International
കാരക്കസ്: വെനസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ ആളെ എട്ടു ദിവസത്തിനുശേഷം ജീവനോടെ പുറത്തെടുത്തു.
ഹെര്‍മന്‍ ജില് എന്നയാളെയാണ് രക്ഷിച്ചത്. 140 ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ ശനിയാഴ്ചയാണു ജില്ലിനെ കണ്ടെത്തിയത്.
തുടര്‍ന്ന് വെനസ്വേല, ചിലി, കോസ്റ്റാറിക്ക, എല്‍ സാല്‍വദോര്‍, മെക്സിക്കോ, പോര്‍ച്ചുഗല്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ അക്ഷീണം പ്രയത്നിച്ചാണ് ജില്ലിനെ ജീവനോടെ പുറത്തെടുത്തത്.
ജൂണ്‍ 24നുണ്ടായ ഭൂകമ്പത്തില്‍ ഇതുവരെ 2300 പേരുടെ മരണമാണു സ്ഥിരീകരിച്ചത്. ആയിരക്കണക്കിനു പേരെ ഇനിയും കണ്ടെത്താനുണ്ട്.
International
കാരക്കാസ്: വെനസ്വേലയിൽ ഇന്നലെയുണ്ടായ ശക്തമായ തുടർചലനം ഏറെനേരം രക്ഷാപ്രവർത്തനത്തിനു തടസം സൃഷ്ടിച്ചു. ഇന്നലെ പ്രാദേശികസമയം രാവിലെ 7.01നു വെനസ്വേലയിലെ കരീബിയൻ തീരത്തായിരുന്നു ഭൂചലനമുണ്ടായത്.
റിക്ടർ സ്കെയിലിൽ 4.6 രേഖപ്പെടുത്തിയ ഭൂചലനമെന്നാണ് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചത്. എന്നാൽ, കൊളംബിയയുടെ ജിയോളജിക്കൽ സർവേ പറയുന്നത് റിക്ടർ സ്കെയിലിൽ 5.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായെന്നാണ്.
ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കാരക്കാസിൽ പരിഭ്രാന്തരായ ജനം തെരുവുകളിലേക്ക് ഓടി. ലാ ഗ്വായ സംസ്ഥാനത്തും ഭൂചലനത്തിന്റെ പ്രകന്പനമുണ്ടായി. വെനസ്വേലയിൽ ഇതുവരെ 1450 മരണമാണു സ്ഥിരീകരിച്ചത്.
അന്‍പതിനായിരത്തിലേറെ പേരെ കാണാതായി. ഇന്നലെയും രക്ഷാപ്രവർത്തനം ഊർജിതമായി നടന്നു. ഭൂകന്പമുണ്ടായ 106 മണിക്കൂറിനുശേഷം ഇരുപത്തിയൊന്നുകാരനെ ജീവനോടെ പുറത്തെടുത്തു. കഴിഞ്ഞ ബുധനാഴ്ചയാണ് ഇരട്ട ഭൂകന്പം വെനസ്വേലയെ തകർത്തത്.
International
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തെ തുടർന്ന് ഡൽഹി, ജമ്മു കശ്മീർ തുടങ്ങി നിരവധി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു.
ഇന്ത്യയുടെ ഔദ്യോഗിക ഭൂചലന നിരീക്ഷണ ഏജൻസിയായ നാഷണൽ സെന്റർ ഫോർ സീസ്മോളജി ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലാണെന്നും 6.2 തീവ്രത രേഖപ്പെടുത്തിയെന്നും അവർ അറിയിച്ചു.
അതേസമയം, വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ജുർമിൽനിന്ന് 43 കിലോമീറ്റർ തെക്കുമാറിയാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി ശക്തമായ ഭൂചലനം. ശനിയാഴ്ച രാവിലെയാണ് റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലുതവണ ഭൂചലനം അനുഭവപ്പെട്ടുവെന്ന് അധികൃതർ പറഞ്ഞു.
തലസ്ഥാനമായ ഇസ്ലാമാബാദ് ഉൾപ്പെടെയുള്ള പ്രമുഖ നഗരങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്ററിന്റെ റിപ്പോർട്ടുകൾ പ്രകാരം ഭൂമിക്കടിയിൽ 35 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഭൂചലനത്തെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തേക്ക് ഓടിമാറി. പ്രാഥമിക വിവരങ്ങൾ പ്രകാരം എവിടെയും ആളപായമോ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. എങ്കിലും അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
International
കൂടുതൽ രക്ഷാപ്രവർത്തകരും സഹായങ്ങളും എത്തുന്നു
കാരക്കസ്: ഭൂകമ്പം തകർത്ത വെനസ്വേലയെ ചേർത്തുപിടിച്ച് ഇന്ത്യയുൾപ്പെടെയുള്ള ലോകരാജ്യങ്ങൾ . അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ ഐക്യരാഷ്ട്രസഭയുടെ അംഗീകാരമുള്ള പ്രത്യേക രക്ഷാപ്രവർത്തകർ എത്തുമെന്ന് വെനസ്വേലൻ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു.
ദുരന്തബാധിത മേഖലകളിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റീസ് 25 ലക്ഷം ഡോളർ അനുവദിച്ചു. വത്തിക്കാന്റെ ആദ്യഘട്ട അടിയന്തര സഹായമായി ലെയോ പതിനാലാമൻ മാർപാപ്പ ഒരു ലക്ഷം യൂറോ കൈമാറിയതായി വത്തിക്കാൻ അറിയിച്ചു.
അമേരിക്ക, ബ്രസീൽ, കാനഡ, മെക്സിക്കോ, കൊളംബിയ, എൽ സാൽവദോർ, ക്യൂബസ്പെയിൻ, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ഇറ്റലി, ചെക്ക് റിപ്പബ്ലിക്, നെതർലാൻഡ്സ് തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പ്രത്യേക വിദഗ്ധ സംഘങ്ങളെയും പരിശീലനം ലഭിച്ച നായ്ക്കളെയും ദുരിതാശ്വാസ-ഭക്ഷ്യവസ്തുക്കളും വെനസ്വേലയിലേക്ക് അയച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി ആറു സൈനിക ചരക്കുവിമാനങ്ങൾ അയച്ചതായി ജർമനി അറിയിച്ചു.
അടിയന്തര സഹായങ്ങളും മെഡിക്കൽ സംഘത്തെയും അയക്കുമെന്ന് ചൈന അറിയിച്ചു. ഡോക്ടർമാർ ഉൾപ്പെടുന്ന 67 അംഗ വിദഗ്ധ രക്ഷാസേന വെനസ്വേലയിലേക്കു പുറപ്പെട്ടതായി തുർക്കി അറിയിച്ചു. യുദ്ധക്കെടുതി നേരിടുന്ന ഇറാനും രക്ഷാപ്രവർത്തകരെ അയയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കാരക്കസ്: വെനസ്വേലയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരിലും കാണാതായവരിലും നിരവധി വിദേശ പൗരന്മാരും. ബുധനാഴ്ചയുണ്ടായ ഭൂകമ്പത്തിനുശേഷം രാജ്യത്തുനിന്നും പുറത്തുവരുന്ന വിവരങ്ങളിൽ ഇപ്പോഴും പൂർണമായ വ്യക്തത വന്നിട്ടില്ലെങ്കിലും മരിച്ചവരോ കാണാതായവരോ ആയ തങ്ങളുടെ പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങൾ ചില രാജ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
ദുരന്തത്തിൽ തങ്ങളുടെ മൂന്നു പൗരന്മാർ മരിച്ചതായും 99 പേരെ കാണാതായതായും സ്പെയിൻ വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ് അറിയിച്ചു. ദുരന്തത്തിൽ ഒരു ബ്രസീലിയൻ പുരുഷനും സ്ത്രീയും മരിച്ചതായി ബ്രസീൽ വിദേശകാര്യ മന്ത്രാലയവും രണ്ട് ചൈനീസ് പൗരന്മാർ മരിച്ചതായി കാരക്കാസിലെ ചൈനീസ് എംബസിയും സ്ഥിരീകരിച്ചു.
ഒരു ഇറ്റാലിയൻ പൗരൻ മരിച്ചതായും വെനസ്വേലയിൽ വലിയൊരു ഇറ്റാലിയൻ സമൂഹം താമസിക്കുന്നതിനാൽ നിലവിലെ സാഹചര്യത്തിൽ എത്രപേരെ കാണാതായിട്ടുണ്ടെന്ന് കണക്കാക്കുക വളരെ ബുദ്ധിമുട്ടാണെന്നും ഇറ്റാലിയൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഒന്‍പത് പോർച്ചുഗീസ് പൗരന്മാർ മരിച്ചതായി രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
Editorial
വെനസ്വേലയിൽ തകരാൻ എന്തെങ്കിലും ബാക്കിയുണ്ടായിരുന്നെങ്കിൽ, അതൊരു ഭൂകന്പത്തിലൂടെ പൂർത്തിയായിരിക്കുന്നു. നൂറുകണക്കിനു പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിനു പേർക്കു പരിക്കേൽക്കുകയും ചെയ്തിരിക്കുന്നു. അറുനൂറോളം മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. മൂവായിരത്തോളം പേർക്കു പരിക്കേറ്റിട്ടുണ്ടെന്നും അരലക്ഷത്തോളം പേരെ കാണാതായിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. അതേസമയം, മരണസംഖ്യ 10,000 മുതൽ 1,00,000 വരെയാകാമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മരണസംഖ്യ 1,00,000 വരെയാകാൻ 30 ശതമാനം സാധ്യതയുണ്ടെന്ന ആശങ്കയാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ പ്രകടിപ്പിച്ചിരിക്കുന്നത്.
ബഹുനിലക്കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം വൈകുന്ന ഓരോ നിമിഷവും മരണസംഖ്യ വർധിപ്പിക്കും. തകർന്ന കെട്ടിടങ്ങളും പാലങ്ങളും റോഡുകളും മറഞ്ഞിരിക്കുന്ന മരണങ്ങളെ ഓർമിപ്പിക്കുന്നു. കെട്ടിടങ്ങൾക്കടിയിൽ ജീവനുവേണ്ടി പിടയുന്നവർ നിരവധിയുണ്ടാകാം. പരിക്കേറ്റവരുടെ വേദനയും ചികിത്സാ പരിമിതകളും മറ്റൊരു വെല്ലുവിളിയാണ്. അമേരിക്കയും ലാറ്റിനമേരിക്കൻ രാജ്യങ്ങളും ഇന്ത്യയുമൊക്കെ ഐക്യദാർഢ്യവും സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ലോകം വെനസ്വേലയിൽ കേന്ദ്രീകരിക്കട്ടെ. തങ്ങൾ തനിച്ചല്ലെന്നു ദുരന്തമുഖത്തെ മനുഷ്യർ അറിയട്ടെ.
ബുധനാഴ്ച പ്രാദേശികസമയം വൈകുന്നേരമാണ് തലസ്ഥാനമായ കാരക്കസില്‍നിന്ന് ഏകദേശം 290 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി ആദ്യം 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. പിന്നീട് 38 സെക്കന്‍ഡിനുശേഷം 7.5 തീവ്രത രേഖപ്പെടുത്തിയ ചലനവുമുണ്ടായി. അതിതീവ്രതയുള്ള രണ്ടു ഭൂചലനങ്ങളും ഇരുപതോളം തുടർചലനങ്ങളും ഉണ്ടായതോടെ തലസ്ഥാനനഗരമായ കാരക്കസിൽ ഉൾപ്പെടെ കൂറ്റൻ കെട്ടിടങ്ങളും വീടുകളും നിലംപൊത്തി. ഇനിയൊരിക്കലും ഉപയോഗിക്കാനാവാത്തവിധം ചിലതു വീഴാറായി നിൽക്കുന്നു. പുറത്തുവന്ന ദൃശ്യങ്ങൾ അവിടത്തെ മനുഷ്യരുടെ നിസഹായാവസ്ഥയും അനാഥത്വവും വെളിപ്പെടുത്തുന്നതാണ്. ആളുകൾ ശൂന്യമായ കൈകളോടെ പരക്കം പായുകയായിരുന്നു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി നിരന്തര സന്പർക്കത്തിലാണ്. ശാന്തത പാലിക്കാനും രാജ്യത്തുടനീളം വിന്യസിച്ചിരിക്കുന്ന ദുരിതാശ്വാസ-രക്ഷാ ഏജന്‍സികളെ പ്രതിസന്ധികൾ അറിയിക്കാനും ആഭ്യന്തരമന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ ജനങ്ങളോടു നിര്‍ദേശിച്ചു. എല്ലാം കേവലം നടപടിക്രമങ്ങളാണ്. ഭക്ഷണവും വെള്ളവും പാർപ്പിടവുമില്ലാതെ തെരുവുകളിലൂടെ അലയുന്ന മനുഷ്യരെ സംബന്ധിച്ച് സംയമനത്തിനും ജീവിതക്രമങ്ങൾക്കുമൊക്കെ എന്തർഥമാണുള്ളത്? സഹജീവികളുടെ സഹായഹസ്തങ്ങൾക്കു മാത്രമേ അവരുടെ ജീവിതത്തിന് എന്തെങ്കിലുമൊരു അർഥം സമ്മാനിക്കാനാകൂ.
പ്രസിഡന്റ് ഹൂഗോ ഷാവേസിനുശേഷം 2013ൽ അധികാരത്തിലെത്തിയ നിക്കോളാസ് മഡുറോയുടെ കാലത്ത് വെനസ്വേല സാന്പത്തികമായി തകർന്നു. പക്ഷേ, തെരഞ്ഞെടുപ്പ് ക്രമക്കേടിലൂടെയും അഴിമതിയിലൂടെയും അദ്ദേഹം അധികാരം നിലനിർത്തി. യുഎസിന്റെ കടുത്ത സാന്പത്തിക ഉപരോധങ്ങൾ സ്ഥിതി വഷളാക്കി. ലോകത്ത് എറ്റവും എണ്ണനിക്ഷേപമുള്ള രാജ്യം വയറുനിറച്ച് ഭക്ഷണം കഴിക്കാൻപോലുമാകാത്ത സ്ഥിതിയിലാണ്. കഴിഞ്ഞ ജനുവരി മൂന്നിന് അമേരിക്ക സൈനികനീക്കത്തിലൂടെ മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടി. അവർ അമേരിക്കയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. സാന്പത്തികമായി മുച്ചൂടും തകർന്ന രാജ്യത്തിന്റെ ബാക്കിയുള്ളതും തകർന്നതിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഇടക്കാല പ്രസിഡന്റായ ഡെൽസി റോഡ്രിഗസിന് എന്തു ചെയ്യാനാകുമെന്നത് കാത്തിരുന്നു കാണണം.
വെനസ്വേലയിലെ ദുരന്തബാധിതരെ സഹായിക്കാന്‍ അന്താരാഷ്ട്ര സമൂഹം പ്രവർത്തനമാരംഭിച്ചുകഴിഞ്ഞു. ഇന്ത്യ ഇന്നലെ 35 ടൺ ദുരിതാശ്വാസ സാമഗ്രികൾ അയച്ചു. സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ദുരന്തവാർത്ത വന്നയുടെനെ ഉറപ്പുനൽകിയിരുന്നു. തങ്ങളുടെ ആറ് എയര്‍ബസ് ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍ വെനസ്വേലയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പുറപ്പെടാന്‍ സജ്ജമാണെന്ന് ജര്‍മനിയും അറിയിച്ചിരുന്നു. രക്ഷാപ്രവർത്തകരെയും മെഡിക്കൽ സഹായങ്ങളും അമേരിക്ക എത്തിച്ചുതുടങ്ങി. എൽസാൽവഡോർ, ഡൊമിനിക്കൻ റിപ്പബ്ലിക് തുടങ്ങിയ ലാറ്റിനമേരിക്കൻ രാജ്യങ്ങൾ രക്ഷാസേനകൾക്കൊപ്പം ദുരിതാശ്വാസ സാമഗ്രികളും എത്തിച്ചുതുടങ്ങി. വെനസ്വേലയിലെ കാഴ്ചകൾ അത്യന്തം ഹൃദയഭേദകമാണെങ്കിലും ലോകമെങ്ങുംനിന്ന് അവിടേക്ക് ഒഴുകുന്ന സഹായങ്ങൾ ഹൃദയാവർജകമാണ്.
എല്ലാറ്റിലുമുപരി, വെനസ്വേല മനുഷ്യന്റെ നൈമിഷികമായ ജീവിതത്തെയും, യുദ്ധങ്ങളിലൂടെ അതിനെ ദുരന്തമാക്കുന്നതിന്റെ നിരർഥകതയെയും ഓർമിപ്പിക്കുന്നു. വീണുടഞ്ഞ ഒരു കെട്ടിടവും മതമോ രാഷ്ട്രീയമോ ചോദിക്കുന്നില്ല. അവശിഷ്ടങ്ങൾക്കടിയിൽ ഒരേ മാംസം, ഒരേ രക്തം...!
International
കാരക്കസ്: വെനസ്വേലയിലെ ഇരട്ട ഭൂകമ്പത്തിൽ 235 മൃതദേഹങ്ങൾ കണ്ടെത്തി. പതിനായിരത്തിലേറെ പേരെ കാണാനില്ല. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ 200 ലധികം പേർ കുടുങ്ങിക്കിടക്കുന്നു എന്നാണ് അധികൃതരുടെ നിഗമനം. 1,500 ലധികം പേർ പരിക്കുകളോടെ ആശുപത്രിയിലാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ബുധനാഴ്ച വൈകുന്നേരമാണ് മിനിറ്റുകളുടെ ഇടവേളയിൽ 7.2 ഉം 7.5 ഉം രേഖപ്പെടുത്തിയ ഇരട്ട ഭൂചലനം വൻ നാശം വിതച്ചത്. ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനമാണ് വെനസ്വേല നേരിട്ടത്. 200 ലേറെ ബഹുനില കെട്ടിടങ്ങൾ നിലംപതിച്ചുവെന്നാണ് ഇതുവരെയുള്ള കണക്കുകൾ. രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ സിമോൺ ബൊളിവർ എയർപോർട്ടിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് വിമാന സർവീസുകൾ പൂർണമായി നിർത്തിവച്ചു.
മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിനു പകരം കെട്ടിടങ്ങൾക്കുള്ളിൽ ജീവനോടെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. ഭൂചലനത്തെ തുടർന്ന് വെനസ്വേലൻ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
തകർന്ന ആശുപത്രികൾക്കും വീടുകൾക്കും വേണ്ടി സർക്കാർ 200 മില്യൺ ഡോളറിന്റെ പുനർനിർമാണ ഫണ്ട് സൃഷ്ടിക്കുന്നുണ്ടെന്ന് റോഡ്രിഗസ് അറിയിച്ചു. മെക്സിക്കോ, ഖത്തർ, ബ്രസീൽ, സ്പെയിൽ, പോർച്ചുഗൽ, കാനഡ തുടങ്ങിയ വിദേശ രാജ്യങ്ങൾ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ലെയോ പതിനാലാമൻ മാർപാപ്പ ആദ്യ സഹായമെന്ന നിലയിൽ ഒരുലക്ഷം യൂറോ കൈമാറി. നിരവധി കപ്പലുകൾ അടിയന്തര സഹായ സാമഗ്രികളുമായി വെനസ്വേലയിലേക്ക് പുറപ്പെട്ടു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെനസ്വേലയ്ക്കെതിരെ തുടരുന്ന ഉപരോധം ഒക്ടോബർ 23 വരെ യുഎസ് നീക്കി. കൂടാതെ, 150 മില്യൺ ഡോളറിന്റെ സഹായവും അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ട്.
International
കാരക്കാസ്: വെനസ്വേലയിൽ അടുത്തടുത്തായി ഉണ്ടായ രണ്ട് ശക്തമായ ഭൂചലനങ്ങളിൽ മരണം 164 ആയി. റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ ഇതുവരെ 164 പേർ മരണപ്പെടുകയും 971-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ്. വെനസ്വേലയുടെ ചരിത്രത്തിൽ ഒരു നൂറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനങ്ങളിലൊന്നാണിത്.
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് രാജ്യത്തെ നടുക്കിയ ഭൂചലനങ്ങൾ ഉണ്ടായത്. തലസ്ഥാനമായ കാരക്കാസിന് വടക്കുള്ള തീരദേശ സംസ്ഥാനമായ ല ഗ്വൈറയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായിട്ടുള്ളത്. ഈ പ്രദേശത്തെ 'ദുരന്ത ബാധിത മേഖല'യായി പ്രഖ്യാപിച്ചിട്ടുണ്ട്.
International
കാരക്കസ്: വെനസ്വേലയിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ 32 പേർ കൊല്ലപ്പെടുകയും 700-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സ്ഥിരീകരിച്ചു. റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു.
കാരക്കാസിലെ ചക്കാവോയിൽ മാത്രം നാലു കെട്ടിടങ്ങൾ പൂർണമായും തകർന്നു. ലാ ഗുവായറ നഗരത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. മിറാൻഡ, അരാഗ്വ, കാരബോബോ, ഫാൽക്കൺ തുടങ്ങിയ സംസ്ഥാനങ്ങളിലും ഭൂചലനം കനത്ത നാശം വിതച്ചു. നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രാജ്യത്തെ ഗ്യാസ് വിതരണം താൽക്കാലികമായി നിർത്തിവച്ചതായി ആഭ്യന്തര മന്ത്രി ഡിയോസ്ദാഡോ കബെല്ലോ അറിയിച്ചു.
അമേരിക്ക, ബ്രസീൽ, ബൊളീവിയ, അർജന്റീന, ഉറുഗ്വേ, പനാമ തുടങ്ങിയ രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രക്ഷാപ്രവർത്തനങ്ങൾക്കായി അടിയന്തര സഹായം പ്രഖ്യാപിച്ചു. തിരച്ചിലിനും രക്ഷാപ്രവർത്തനത്തിമായി പ്രത്യേക സംഘങ്ങളെയും മെഡിക്കൽ സാമഗ്രികളും അയക്കാൻ യുഎസ് തയാറെടുക്കുന്നതായി വിദേശകാര്യ വകുപ്പ് അറിയിച്ചു.
International
ബെയ്ജിംഗ്: വടക്കുപടിഞ്ഞാറൻ ചൈനയിലെ ക്വിൻഹായി പ്രവിശ്യയിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പം അനുഭവപ്പെട്ടു. ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു.
ഇന്തോനേഷ്യയിലെ സെൻട്രൽ സുലവേസി പ്രവിശ്യയുടെ തലസ്ഥാനമായ പാലുവിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പവും തുടർചലനങ്ങളും അനുഭവപ്പെട്ടു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
International
ഹവാന: ക്യൂബൻ തീരത്ത് വൻ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. ക്യൂബയിലെ മാന്റുവ നഗരത്തിൽ നിന്നും ഏകദേശം 65 മൈൽ വടക്കുപടിഞ്ഞാറായി കടലിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഭൂനിരപ്പിൽ നിന്നും ഏകദേശം 10 കിലോമീറ്റർ മാത്രം താഴ്ചയിലാണ് ഇത് സംഭവിച്ചത്. ഭൂകമ്പത്തെ തുടർന്ന് ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെ കെട്ടിടങ്ങൾ കുലുങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ആളപായമോ വലിയ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റിൽ വിവിധ ഭാഗങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു.
മിയാമി, ഒർലാൻഡോ, ടാമ്പ, ജാക്സൺവിൽ തുടങ്ങിയ പ്രമുഖ നഗരങ്ങളിലെല്ലാം നേരിയ കുലുക്കം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു.
International
മനില: ഫിലിപ്പീൻസിലെ മിൻഡാനാവോ തീരത്ത് ശക്തമായ ഭൂചലനം. നിലവിൽ മരണങ്ങളോ കനത്ത നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനത്തെ തുടർന്ന് ഫിലിപ്പീൻസിലും ഇൻഡൊനേഷ്യയിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എന്നാൽ ഭൂചലനത്തിന്റെ തീവ്രത സംബന്ധിച്ച് കൃത്യമായ കണക്കുകൾ ലഭ്യമല്ല. വിവിധ ഏജൻസികൾ വ്യത്യസ്ത തീവ്രതയാണ് പുറത്തുവിട്ടിരിക്കുന്നത്. മേഖലയിൽ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ ജാഗ്രത തുടരണമെന്നും നിർദേശമുണ്ട്.
National
ഷിംല: ഹിമാചൽ പ്രദേശിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. ധർമ്മശാലയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ മാറി കാംഗ്ര-ചമ്പ അതിർത്തിയിലെ ധർ ഗോദോയ് എന്ന സ്ഥലത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അടയാളപ്പെടുത്തിയത്. ഭൂമിക്കടിയിൽ വെറും അഞ്ച് കിലോമീറ്റർ മാത്രം ആഴത്തിലാണ് ഈ ഭൂചലനം രൂപപ്പെട്ടത്. ആഴം കുറവായതിനാൽ തന്നെ പ്രകമ്പനം ശക്തമായി അനുഭവപ്പെട്ടു.
ചമ്പ, കാംഗ്ര, ധർമ്മശാല, ഷിംല എന്നിവിടങ്ങളിൽ റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കൂടാതെ സമീപ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവടങ്ങളിലെ ചില ഭാഗങ്ങളിലും നേരിയ പ്രകമ്പനമുണ്ടായി. ആളപായമോ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ചുവരികയാണ്.
International
ബെയ്ജിംഗ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗുവാംഗ്ഷിയിലുണ്ടായ ഭൂകന്പത്തിൽ രണ്ടു പേർ മരിച്ചു.
പരിക്കേറ്റ നാലു പേരെ ആശുപത്രിയിലാക്കിയെങ്കിലും ആരുടെയും നില ഗുരുതരമല്ല. ഇന്നലെ പുലർച്ചെയുണ്ടായ ഭൂകന്പം റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി.
13 കെട്ടിടങ്ങൾ നിലംപൊത്തി. ലിയുഷൗ നഗരത്തിലെ 7,000 പേരെ ഒഴിപ്പിച്ചുമാറ്റി.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച ഉച്ചക്ക് 1.27 നാണ് റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
അഹമദി ഏരിയയിൽ 55 കിലോ മീറ്റർ ആഴത്തിൽ ഭൂചലനം ഉണ്ടായത്. അയൽ രാജ്യമായ സൗദിയിലും ചലനമുണ്ടായതായി റിപ്പോർട്ടുണ്ട്. നാശ നഷ്ടങ്ങളൊന്നും ഇതു വരെ റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല.
International
ടോക്കിയോ: വടക്കൻ ജപ്പാനിലെ ഇവാത്തെ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇതിനെത്തുടർന്ന് അധികൃതർ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
ജപ്പാൻ സമയം ഇന്ന് വൈകുന്നേരം 4:53-ഓടെയാണ് ഭൂചലനം ഉണ്ടായത്. ഇവാത്തെ പ്രവിശ്യക്ക് സമീപം പസഫിക് സമുദ്രത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രകമ്പനം നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള ടോക്കിയോ നഗരത്തിലും അനുഭവപ്പെട്ടു.
തീരപ്രദേശങ്ങളിൽ 3 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. അയോമോറി പ്രവിശ്യയുടെ തീരങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ നിന്നും നദീതീരങ്ങളിൽ നിന്നും ജനങ്ങളോട് ഉടൻ തന്നെ ഉയർന്ന പ്രദേശങ്ങളിലേക്കോ സുരക്ഷിത കേന്ദ്രങ്ങളിലേക്കോ മാറിതാമസിക്കാൻ നിർദേശിച്ചു.
തിരമാലകൾ ആവർത്തിച്ച് വരാൻ സാധ്യതയുള്ളതിനാൽ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ അധികൃതർ ആവശ്യപ്പെട്ടു.സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി പ്രധാനമന്ത്രിയുടെ ഓഫീസ് പ്രത്യേക ക്രൈസിസ് മാനേജ്മെന്റ് ടീമിനെ സജ്ജമാക്കി.
ലോകത്ത് ഭൂചലനങ്ങൾക്ക് ഏറെ സാധ്യതയുള്ള മേഖലകളിലൊന്നാണ് ജപ്പാൻ. 2011-ൽ ഇതേ മേഖലയിലുണ്ടായ 9.0 തീവ്രതയിലുള്ള ഭൂചലനവും തുടർന്നുണ്ടായ സുനാമിയും വലിയ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. നിലവിലെ സാഹചര്യം അധികൃതർ അതീവ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്.
International
കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ എട്ടുപേർ മരിച്ചു. കാബൂളിൽ ഒരു വീട് തകർന്ന് എട്ട് പേർ മരിക്കുകയും ഒരു കുട്ടിക്ക് പരിക്കേൽക്കുകയും ചെയ്തതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയിൽ വെള്ളിയാഴ്ച 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) അറിയിച്ചു. 177 കിലോമീറ്റർ (110 മൈൽ) ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.
ഭൂചലനത്തിന്റെ പ്രകമ്പനം പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലും അഫ്ഗാനിസ്ഥാനിലെ കാബൂളിലും ന്യൂഡൽഹിയിലും അനുഭവപ്പെട്ടു. പർവതങ്ങളാൽ ചുറ്റപ്പെട്ട അഫ്ഗാനിസ്ഥാനിൽ ഭൂചലനം പതിവാണ്. രാജ്യത്ത് പ്രതിവർഷം ശരാശരി 560 പേർ ഭൂചലനത്തെ തുടർന്ന് മരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
നവംബറിൽ അഫ്ഗാനിസ്ഥാനിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കുറഞ്ഞത് 27 പേർ മരിക്കുകയും നൂറുകണക്കിന് വീടുകൾ നശിക്കുകയും ചെയ്തിരുന്നു.
International
ടെഹ്റാൻ: ഇറാനിലെ ഫാർസ് പ്രവിശ്യയിൽ ഭൂചലനം. 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. 10 കിലോമീറ്റർ താഴ്ചയിലുണ്ടായ അപകടത്തിൽ ആളപായമില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി. മേഖലയിൽ രൂക്ഷമായ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് ഭൂചലനം ഉണ്ടായത്.
അതേസമയം, യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 600 കവിഞ്ഞതായി റെഡ് ക്രസന്റ് റിപ്പോർട്ട്.
മരണം എഴുന്നൂറു കടന്നെന്ന് അനൗദ്യോഗിക റിപ്പോർട്ടുണ്ട്. ഇറാനിൽ മാത്രം 555ലേറെ പേർ കൊല്ലപ്പെട്ടതായാണ് റെഡ് ക്രസന്റിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
International
ക്വാലാലമ്പൂർ: മലേഷ്യൻ തീരത്ത് വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. ബോർണിയോ ദ്വീപിലെ സബാ സംസ്ഥാനത്തിന് സമീപമാണ് ഭൂകമ്പമുണ്ടായതെന്ന് യുഎസ് ശാസ്ത്രജ്ഞർ പറഞ്ഞു.
സംസ്ഥാന തലസ്ഥാനമായ കോട്ട കിനബലുവിന് 100 കിലോമീറ്റർ അകലെ വടക്കുകിഴക്കായി 619.8 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
പ്രാദേശിക സമയം പുലർച്ചെ 12.57നാണ് ഭൂകമ്പമുണ്ടായത്. ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
International
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി. വ്യാഴാഴ്ച രാത്രി 11:39ന് ആണ് സംഭവം. ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കി.
ഇടയ്ക്കിടെയുണ്ടാകുന്ന ഭൂകമ്പങ്ങൾ അഫ്ഗാനിസ്ഥാനിൽ പതിവാണ്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
National
അഹമ്മദാബാദ്: ഗുജറാത്തിലെ കച്ചിൽ റിക്ടർ സ്കെയിലിൽ 4.1 രേഖപ്പെടുത്തിയ ഭൂചലനം. ഇന്നലെ പുലർച്ചെ 1.22ന് അനുഭവപ്പെട്ട ഭൂചലനത്തിൽ ആളപായവും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല.
കച്ചിലെ ഖാവ്ഡയിൽനിന്ന് ഏകദേശം 55 കിലോമീറ്റർ വടക്കുകിഴക്കായാണ് പ്രഭവകേന്ദ്രമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കൽ റിസർച്ച് അറിയിച്ചു.
National
ഗോഹട്ടി: ആസാമില്‍ ശക്തമായ ഭൂചലനം. ഇന്ന് പുലര്‍ച്ചെ 4:17നാണ് റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആസാം ഉള്‍പ്പെടെയുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അനുഭവപ്പെട്ടത്. ഭൂമിക്കടിയില്‍ 50 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം കണ്ടെത്തിയത്. മൊറിഗാവ് ജില്ലയിലായിരുന്നു പ്രഭവകേന്ദ്രം.
ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ നാട്ടുകാര്‍ അതിശൈത്യത്തിലും വീടുവിട്ട് വെളിയില്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ അഭയം തേടി. വടക്കു കിഴക്കന്‍ മേഖലയില്‍ ഇതിന് മുന്‍പും നിരവധി ഭൂചലനങ്ങള്‍ക്ക് കാരണമായ കോപിലി ഫോള്‍ട്ട് ലൈന്‍ മേഖലയിലാണ് ഇത്തവണയും ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഭൂചലനങ്ങള്‍ക്ക് സാധ്യത കൂടിയ അഞ്ചാമത് സീസ്മിക് സോണിലാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്നത്. ഹിമാലയന്‍ മലനിരകളോട് ചേര്‍ന്നു കിടക്കുന്ന വടക്കു കിഴക്കന്‍ ഇന്ത്യയിലെ കോപ്ലി ഫോള്‍ട്ട് ലൈന്‍ ഇന്ത്യന്‍ ഫലകവും യുറേഷ്യന്‍ ഫലകവും തമ്മില്‍ സമ്പര്‍ക്കത്തില്‍ വരുന്ന പ്രദേശമാണ്. ഇന്ത്യയിലെ ഏറ്റവും സജീവമായ ഭൂചലന മേഖലകളില്‍ ഒന്ന് കൂടിയാണ് ഇവിടം.
International
ടോക്കിയോ: ജപ്പാനിലെ നോഡയിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നോഡയിൽ നിന്ന് ഏകദേശം 91 കിലോമീറ്റർ കിഴക്ക് മാറിയിട്ടാണ് ഭൂകമ്പം ഉണ്ടായതെന്നും ഭൂകമ്പത്തിന്റെ ആഴം 19.3 കിലോമീറ്ററാണെന്നും യുഎസ്ജിഎസ് (യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ) അറിയിച്ചു.
വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഡിസംബർ 31ന് ടിബറ്റിലും ഭൂകമ്പമുണ്ടായി. 3.4 ആണ് തീവ്രത രേഖപ്പെടുത്തിയതെന്ന് നാഷനൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.
ഇന്ത്യൻ സമയം വൈകുന്നേരം 3.26ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. പുതുവർഷത്തലേന്ന് അപ്രതീക്ഷിതമായുണ്ടായ ഭൂകമ്പത്തിൽ ജനം പരിഭ്രാന്തരായി.
International
തായ്പെ: തായ്വാന്റെ വടക്കുകിഴക്കൻ തീരത്ത് വൻ ഭൂചലനം അനുഭവപ്പെട്ടു. യിലാൻ നഗരത്തിൽ നിന്ന് ഏകദേശം 32 കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രമെന്നും 7.0 തീവ്രത രേഖപ്പെടുത്തിയെന്നും അധികൃതർ പറഞ്ഞു.
കെട്ടിടങ്ങളിൽ ഉണ്ടായിരുന്നവർ ഭയന്ന് പുറത്തേക്ക് ഓടി. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടുണ്ടോയെന്ന് വിലയിരുത്തൽ നടത്തുകയാണെന്നും ദേശീയ അഗ്നിശമന ഏജൻസി അറിയിച്ചു.
2016ൽ തെക്കൻ തായ്വാനിലുണ്ടായ ഭൂചലനത്തിൽ 100 ലധികം പേർ മരിച്ചിരുന്നു. രണ്ട് ടെക്റ്റോണിക് പ്ലേറ്റുകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന തായ്വാൻ ഭൂകമ്പ സാധ്യതയുള്ള സ്ഥലമാണ്.
National
അഹമ്മദാബാദ്: ഗുജറാത്തിലെ കച്ചിൽ ഭൂചലനം. ഇന്നലെ പുലർച്ചെ 4.30 ഓടെയാണു റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഇതോടെ ആളുകൾ പരിഭ്രാന്തിയിലായി.
കച്ച് ജില്ലയിലെ റാപാറിന് 22 കിലോമീറ്റർ അകലെയാണു പ്രഭവകേന്ദ്രം. ഇതിനുശേഷം ഉച്ചയ്ക്കു 12 വരെ പതിനേഴ് ചെറിയ പ്രകന്പനങ്ങൾ അനുഭവപ്പെട്ടു.
2001 ലുണ്ടായ ഭൂകന്പത്തിൽ 13,800 പേരാണ് കച്ചിൽ മരിച്ചത്. 1.67 ലക്ഷം പേർക്കു പരിക്കേറ്റു. കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടെ രാജ്യം അഭിമുഖീകരിച്ച മൂന്നാമത്തെ വലിയ ഭൂകന്പമായിരുന്നു ഇത്.
Kerala
മലപ്പുറം: മലപ്പുറത്ത് വിവിധയിടങ്ങളിൽ ചൊവ്വാഴ്ച ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കോട്ടയ്ക്കൽ മേഖലയിലും വേങ്ങര, ചെമ്മാട് സികെ നഗർ, ചെറുമുക്ക് ഭാഗങ്ങളിലുമാണ് രാത്രി 11.20 ഓടെ വലിയ ശബ്ദവും സെക്കൻഡുകൾ നീണ്ടുനിൽക്കുന്ന കുലുക്കവും അനുഭവപ്പെട്ടത്.
കോട്ടയ്ക്കൽ നഗരസഭയിലും ആമപ്പാറ, കൈപ്പള്ളിക്കുണ്ട്, കോട്ടപ്പടി, പാലത്തറ, ചെനയ്ക്കൽ, സ്വാഗതമാട്, ചീനംപുത്തൂർ, അമ്പലവട്ടം, കൊഴൂർ, ചെറുശോല, കൂരിയാട്, മറ്റത്തൂർ, കൊളത്തുപ്പറമ്പ്, ചോലക്കുണ്ട്, പുത്തൂർ, തുടങ്ങിയ ഭാഗങ്ങളിലുമാണ് വീടുകളും മറ്റും ശക്തമായി കുലുങ്ങിയത്.
വീടുകൾക്കു വിള്ളൽ വീണതായും ഭൂമിക്കടിയിൽ നിന്നു ശബ്ദം കേട്ടതായും പ്രദേശവാസികൾ പറഞ്ഞു.
International
ടോക്കിയോ: ജപ്പാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തി. ജപ്പാന്റെ വടക്കുകിഴക്കൻ പ്രദേശത്താണ് ഭൂചലനം അനുഭവപ്പെട്ടത്.
ഭൂചലനത്തിനു പിന്നാലെ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹൊക്കെയ്ഡോ, ഇവാതെ, അമോറി എന്നിവിടങ്ങളിലാണ് സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മൂന്ന് മീറ്റർവരെ ഉയരത്തിൽ സുനാമി ഉണ്ടാകാമെന്നാണ് റിപ്പോർട്ട്.
International
ധാക്ക: ബംഗ്ലാദേശിൽ ഇന്നലെയുണ്ടായ ഭൂകന്പത്തിൽ ഒരു കുട്ടി അടക്കം അഞ്ചു പേർ മരിക്കുകയും നൂറിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാനമായ ധാക്കയ്ക്ക് 50 കിലോമീറ്റർ വടക്കുപടിഞ്ഞാറ് നർസിംഗ്ഡി എന്ന സ്ഥലത്തുണ്ടായ ഭൂകന്പം റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തി.
ധാക്ക അടക്കം പല സ്ഥലങ്ങളിലും കെട്ടിടങ്ങൾക്കു കേടുപാടുണ്ടായി. ഇന്ത്യൻ അതിർത്തിയോടു ചേർന്ന പ്രദേശങ്ങളിൽ കുലുക്കമുണ്ടായെങ്കിലും നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല.
ധാക്ക യൂണിവേഴ്സിറ്റി വിദ്യാർഥികൾ, ഗാസിപുർ നഗരത്തിലെ ഫാക്ടറി തൊഴിലാളികൾ, നർസിംഗ്ഡി നിവാസികൾ എന്നിവർക്കാണു പരിക്കേറ്റതെന്ന് ബംഗ്ലാദേശിലെ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസ് അറിയിച്ചു.
ആറുനില കെട്ടിടത്തിന്റെ കൈവരി തകർന്നാണ് മൂന്നു പേർ മരിച്ചതെന്നു പോലീസ് പറഞ്ഞു. ജനനിബിഡമായ ധാക്കയിൽ അനുഭവപ്പെട്ട കുലുക്കം നഗരവാസികളെ പരിഭ്രാന്തരാക്കി. കെട്ടിടങ്ങളിലുണ്ടായിരുന്നവർ തെരുവുകളിലേക്കോടി.
International
ടോക്യോ: ജപ്പാനിലെ വടക്കൻ തീരമേഖലയായ ഇവാതെയിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ചലനമാണുണ്ടായതെന്നും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ പറഞ്ഞു.
പ്രാദേശിക സമയം വൈകുന്നേരം അഞ്ചിനാണ് ഭൂചലനം അനുഭവപ്പെട്ടത്. സമുദ്രത്തിനടിയിൽ പത്തു കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് ജാപ്പനീസ് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേത്തുടർന്ന് മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
ഒരു മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തീരപ്രദേശത്തുള്ള ജനങ്ങൾ ഉടൻ തന്നെ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന് അധികൃതർ നിർദേശം നൽകി.
International
കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിലെ മാസാർ ഇ ഷെരീഫ് നഗരത്തിനടുത്തുണ്ടായ ശക്തമായ ഭൂകന്പത്തിൽ 20 പേർ മരിക്കുകയും 500 പേർക്കു പരിക്കേൽക്കുകയും ചെയ്തു. വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. ചരിത്രപ്രസിദ്ധമായ ബ്ലൂ മോസ്ക് ഭാഗികമായി തകർന്നു.
ഞായറാഴ്ച അർധരാത്രിയുണ്ടായ ഭൂകന്പം റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി. 15 സെക്കൻഡ് നേരം കുലുക്കം അനുഭവപ്പെട്ടുവെന്നാണു ദൃക്സാക്ഷികൾ പറഞ്ഞത്. ഗ്രാമപ്രദേശങ്ങളിൽ വൻതോതിൽ കെട്ടിടങ്ങൾ നശിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്പോൾ മരണസംഖ്യ ഉയരുമെന്നാണു കരുതുന്നത്.
ദുരന്തനിവാരണത്തിനു പട്ടാളത്തെ വിന്യസിച്ചതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎൻ ഉദ്യോഗസ്ഥരും സഹായം നല്‍കാനായി സ്ഥലത്ത് എത്തി.
ഭൂകന്പത്തെത്തുടർന്ന് കാബൂൾ അടക്കം അഫ്ഗാനിസ്ഥാന്റെ പല ഭാഗങ്ങളിലും വൈദ്യുതിവിതരണം തടസപ്പെട്ടു.
അഫ്ഗാനിസ്ഥാനിലെ തീർഥാടന കേന്ദ്രമായ ബ്ലൂ മോസ്കിലെ പ്രധാന കെട്ടിടത്തിനു നാശം ഉണ്ടായിട്ടില്ലെന്നാണു റിപ്പോർട്ട്. പ്രവാചകൻ മുഹമ്മദിന്റെ അർധസഹോദരനും ഷിയാ മുസ്ലിംകളുടെ ആദ്യ ഇമാമുമായ അലിയെ ഇവിടെയാണ് അടക്കം ചെയ്തിരിക്കുന്നതെന്ന് ഒരു വിഭാഗം വിശ്വസിക്കുന്നു. ഇപ്പോഴത്തെ മോസ്ക് 15-ാം നൂറ്റാണ്ടിൽ നിർമിച്ചതാണ്.
Kerala
കോഴിക്കോട്: ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് നേരിയ ഭൂചലനം അനുഭവപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം 4.45ഓടെയാണ് ഭൂമിക്കടിയിൽ നിന്നും ശബ്ദവും നേരിയ ചലനവും ഉണ്ടായതെന്നാണ് നാട്ടുകാർ പറഞ്ഞു.
മുതുകാട് രണ്ടാം ബ്ലോക്ക് മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. സെക്കന്റുകൾ മാത്രമാണ് ചലനം ഉണ്ടായതെന്നും നാട്ടുകാർ പറഞ്ഞു. റവന്യൂ - പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
International
അങ്കാറ: പടിഞ്ഞാറൻ തുർക്കിയിൽ ഭൂകന്പത്തിൽ മൂന്നു കെട്ടിടങ്ങൾ തകർന്നു. റിക്ടർ സ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം ബാലികേസിർ പ്രവിശ്യയിലെ സിന്ദിർഗി പട്ടണമാണ്.
ആളപായമില്ല. മുന്‍പുണ്ടായ ഭൂകന്പത്തിൽ നാശമുണ്ടായ മൂന്നു കെട്ടിടങ്ങളും ഒരു രണ്ടുനില വ്യാപാരശാലയുമാണ് തകർന്നത്.
പരിഭ്രാന്തരായ ആളുകൾ പരക്കംപാഞ്ഞതിനെത്തുടർന്ന് 22 പേർക്കു പരിക്കേറ്റു. ഇക്കഴിഞ്ഞ ഓഗസ്റ്റിലും സിന്ദിർഗിയിൽ ഭൂകന്പമുണ്ടായിരുന്നു.
International
മനില: ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപെട്ടത്. മിന്‍ഡനാവോ മേഖലയിലെ മനായിൽനിന്ന് 20 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം.
പ്രാദേശിക സമയം രാവിലെ 9.43-നായിരുന്നു ഭൂചലനമുണ്ടായത്. ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ അധികൃതര്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
അടുത്ത രണ്ടു മണിക്കൂറിനിടെ പ്രഭവകേന്ദ്രത്തിന് 300 കിലോമീറ്റര്‍ ചുറ്റളവില്‍ ജീവന് ഭീഷണിയായേക്കാവുന്ന ഉയരത്തിലുള്ള തിരമാലകള്‍ അടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. തീരപ്രദേശത്തുനിന്ന് മാറാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
International
കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനത്തിൽ അഞ്ഞൂറിലേറെ പേർ മരിച്ചതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാന്റെ കിഴക്കൻ പ്രവിശ്യകളായ കുനാറിലും നൻഗർഹാറിലുമാണ് തിങ്കളാഴ്ച അർധരാത്രിയോടെ റിക്ടർ സ്കെയിലിൽ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂകന്പം അനുഭവപ്പെട്ടത്.
ഭൂകന്പത്തിൽ അഞ്ഞൂറിലധികം പേർ മരിച്ചതായും ആയിരത്തിലധികം പേർക്ക് പരിക്കേറ്റതായും പ്രദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി കെട്ടിടങ്ങൾ ഭൂചലനത്തിൽ തകർന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തനം തുടരുകയാണ്.
ഭൂകന്പത്തിൽ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം കൂടുതലാണ് ആരോഗ്യമന്ത്രാലയ വക്താവ് ഷറഫത്ത് സമാൻ പറഞ്ഞു. പ്രദേശത്തേക്ക് എത്തിച്ചേരാൻ പ്രയാസമുണ്ടെന്നും രക്ഷാപ്രവർത്തകർ ഇപ്പോഴും സ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരിക്കേറ്റ നൂറുകണക്കിന് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രവിശ്യാ ഇൻഫർമേഷൻ മേധാവി നജീബുള്ള ഹനീഫ് പറഞ്ഞു. നംഗർഹാർ, കുനാർ പ്രവിശ്യകളിലെ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
2023 ഒക്ടോബറിൽ പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകന്പത്തിൽ ഏകദേശം 2,400 പേർക്കാണ് ജീവൻ നഷ്ടമായത്.
International
അങ്കാറ: തുർക്കിയിൽ ശക്തമായ ഭൂചലനം. പടിഞ്ഞാറൻ തുർക്കിയിലെ സിന്ദിർഗിയിൽ ഞായറാഴ്ച രാത്രിയുണ്ടായ ഭൂചലനത്തിൽ 6.1 തീവ്രത രേഖപ്പെടുത്തിയതായി തുർക്കി ദുരന്ത നിവാരണ ഏജൻസി അറിയിച്ചു.
ഇസ്താംബൂളും വിനോദസഞ്ചാര കേന്ദ്രമായ ഇസ്മിറും ഉൾപ്പെടെ രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള നിരവധി നഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. അതേസമയം, ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഭൂചലനത്തിനു പിന്നാലെ 4.6 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ഉണ്ടായതായും റിപ്പോർട്ടുണ്ട്. ദുരന്ത നിവാരണ ഉദ്യോഗസ്ഥരും പോലീസും ഉടൻ തന്നെ സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
NRI
വാഷിംഗ്ടൺ: അമേരിക്കയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ന്യൂജഴ്സി നഗരത്തിലാകെയും ന്യൂയോർക് നഗരത്തിലും അനുഭവപ്പെട്ടു. എന്നാൽ നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകളില്ല.
ന്യൂജഴ്സിയിലെ ഹിൽസ്ഡേലിന് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അമേരിക്കയിലെ ജിയോളജിക്കൽ സർവേ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് അഞ്ചിന് ഉച്ചയോടെയാണ് ഭൂചലനമുണ്ടായത്.
തീവ്രത കുറഞ്ഞ ഭൂചലനമായതിനാൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും പ്രകമ്പനം അനുഭവപ്പെട്ട ഇടങ്ങളിൽ പരിശോധനകൾ നടക്കുന്നുണ്ട്. കഴിഞ്ഞാഴ്ചയും ജൂലൈ 22നും ന്യൂജഴ്സി നഗരത്തിന് അടുത്തുള്ള ഹസ്ബ്രൂക് ഹൈറ്റ്സിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
National
പോർട്ട് ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം. ഇന്നു പുലർച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയതായി ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് അറിയിച്ചു.
10 കിലോമീറ്റർ (6.21 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയും ഇതു സ്ഥിരീകരിച്ചു. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല.
ആൻഡമാൻ കടലും ചുറ്റുമുള്ള ദ്വീപുകളും സജീവമായ ഭൂകമ്പ മേഖലയിലാണു സ്ഥിതി ചെയ്യുന്നത്. ഡൽഹി-എൻസിആറിൽ തുടർച്ചയായി രണ്ടു ദിവസം ഭൂചലനം അനുഭവപ്പെട്ട് ഏകദേശം രണ്ടാഴ്ച കഴിഞ്ഞാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂകമ്പം ഉണ്ടായത്.
NRI
വാഷിംഗ്ടൺ ഡിസി: യുഎസ് അലാസ്ക തീരത്ത് ശക്തമായ ഭൂകന്പം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യൻ സമയം പുലർച്ചെ രണ്ടോടെയാണു സംഭവിച്ചത്. ഭൂകന്പത്തെത്തുടർന്ന് അലാസ്കയുടെ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി.
അലാസ്ക തീരത്ത് 700 മൈൽ ചുറ്റളവിലാണ് സുനാമി മുന്നറിയിപ്പ്. പ്രദേശവാസികളോട് ജാഗ്രത പാലിക്കാനും സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും അധികൃതർ നിർദേശിച്ചു. അലാസ്ക ഉപദ്വീപിന്റെ ഭാഗമായ പോപ്പോഫ് ദ്വീപിലെ സാൻഡ് പോയിന്റിനു സമീപമാണ് പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) റിപ്പോർട്ട് ചെയ്തു.
ശക്തമായ ഭൂകമ്പം ഉണ്ടായതിനാൽ പത്തു കിലോമീറ്റർ ചുറ്റളവിൽ നാശം ഉണ്ടാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. എന്നാൽ, ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മേഖലയിൽ കനത്തജാഗ്രത തുടരുകയാണ്. ഏതു സാഹചര്യവും നേരിടാൻ രക്ഷാസേന സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.
ഭൂചലനത്തിൽ വാഹനങ്ങളും വീട്ടുപകരണങ്ങളും കുലുങ്ങുന്നതിന്റെയും പരിഭ്രാന്തരായ ആളുകൾ താമസസ്ഥലത്തുനിന്ന് പുറത്തേക്കോടുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പസഫിക്, വടക്കേ അമേരിക്ക പ്ലേറ്റുകൾക്കിടയിലുള്ള സബ്ഡക്ഷൻ സോൺ ഇന്റർഫേസിലോ അതിനടുത്തോ ഉണ്ടായ ത്രസ്റ്റ് ഫോൾട്ടിന്റെ ഫലമായാണ് ഭൂകന്പം ഉണ്ടായതെന്ന് യുഎസ്ജിഎസ് പ്രസ്താവനയിൽ അറിയിച്ചു.