പ്രതീകാത്മക ചിത്രം
കേരളത്തിന്റെ ഗുരുതരമായ ധനകാര്യാവസ്ഥ ധവളപത്രം പുറത്തുകൊണ്ടുവന്നു. എന്നാൽ, പിന്നാലെ വന്ന ബജറ്റ് ഇത് പ്രതിഫലിപ്പിക്കുന്നതായിരുന്നില്ല. നികുതി കുടിശിക പിരിച്ചെടുക്കാനുള്ള പദ്ധതിയും മോട്ടര്‍ വാഹന നികുതി നിരക്കിലെ ചില മാറ്റങ്ങളും ഒഴിച്ചാല്‍ അധിക വിഭവസമാഹരണ നിര്‍ദേശങ്ങള്‍ ഒന്നുമില്ല. കുറേ വര്‍ഷങ്ങളായി തുടരുന്ന ഒരു പ്രവണതയാണിത്. ഇത് തിരുത്തി തുടങ്ങാനുള്ള ഒരു അവസരമാണ് ഇവിടെ നഷ്ടപ്പെട്ടത്.
നികുതിനല്‍കല്‍ ശേഷിയിലെ കുതിപ്പ്
കേരളം രൂപീകൃതമായിട്ട് 70 വര്‍ഷം ആകാന്‍ പോകുന്നു. ഈ കാലയളവില്‍ കേരളീയരുടെ നികുതി നല്കല് ശേഷി പതിന്മടങ്ങ് വര്‍ധിച്ചു. ആളോഹരി ഉപഭോഗത്തില്‍ 1972-73ല്‍ കേരളം എട്ടാം സ്ഥാനത്തായിരുന്നു. 1970കളുടെ മധ്യത്തോടെ ഗള്‍ഫ് പണത്തിന്റെ പച്ചയില്‍ കേരളം മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 1999-2000 മുതല്‍ ഒന്നാംസ്ഥാനത്താണ്. 2022-23ലെ ഉപഭോഗ സര്‍വേയിലും കേരളം ഒന്നാംസ്ഥാനത്ത് തുടരുകയാണ്. ഇന്ത്യയില്‍ ആകെ ഉത്പാദിപ്പിക്കപ്പെടുന്ന ആഡംബര ഉപഭോഗ വസ്തുക്കളുടെ 10 ശതമാനം കേരളത്തിലാണ് വിപണനം ചെയ്യപ്പെടുന്നത് എന്നൊക്കെ ചില സ്ഥിരീകരിക്കപ്പെടാത്ത കണക്കുകളുണ്ട്.
ഇതൊന്നും പക്ഷേ കേരളത്തിന്റെ തനത് വിഭവസമാഹരണത്തില്‍ പ്രതിഫലിക്കുന്നില്ല. 1957-58 മുതല്‍ 1966-67 വരെയുള്ള 10 വര്‍ഷക്കാലം ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സമാഹരിച്ച തനത് വരുമാനത്തില്‍ കേരളത്തിന് 4.45 ശതമാനം ഓഹരി ഉണ്ടായിരുന്നു. 2025-26 ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം ഇത് 3.71 ശതമാനത്തിലേക്ക് താണിരിക്കുകയാണ്.
മനസുവച്ചാല്‍ മാര്‍ഗമുണ്ട്
പൊതു വിഭവസമാഹരണത്തിലെ പരാജയം മുന്നണി രാഷ്ട്രീയത്തിന്റെ അനിവാര്യമായ പരിണതിയാണ്. സമാഹാരിക്കാവുന്നതും സമാഹരിക്കേണ്ടതുമായ പൊതുവിഭവങ്ങള്ക്കു പകരം കടമെടുത്ത് ചെലവുകള്‍ ചെയ്തുവന്നു. ജനപ്രിയതയ്ക്കുവേണ്ടി നികുതി ഇളവുകളും സൗജന്യങ്ങളും കൊടുക്കുന്നതില്‍ അന്യോന്യം മത്സരിച്ചു. ഇന്നിപ്പോള്‍ കടമെടുപ്പില്‍ കര്‍ശന നിയന്ത്രണം വന്നപ്പോള്‍ പൊതുവിഭവ സമാഹരണത്തിന് ജനങ്ങളെ സമീപിക്കാന്‍ മടി. വര്‍ഷങ്ങളോളം താഴ്ന്ന നികുതി ഭാരവുമായി തഴക്കം വന്നുപോയ ജനങ്ങളില്‍നിന്നു വിഭവ സമാഹരണം ക്ലേശകരം തന്നെയാണ്.
നോര്‍വേ, സ്വീഡന്, ഡെന്മാര്ക്ക് എന്നീ നോര്‍ഡിക് രാജ്യങ്ങളില്‍ ദേശീയ വരുമാനത്തിന്റെ 40 ശതമാനം വരെയാണ് നികുതിയായി പിരിക്കുന്നത്. വര്‍ഷങ്ങള്‍കൊണ്ട് വളര്‍ത്തിയെടുത്ത നികുതിനല്‍കല്‍ സംസ്കാരമാണിത് സാധ്യമാക്കുന്നത്.
2015-16ല്‍ തനത് നികുതിവരുമാനം സംസ്ഥാന വരുമാനത്തിന്റെ 6.94 ശതമാനമായിരുന്നത് 2025-26 ആകുമ്പോള്‍ 6.41 ശതമാനമായി കുറഞ്ഞതായാണ് ധവളപത്രം കണ്ടെത്തിയിരിക്കുന്നത്. മെച്ചപ്പെട്ട പൊതുസേവനങ്ങള്‍ സ്വയംഭൂവല്ലെന്നും സ്വകാര്യ ഉപഭോഗം കുറച്ച് പൊതു ആവശ്യങ്ങള്‍ക്കായി വിഭവങ്ങള്‍ മാറ്റിവച്ച് നേടിയെടുക്കുന്നതാണെന്നും അര്‍ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം ജനങ്ങളോട് പറയാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് ഇവിടെ വേണ്ടത്.
പ്രത്യക്ഷ നികുതികളും യുക്തിസഹമായ ഫീസുകളും
ജിഎസ്ടി വന്നതോടെ അധികാരമെല്ലാം പോയെന്ന് വിലപിച്ചിരിക്കുന്നതിനു പകരം സംസ്ഥാനങ്ങള്‍ക്ക് ഭരണഘടന നല്കുന്ന അധികാരങ്ങള്‍ കാര്യക്ഷമമായി പ്രയോജനപ്പെടുത്തുകയാണു വേണ്ടത്. കേരളത്തിന്റെ സാഹചര്യത്തില്‍ വലിയ സാധ്യതയുള്ള വരുമാന സ്രോതസാണ് വസ്തുനികുതി. ഇത് ചുമത്താനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്കിയിട്ടുള്ളതാണ്.
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പഠനം കാണിക്കുന്നത് ഈ നികുതി സ്രോതസിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള സ്വയംപ്രചോദനമോ കരവിരുതോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇല്ലെന്നാണ്. അവരുടെ നഷ്ടം നികത്തിക്കൊടുക്കാം എന്ന കരാറിന്മേല് ഈ നികുതി സംസ്ഥാനത്തിന് തിരികെയെടുക്കാം. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംസ്ഥാനമൊട്ടാകെ കുറേക്കൂടി ഉയര്‍ന്ന നിരക്കില്‍ പിരിച്ചാല്‍ ഇന്നു ലഭിക്കുന്ന വരുമാനത്തിന്റെ ഇരട്ടി സമാഹരിക്കാന്‍ കഴിയും.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ സര്‍ക്കാര്‍ സേവനങ്ങളുടെമേല്‍ യുക്തിസഹമായ ഫീസുകളാണ് മറ്റൊന്ന്. 1970-71ൽ ഈ മേഖലയിലെ റവന്യു ചെലവിന്റെ 5.55 ശതമാനം ഫീസുകളായി പിരിച്ചിരുന്നു. 2021-22 മുതല്‍ 2025-26 വരെയുള്ള അഞ്ചു വര്‍ഷക്കാലം ഇത് ശരാശരി 1.35 ശതമാനം മാത്രമായിരുന്നു. നേരേമറിച്ച് തമിഴ്നാട്ടില്‍ ഇത് 5.51 ശതമാനമാണ്. വൈദ്യുതി തീരുവ യുക്തിസഹമായി വര്‍ധിച്ചാല്‍ അധികവരുമാനത്തോടൊപ്പം വൈദ്യുതിയുടെ ദുരുപയോഗവും കുറയ്ക്കാം. പാവപ്പെട്ടവരെയും താഴ്ന്ന വരുമാനക്കാരെയും ഒഴിവാക്കി മധ്യവര്‍ഗത്തില്‍നിന്നും സമ്പന്നരില്‍നിന്നും വിഭവസമാഹരണം നടത്താനുള്ള മൂന്നു മാര്‍ഗങ്ങളാണിവ.
ഖജനാവില്‍ പൂച്ച പെറ്റുകിടക്കുകയാണ് എന്ന് നിരന്തരം ആക്ഷേപിച്ചു വന്ന ധനമന്ത്രികൂടിയായ മുഖ്യമന്ത്രി അത് നിറച്ചുതുടങ്ങാനുള്ള ആദ്യാവസരം നഷ്ടപ്പെടുത്തി. അടുത്ത ബജറ്റിലെങ്കിലും അദ്ദേഹം ഈ വീഴ്ച തിരുത്തുമെന്ന് പ്രതീക്ഷിക്കാം.
വേണ്ടുവോളം പൊതുവിഭവങ്ങള്‍ സമാഹരിക്കുന്നില്ല എന്നതു മാത്രമല്ല കേരളത്തിന്റെ പ്രശ്നം. സമാഹരിക്കുന്നതിന്റെ ഭാരം ആനുപാതികമല്ലാത്തവിധം പാവങ്ങളുടെയും പുറംപോക്കില്‍ കിടക്കുന്നവരുടെയും മേല്‍ ആണെന്നതാണ്. മദ്യം, ഭാഗ്യക്കുറി, പെട്രോള്‍, മോട്ടോര്‍ വാഹനങ്ങള്‍ എന്നീ നാലിനങ്ങളില്നിന്നാണ് തനത് വരുമാനത്തിന്റെ ഏകദേശം 61 ശതമാനവും സമാഹരിക്കപ്പെടുന്നത്.
ഇതില്‍ മദ്യവും ഭാഗ്യക്കുറിയും ഏകദേശം 36 ശതമാനം സംഭാവന ചെയ്യുന്നു. 1970-71ല്‍ ഇവ രണ്ടുംകൂടി 14.77 ശതമാനം മാത്രമേ സംഭാവന ചെയ്തിരുന്നുള്ളൂ. ഈ കാലയളവില്‍ പൊതുവിഭവങ്ങളുടെ ഭാരം മധ്യവര്‍ഗവും സമ്പന്നരും ചേര്‍ന്ന് പാവങ്ങളുടെ ചുമലിലേക്ക് കൈമാറുകയായിരുന്നു എന്ന് ചുരുക്കം.
പൊതു വിഭവസമാഹരണത്തിലെ പരാജയത്തിന്റെ തിക്തഫലം അനുഭവിക്കന്നതും ഇക്കൂട്ടരാണ്. ധനഞെരുക്കം കൂടുംതോറും ‘ഏറ്റുപോകാത്ത’ ചെലവുകള്‍ക്ക് ലഭ്യമാകുന്ന പൊതുവിഭവങ്ങള്‍ കുറഞ്ഞുവരും.
ശമ്പളവും പെന്‍ഷനും പലിശയും ഏറ്റുപോയ ചെലവുകളാണല്ലോ. അവയ്ക്കുള്ള വകയിരുത്തലിനുശേഷം മിച്ചം വരുന്നതുകൊണ്ടുവേണം ‘ഏറ്റുപോകാത്ത’ ചെലവുകള്‍ നടത്താന്‍. എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ക്ഷേമവുമായി ബന്ധപ്പെട്ട പദ്ധതിച്ചെലവ് 2017-18ല്‍ 9.2 ശതമാനമായിരുന്നത് 2025-26 ആകുമ്പോള്‍ 3.85 ശതമാനമായി കുറഞ്ഞു എന്നാണ് ധവളപത്രം കണ്ടെത്തിയിരിക്കുന്നത്.
പുരോഗമനാത്മക നികുതി വ്യവസ്ഥയിലൂടെ സമൂഹത്തിലെ അസമത്വം കുറയ്ക്കുകയാണ് ജനാധിപത്യ സര്‍ക്കാരിന്റെ പരമപ്രധാനമായ കര്‍ത്തവ്യം. 2011-12ലെയും 2022-23ലെയും ഉപഭോഗ സര്‍വേകള്‍ പുറത്തുകൊണ്ടുവന്ന ഒരു വസ്തുത ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അസമത്വം നിലനില്‍ക്കുന്ന സംസ്ഥാനം കേരളമാണ് എന്നതാണ്.
മറ്റൊരു ഉദാഹരണം, ക്ഷേമപെന്‍ഷന്റെ മുല്യശോഷണമാണ്. 2021ലാണ് ക്ഷേമപെന്ഷന് 1,600 രൂപയായി വര്‍ധിപ്പിച്ചത്. നാല് വര്‍ഷം കഴിഞ്ഞ് 2025 നവംബറിലാണ് 400 രൂപ വര്‍ധിപ്പിച്ച് 2,000 ആക്കിയത്. ഈ കാലയളവിലെ പണപ്പെരുപ്പം കണക്കിലെടുത്താല്‍ അതിന്റെ യഥാര്‍ഥ മൂല്യം 1,638.05 രൂപ മാത്രമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും സര്‍വീസ് പെന്‍ഷന്‍കാരുടെയും ക്ഷാമബത്താ കുടിശിക ‘ഏറ്റുപോയത്’ ആണല്ലോ. 62 ലക്ഷം ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് നഷ്ടപ്പെട്ടത് 7,232.62 കോടി രൂപയാണ്. ക്ഷേമപെന്ഷന് അവകാശമല്ല, ഔദാര്യമാണ് എന്നാണല്ലോ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചത്.
(ലേഖകന്‍ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ മുന്‍ ഫാക്കല്‍റ്റി അംഗമാണ്)
Tags : Mobilization Kerala heading PublicResource Tax