പെരുമാതുറ : മുതലപ്പൊഴി അപകടത്തിൽ കാണാതായ ഷിജിനായുള്ള തെരച്ചിൽ സംസ്ഥാന സർക്കാർ അവസാനിപ്പിച്ചു.
ജൂലൈ 31നു മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ടു കാണാതായ അഞ്ചുതെങ്ങ് കൊച്ചുമേത്തൻകടവ് ഷേക്കേന ഭവനിൽ ഷിജി(32)നു വേണ്ടിയുള്ള തെരച്ചിലാണ് അവസാനിപ്പിച്ചത്. അപകടം സംഭവിച്ച് 15 ദിവസങ്ങൾ കഴിയുമ്പോഴും ഷിജിനെ കണ്ടെത്താനാകാത്തതിനെ തുടർന്നാണ് തെരച്ചിൽ അവസാ നിപ്പിച്ചത്. ഷിജിന്റെ ഭാര്യ സ്റ്റിജിയെ ആശ്വസിപ്പിക്കാനായെത്തിയപ്പോൾ ജില്ലാ കളക്ടർ അനുകുമാരി ഇക്കാര്യം സൂചിപ്പിച്ചതായാണ് കുടുബം പറയുന്നത്. കുടുംബത്തിന്റെ ആവശ്യങ്ങൾ സർക്കാർ അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയതായും എംഎൽഎ രമ്യ ഹരിദാസ് പറഞ്ഞിരുന്നു.
നിലവിൽ, മുതലപ്പൊഴി നിർമാണത്തിലെ അശാസ്ത്രീയത പരിഹരിക്കാനും അടിയന്തിര സാഹചര്യത്തെ നേരിടാൻ ആവിശ്യമായ സംവിധാനമൊരുക്കാനും തീരുമാനമായി. ഷിജിന്റെ മൂത്ത മകൻ എബ്രിൻ ജെബാകി(നാല്)ന്റെ ചികിത്സാ ചെലവുകൾ പൂർണ്ണമായും സർക്കാർ വഹിക്കുമെന്നും സമയബന്ധിതമായി ക്ഷേമനിധി, ഇൻഷ്വറൻസ് ആനുകൂല്യങ്ങൾ ലഭ്യമാക്കുവാനും ഭാര്യ സ്റ്റിജിയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചു സർക്കാർ ജോലിനൽകാനുമുള്ള ഉറപ്പുകളാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്.
31നു രാത്രി ഒന്പതോടെയാ ണു മുതലപ്പൊഴിയിൽ ശക്തമായ തിരയിൽപ്പെട്ട് അഞ്ചുതെങ്ങ് സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ള വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശികളായ ഷിജിൻ (32), ഫ്രീമോൻ (26) എന്നിവരെ കാണാതായത്. ഇവരിൽ ഫ്രീമോന്റെ മൃതദേഹം തൊട്ടടുത്ത ദിവസം കണ്ണാന്തുറ ഭാഗത്തു കരയ്ക്കടിഞ്ഞിരുന്നു.
തുടർന്നു കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റ് ഗാർഡ്, നാവികസേന തുടങ്ങിയവരുടെ സഹായത്തോടെ വ്യാപക തെരച്ചിൽ നടത്തിയെങ്കിലും ഷിജിനെ കണ്ടെത്തിയിരുന്നില്ല.