ശാസ്താംകോട്ട: കാത്തിരിപ്പിനൊടുവിൽ കുന്നത്തൂരിലെ മുന്നണി സ്ഥാനാർഥി ചിത്രം തെളിഞ്ഞു.യുഡിഎഫ് സ്ഥാനാർഥിയായി ആർഎസ്പിയിലെ ഉല്ലാസ് കോവൂരും എൽഡിഎഫ് സ്ഥാനാർഥിയായി ആർഎസ്പി ലെനിനിസ്റ്റിലെ കോവൂർ കുഞ്ഞുമോനും എൻഡിഎ സ്ഥാനാർഥിയായി ബിജെപിയുടെ രാജി പ്രസാദും മത്സരിക്കും.
യുഡിഎഫ് സ്ഥാനാർഥി ഉല്ലാസ് കോവൂരിന്റെ സ്ഥാനാർഥിത്വം മാസങ്ങൾക്കു മുമ്പുതന്നെ സ്ഥിരീകരിച്ചെങ്കിലും എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമായിരുന്നില്ല. നിലവിലെ എംഎൽഎ ആയ കോവൂർ കുഞ്ഞുമോനെ ഒഴിവാക്കി സിപിഎം സീറ്റ് ഏറ്റെടുക്കുമെന്ന അഭ്യൂഹം പരന്നിരുന്നു.
എന്നാൽ ഞായറാഴ്ച സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ കുന്നത്തൂരിലെ പ്രഖ്യാപനം നടത്തിയിരുന്നില്ല.തിങ്കളാഴച ആർഎസ്പി ലെനിനിസ്റ്റ് നേതാക്കൾ എൽഡിഎഫ് നേതാക്കളുമായി ചർച്ച നടത്തി കോവൂർ കുഞ്ഞുമോന്റെ സ്ഥാനാർഥിത്വം തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചു തവണയായി കുന്നത്തൂർ എംഎൽഎ ആണ് കോവൂർ കുഞ്ഞുമോൻ.ആറാം തവണയാണ് കോവൂർ കുഞ്ഞുമോൻ കുന്നത്തൂരിൽനിന്ന് ജനവിധി തേടു
ന്നത്. യുഡിഎഫ് സ്ഥാനാർഥി ഉല്ലാസ് കോവൂരിന്റെ മൂന്നാമത്തെ അങ്കമാണിത്.രണ്ടു തവണയും പരാജയപ്പെട്ടത് കോവൂർ കുഞ്ഞുമോനോട് തന്നെയാണ്. ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ്് കൂടിയാണ് ഉല്ലാസ് കോവൂർ.
ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ്് കൂടിയായ രാജി പ്രസാദിന്റെ കുന്നത്തൂരിലെ രണ്ടാം അങ്കമാണിത്. 2021 ൽ ഇവിടെ മത്സരിച്ചിരുന്നു.
2016 ൽ ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിലും 2020 ൽ കല്ലുവാതുക്കൽ ജില്ലാ പഞ്ചായത്തിലേക്കും മത്സരിച്ചിരുന്നു. 2005-10 കാലഘട്ടത്തിൽ ശൂരനാട് തെക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ഇതു കൂടാതെ പിഡിപി, എസ്ഡിപിഐ, ബിഎസ്പി തുടങ്ങിയ പാർട്ടികളുടെ സ്ഥാനാർഥികളും ഉണ്ടാകാൻ സാധ്യതയുണ്ട്.