ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള മൊജ്തബ ഖമേനി
ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള മൊജ്തബ ഖമേനിയെ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ സന്ദർശിച്ചു. ഖമേനിയുടെ ഓഫീസാണ് ഞായറാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അമേരിക്കൻ ആക്രമണത്തിൽ അയത്തൊള്ള മൊജ്തബ ഖമേനിക്ക് പരിക്കേറ്റെന്നും അദ്ദേഹം അതീവഗുരുതരാവസ്ഥയിലാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ചുമതലയേറ്റെടുത്തതിനുശേഷം പരമോന്നത നേതാവ് ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. പ്രസിഡന്റായുള്ള തന്റെ മൂന്നാം വർഷത്തിന്റെ തുടക്കത്തിലാണ് പെസെഷ്കിയൻ മൊജ്തബ ഖമേനിയെ സന്ദർശിച്ചതെന്നും ഇരുവരും ചർച്ചകൾ നടത്തിയെന്നും പ്രസ്താവനയിൽ പറയുന്നു. എന്നാൽ കൂടിക്കാഴ്ച നടന്ന തീയതി വ്യക്തമാക്കാൻ അധികൃതർ തയാറായില്ല.
കഴിഞ്ഞ ഫെബ്രുവരിയിൽ യുഎസും ഇസ്രയേലും ചേർന്ന് ആരംഭിച്ച യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ഇറാൻ ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും ധാരണ പരാജയപ്പെടുകയായിരുന്നു. രാജ്യത്തിന്റെ നിലവിലെ സാഹചര്യങ്ങളും ഭാവിയിലെ സാധ്യതകളും കൂടിക്കാഴ്ചയിൽ വിശദമായി ചർച്ച ചെയ്തതായി ഖമേനിയുടെ ഓഫീസ് അറിയിച്ചു.
അതേസമയം പരമോന്നത നേതാവിന്റെ ആരോഗ്യനില സംബന്ധിച്ച് വലിയ അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ ഖമേനി ജനങ്ങൾക്കിടയിലുള്ളതും മീറ്റിംഗുകളിൽ പങ്കെടുക്കുന്നതുമായ ചിത്രങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് റെവല്യൂഷണറി ഗാർഡ്സ് വ്യക്തമാക്കി.
Tags : Iran Masoud Pezeshkian Mojtaba Khamenei Middle East War