ച് തുടർച്ചയായ തെറ്റായ നയങ്ങളും ആസൂത്രണമില്ലായ്മയുമാണ്.
വെനസ്വേല തങ്ങളുടെ സമ്പദ്വ്യവസ്ഥയുടെ 95ശതമാന ത്തിലധികം എണ്ണ കയറ്റുമതിയെ മാത്രം ആശ്രയിച്ചാണ് കെട്ടിപ്പടുത്തത്. എണ്ണയിൽനിന്ന് പണം പ്രവഹിച്ചപ്പോൾ അവർ കൃഷി, ഉത്പാദനം, മറ്റ് വ്യവസായങ്ങൾ എന്നിവയെ പൂർണമായി അവഗണിച്ചു. നിത്യോപയോഗ സാധനങ്ങൾ പോലും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാൻ തുടങ്ങി. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞപ്പോൾ രാജ്യത്തിന്റെ വരുമാനം ഒറ്റയടിക്ക് നിലയ്ക്കുകയും മറ്റ് വരുമാനമാർഗങ്ങൾ ഇല്ലാത്തതിനാൽ രാജ്യം തകരുകയും ചെയ്തു. വെനസ്വേലയിലുള്ള എണ്ണ ‘ഹെവി ക്രൂഡ്’വിഭാഗത്തിൽപ്പെട്ടതാണ്. സൗദി അറേബ്യയിലെ എണ്ണയെപ്പോലെ ഇത് എളുപ്പത്തിൽ പമ്പ് ചെയ്തെടുക്കാൻ കഴിയില്ല. ഇതു ശുദ്ധീകരിച്ചെടുക്കാൻ വലിയ സാങ്കേതികവിദ്യയും ഉയർന്ന ചെലവും ആവശ്യമാണ്. എന്നാൽ രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനിയായ പെട്രോലെയോസ് ദെ വെനസ്വേല എസ്എ (പിഡിവിഎസ്എ) യിൽ ആവശ്യത്തിനു ശാസ്ത്രജ്ഞരോ വിദഗ്ധരോ ഇല്ലായിരുന്നു. രാഷ്ട്രീയകാരണങ്ങളാൽ വിദഗ്ധരായ ജീവനക്കാരെ പിരിച്ചുവിട്ടതും കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതും കാരണം എണ്ണഖനനം പകുതിയിലധികമായി കുറഞ്ഞു. അതായത്, മണ്ണിൽ എണ്ണയുണ്ടെങ്കിലും അതു വിപണിയിലെത്തിക്കാൻ അവർക്കു കഴിഞ്ഞില്ല.
അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങൾ വെനസ്വേലയ്ക്കുമേൽ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയതും സാന്പത്തിക പ്രതിസന്ധിക്കിടയാക്കി. ഇതു രാജ്യത്തിന് വിദേശരാജ്യങ്ങളുമായി വ്യാപാരം നടത്തുന്നതിനും അന്താരാഷ്ട്ര ബാങ്കിംഗ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനും വലിയ തടസങ്ങൾ സൃഷ്ടിക്കുന്നു.
മുൻ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ കാലത്ത് എണ്ണയിൽനിന്നു ലഭിച്ച പണം മുഴുവൻ വലിയ ആസൂത്രണമില്ലാതെ സൗജന്യ ഭവനപദ്ധതികൾക്കും ജനപ്രിയ പദ്ധതികൾക്കുമായി ചെലവഴിച്ചു.പിന്നീട് വന്ന നിക്കോളാസ് മഡുറോയുടെ ഭരണകാലത്ത് വരുമാനം കുറഞ്ഞപ്പോൾ സർക്കാർ വലിയതോതിൽ കറൻസി നോട്ടുകൾ അച്ചടിക്കാൻ തുടങ്ങി.
ഇത് പണത്തിന്റെ മൂല്യം ഇല്ലാതാക്കുകയും അതിരൂക്ഷമായ പണപ്പെരുപ്പത്തിലേക്ക് നയിക്കുകയും ചെയ്തു.സ്വകാര്യ കമ്പനികളെയും വിദേശ നിക്ഷേപങ്ങളെയും വകവയ്ക്കാതെ ഭൂരിഭാഗം വലിയ വ്യവസായങ്ങളും ഫാക്ടറികളും സർക്കാർ ഏറ്റെടുത്തു. എന്നാൽ അഴിമതിയും മോശം മാനേജ്മെന്റും കാരണം ഈ സ്ഥാപനങ്ങളെല്ലാം വൻ നഷ്ടത്തിലാകുകയോ പൂട്ടുകയോ ചെയ്തു. ഇതോടെ ആഭ്യന്തര ഉത്പാദനം പൂജ്യമായി മാറി.
ഭരണത്തിലും സ്തംഭനം
സാന്പത്തിക പ്രതിസന്ധിക്കു പിന്നാലെ നിലവിൽ ഭരണരംഗത്തും വലിയ അനിശ്ചിതത്വങ്ങളിലൂടെയാണ് വെനസ്വേല കടന്നുപോകുന്നത്. 2013 മുതൽ രാജ്യം ഭരിച്ചിരുന്ന ഇടതുപക്ഷനേതാവ് നിക്കോളാസ് മഡുറോയെ യുഎസ് സേന തലസ്ഥാനമായ കാരക്കാസിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ പുലർച്ചെ നടത്തിയ റെയ്ഡിൽ പിടികൂടിയിട്ട് ആറു മാസം തികയുന്നതേയുള്ളൂ. കഴിഞ്ഞ ജനുവരി മൂന്നിനായിരുന്നു അദ്ദേഹത്തെ പിടികൂടിയത്. മയക്കുമരുന്ന് കടത്ത് കേസുകളിൽ വിചാരണ നേരിടുന്നതിനായി അദ്ദേഹത്തെ ന്യൂയോർക്കിലേക്ക് കൊണ്ടുപോകുകയായിരുന്നു.
തുടർന്ന് മഡുറോയുടെ വിശ്വസ്തയും മുൻ വൈസ് പ്രസിഡന്റുമായ ഡെൽസി റോഡ്രിഗസാണ് ഭരണമേറ്റെടുത്തത്. ട്രംപ് ഭരണകൂടം പ്രതിപക്ഷനേതാവ് മരിയ കൊറീന മച്ചാഡോയെ ഭരണമേൽപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രതിപക്ഷ അനുയായികൾക്ക് ഇതു വലിയ നിരാശയാണു നൽകിയത്. അന്നുമുതൽ പ്രതിപക്ഷം പ്രക്ഷോഭത്തിലുമാണ്.

ന്യൂഡൽഹി: വെനസ്വേലയെ സഹായിക്കാൻ ഓപ്പറേഷൻ അമിസ്റ്റാഡ് ദൗത്യവുമായി ഇന്ത്യ. ദുരന്തബാധിതർക്കായി ഒരു താത്കാലിക ഫീൽഡ് ആശുപത്രി യൂണിറ്റും 35 ടണ്ണിലധികം അടിയന്തര ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേനയുടെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റർ ചരക്കുവിമാനങ്ങൾ വെനസ്വേലയിലേക്ക് പുറപ്പെട്ടതായി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു.
കരസേനയുടെ 60 പാരാ ഫീൽഡ് ഹോസ്പിറ്റലിൽനിന്നുള്ള ഒമ്പത് മെഡിക്കൽ ഓഫീസർമാരുൾപ്പെടെ 41 അംഗ വിദഗ്ധ മെഡിക്കൽ സംഘമാണ് തിരിച്ചത്. അടിയന്തര ശസ്ത്രക്രിയകളും തീവ്രപരിചരണവും നൽകാൻ പ്രത്യേക പരിശീലനം ലഭിച്ചവരും സംഘത്തിലുണ്ട്. വിദേശകാര്യ മന്ത്രാലയം നൽകിയ ആറു ടൺ മരുന്നുകളും പകരണങ്ങളും ഇന്ത്യ വെനസ്വേലയിൽ എത്തിക്കും.
Tags : Venezuela world holding together earthquake