പ്രതീകാത്മക ചിത്രം
പ്രിയദർശിനി സർവീസുകളിലൂടെ കെഎസ്ആർടിസി ഏറെപ്പേർക്കു പ്രിയപ്പെട്ടതായെന്നതു വസ്തുതയാണ്. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്ന വനിതകളുടെ എണ്ണത്തിൽ വലിയ കുതിപ്പാണ് കേരളമെമ്പാടും ഉണ്ടായത്. ഈ കുതിപ്പ് കെഎസ്ആർടിസിയുടെ ലാഭത്തിന്റെ കണക്കായി മാറുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ലെങ്കിലും, പ്രിയദർശിനിയെ വനിതകളായ ബസ് യാത്രികരെല്ലാം ഹൃദയത്തിലേറ്റിക്കഴിഞ്ഞു.
പ്രിയദർശിനി തൂക്കിയ പ്രിയം
പ്രിയദർശിനി വന്നപ്പോൾ വലിയൊരു വിഭാഗം വനിതാ യാത്രക്കാർക്കു പ്രിയം കുറഞ്ഞൊരു വിഭാഗമുണ്ട്. അതു സംസ്ഥാനത്തെ സ്വകാര്യബസുകളാണ്.
വരൂ, സീറോ ടിക്കറ്റിൽ യാത്ര ചെയ്യാം... സുസ്വാഗതവുമായി കെഎസ്ആർടിസി പ്രിയദർശിനി കൈനീട്ടി വിളിക്കുമ്പോൾ, എന്തിനു സ്വകാര്യ ബസുകളിൽ പണം കൊടുത്തു യാത്ര ചെയ്യണമെന്നു സ്ത്രീകളുടെ സ്വാഭാവിക ചോദ്യം.
ഈ ചോദ്യം കേരളത്തിലെ ലക്ഷത്തിലധികം ആളുകളുടെ വരുമാനമാർഗമായ സ്വകാര്യബസ് വ്യവസായത്തെയാണു പ്രതിസന്ധിയിലേക്കു തള്ളിവിട്ടതെന്നു ബസുടമകൾ. പ്രവർത്തനച്ചെലവ് കൂടിയതിന്റെ ഭാരം താങ്ങാനാവുന്നില്ലെന്ന പരാതി നിലനിൽക്കുമ്പോഴാണു തങ്ങളെ വീണ്ടും വരുമാന നഷ്ടത്തിലേക്കു തള്ളിവിട്ടു സർവീസ് നടത്താനാവാത്ത സാഹചര്യത്തിലെത്തിച്ചതെന്നാണു സ്വകാര്യ ബസുടമകളുടെ വാദം.
ഇതു ബസല്ല, ജീവിതമാണ്!
സംസ്ഥാനത്ത് 14 ജില്ലകളിലായി ആകെ 11,950 സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ടെന്നാണ് സംസ്ഥാന ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ കണക്ക്. പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള ആറു ജില്ലകളിലാണ് സ്വകാര്യ ബസ് സർവീസുകൾ അധികമുള്ളത്.
ബസുടമകളുടെ എണ്ണം എണ്ണായിരത്തിലധികം. ഡ്രൈവർമാർ, കണ്ടക്ടർമാർ, ക്ലീനർമാർ, സഹായികൾ എന്നീ വിഭാഗങ്ങളിൽ അറുപതിനായിരത്തോളം ആളുകൾ സ്വകാര്യ ബസുകളിലൂടെ വരുമാനം കണ്ടെത്തുന്നു. ഇവയ്ക്കു പുറമേ, ടെക്നീഷന്മാർ, ബസ് സ്റ്റാൻഡുകളിൽ ജോലി ചെയ്യുന്നവർ, വർക്ക് ഷോപ്പ് ജോലിക്കാർ തുടങ്ങി സ്വകാര്യബസ് മേഖലയെ ആശ്രയിച്ചു ജീവിതമാർഗം തേടുന്നവർ മുപ്പതിനായിരത്തോളം പേരുണ്ടാകും. അങ്ങനെ ലക്ഷത്തോളം പേരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതമാണു സ്വകാര്യ ബസ് മേഖലയിൽനിന്നു പ്രകാശം തേടുന്നത്.
അതെ.., തങ്ങൾ നടത്തുന്നതു കേവലം ബസ് സർവീസല്ല, ജീവിതം കൂടിയാണെന്നു ബസുടമകളും ജീവനക്കാരും...!
നഷ്ടം വരുന്ന വഴി
പ്രിയദർശിനി സൗജന്യ യാത്രാസൗകര്യം വന്നതിനു പിന്നാലെ, സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ വനിതാ യാത്രക്കാരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞു. ഇതു ബസുകളുടെ കളക്ഷൻ തുകയിൽ ശരാശരി 1000 - 4000 രൂപ കുറവുണ്ടാക്കിയിട്ടുണ്ടെന്നാണു ബസുടമകളുടെ വാദം.
കളക്ഷനിൽ 60 ശതമാനം ഡീസലിനായി മാറ്റിവയ്ക്കണം. പ്രതിദിനം 160 മുതൽ 350 കിലോമീറ്റർ വരെയാണു സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന ശരാശരി ദൂരം.
20-25 ശതമാനം തുക ജീവനക്കാർക്കു ശമ്പളമിനത്തിൽ നൽകേണ്ടതുണ്ട്. തെക്കൻ ജില്ലകളിൽ ശരാശരി രണ്ടും മലബാർ ജില്ലകളിൽ മൂന്നും വീതം ജീവനക്കാർ ബസിലുണ്ട്. ചിലയിടങ്ങളിൽ ഉടമകൾ തന്നെ ഡ്രൈവറോ കണ്ടക്ടറോ ആയി പണിയെടുക്കുന്നുണ്ട്. ഓണം പോലുള്ള ആഘോഷാവസരങ്ങളിൽ ജീവനക്കാർക്കു ബോണസും നൽകണം.
12 ശതമാനത്തോളം തുക നികുതി, ടയർ തേയ്മാനം, ഓയിൽ മാറ്റം, ഫിറ്റ്നസ്, മെയിന്റനൻസ് എന്നിവയ്ക്കായി മാറ്റിവയ്ക്കണം. ഇതെല്ലാം കഴിഞ്ഞു തുച്ഛമായ തുകയാണ് തങ്ങളിലേക്ക് എത്തുന്നതെന്നു ഉടമകൾ ചൂണ്ടിക്കാട്ടുന്നു.
പ്രിയദർശിനി സൗജന്യയാത്രയിലൂടെ സ്വകാര്യ ബസുകളുടെ വരുമാനം കുറഞ്ഞെന്നും ലാഭം ഇല്ലാതായെന്നും മാത്രമല്ല, പല റൂട്ടുകളിലും ജീവനക്കാർക്ക് ഉടമകൾ പോക്കറ്റിൽനിന്ന് ശമ്പളം കൊടുക്കേണ്ട ഗതികേടിലാണെന്നും സംസ്ഥാന ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഹംസ ഏരക്കുന്നേൽ പറഞ്ഞു.
പ്രിയദർശിനി പദ്ധതി തുടങ്ങിയശേഷം ആദ്യത്തെ 15 ദിവസം സ്വകാര്യ ബസുകളുടെ കളക്ഷനിൽ ഏകദേശം 30 കോടി രൂപയുടെ കുറവുണ്ടായെന്നാണ് ഓൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ കണക്ക്.
പ്രിയദർശിനിയായത് 3,125 ബസുകൾ
സംസ്ഥാനത്ത് 3,125 കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കു സൗജന്യയാത്ര നൽകുന്ന സീറോ ടിക്കറ്റ് സേവനം ലഭ്യമാണ്. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ്, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, ടൗൺ ടു ടൗൺ എന്നീ വിഭാഗങ്ങളിലുള്ള ബസുകളിലാണ് പ്രിയദർശിനി സൗജന്യയാത്ര നിലവിൽ അനുവദിച്ചിട്ടുള്ളത്. 100 ദിവസത്തിനു ശേഷം പദ്ധതി വ്യാപിപ്പിക്കുമെന്നാണ് ആദ്യഘട്ടത്തിൽ സർക്കാർ നൽകിയ സൂചന.
ജി ഫോം ആശ്രയം!
നഷ്ടത്തിലായ ബസുകളുടെ സർവീസുകൾ സ്വമേധയാ നിർത്തിവയ്ക്കാൻ ഗതാഗത വകുപ്പുതന്നെ സ്വകാര്യ ബസുടമകൾക്കു നൽകുന്ന അവസരമാണ് ജി ഫോം സമർപ്പിക്കൽ. ഇതു നല്കിയാല് ബസുകള് മൂന്ന് മാസത്തേക്കോ ഒരു വര്ഷത്തേക്കോ സർവീസില്ലാതെ ഷെഡിലിടാം.
ഇതിനിടയിൽ ജി ഫോം പിൻവലിച്ചു ബസുകൾ നിരത്തിലിറക്കാനും അവസരമുണ്ട്. കെഎസ്ആർടിസിയിൽ സ്ത്രീകൾക്കു സൗജന്യയാത്ര ആരംഭിച്ചതോടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശരാശരി 15- 30 ബസുകൾ ജി ഫോം നൽകി സർവീസ് നിർത്തിയിട്ടുണ്ടെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
സ്വകാര്യ ബസുകളുടെ പ്രതിദിന കളക്ഷനിൽനിന്നുള്ള ചെലവ്-ശതമാനത്തിൽ
പ്രതിദിന കളക്ഷൻ
ഇന്ധനം
ശമ്പളം
നികുതി, മെയിന്റനൻസ്, അനുബന്ധ ചെലവുകൾ
10,000-16,000 (റൂട്ട് അനുസരിച്ച്)
60 ശതമാനം
20-25 ശതമാനം
12 ശതമാനം
ഏഴു വിഭാഗം കെഎസ്ആർടിസി ബസുകളിൽ പ്രിയദർശിനി സൗജന്യയാത്രാ പദ്ധതി ആരംഭിച്ചത് കഴിഞ്ഞ ജൂൺ 15ന്. അന്നു രാവിലെ പത്തിനാണു സീറോ ടിക്കറ്റ് നിലവിൽ വന്നത്.
അന്ന് കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ ആകെ യാത്രചെയ്തത് 13,29,938 സ്ത്രീകളാണ്. ഇതിൽ 7,83,115 വനിതാ യാത്രക്കാർ രാവിലെ പത്തിനു ശേഷം നിലവിൽ വന്ന സീറോ ടിക്കറ്റ് സേവനം പ്രയോജനപ്പെടുത്തി.
പ്രിയദർശിനി സൗജന്യയാത്ര വന്നതിന്റെ പേരിൽ സ്വകാര്യ ബസുടമകൾക്കുണ്ടായിട്ടുള്ള സാന്പത്തിക പ്രതിസന്ധിയെക്കുറിച്ചു പരിശോധിക്കാൻ സർക്കാർ ഔദ്യോഗികമായി സമിതിയെ നിയോഗിക്കുമെന്നു ഗതാഗതമന്ത്രി സി.പി. ജോണ്.
ഏതൊക്കെ റൂട്ടുകളിലാണ് സാന്പത്തിക പ്രതിസന്ധി ഉണ്ടായതെന്നു ബസുടമകളും ജീവനക്കാരും സമിതിക്കു മുൻപാകെ മൊഴി നൽകണം. ബസുടമകളുടെ പ്രശ്നങ്ങളെ സർക്കാർ അനുഭാവപൂർണമായാണ് കാണുന്നതെന്ന് ഗതാഗതമന്ത്രി ദീപികയോട് വ്യക്തമാക്കി. പൊതുഗതാഗത രംഗത്തെ നിക്ഷേപകരായിട്ടാണ് സർക്കാർ അവരെ കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പത്ത് വർഷം മുൻപ് 33,000ൽപ്പരം സ്വകാര്യ ബസുകളുണ്ടായിരുന്നു. ഇപ്പോൾ എണ്ണായിരത്തിൽ താഴെയായി കുറഞ്ഞു. ഇതിന്റെ കാരണങ്ങൾ സമിതി പരിശോധിക്കും. നിലവിൽ ബസുടമകളുടെ സാന്പത്തിക പ്രതിസന്ധിക്കു കാരണം പ്രിയദർശിനി സൗജന്യ യാത്രയല്ലെന്നും കേരളത്തിലെ ജനങ്ങൾ നെഞ്ചേറ്റിയ പദ്ധതിയാണ് പ്രിയദർശിനി പദ്ധതിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ബസുടമകളുടെ പ്രതിസന്ധി പരിഹരിക്കാനാണ് ബസുകളുടെ നികുതി അൻപത് ശതമാനമായി കുറച്ചത്. ഇതിനു മുൻപുണ്ടായിരുന്ന എൽഡിഎഫ് സർക്കാർ നികുതി കൂട്ടുകയായിരുന്നു. എന്നാൽ, യുഡിഎഫ് സർക്കാർ ബസുടമകളെ അനുഭാവപൂർവം പരിഗണിക്കുന്നതിന്റെ ഭാഗമായാണ് നികുതി കുറച്ചത്.
സർക്കാർ നിയോഗിച്ചിരിക്കുന്ന സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബസുടമകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നു ചെയ്യാൻ പറ്റുന്ന കാര്യങ്ങളെല്ലാം ചെയ്യും. ബസുടമകളുടെയും തൊഴിലാളികളുടെയും പ്രതിസന്ധികളെക്കുറിച്ചു വിവരിച്ചുകൊണ്ട് സംയുക്ത തൊഴിലാളി സംഘടനകൾ നിവേദനം നൽകിയിട്ടുണ്ട്. ഈ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ ബസുടമകളുടെയും തൊഴിലാളികളുടെയും യോഗം വിളിച്ചുകൂട്ടുമെന്നും മന്ത്രി പറഞ്ഞു.
Tags : Private buses tickets loss