മാനന്തവാടി: പ്രളയവും കനത്ത മഴയും മൂലം ദുരിതമനുഭവിക്കുന്ന വയനാട്ടിലെ വിവിധ പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് ആശ്വാസമേകുന്നതിനായി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി (ഡബ്ല്യുഎസ്എസ്എസ്)യുടെ നേതൃത്വത്തിൽ 200 ഭക്ഷ്യ–സുചിത്വ കിറ്റുകൾ വിതരണം ചെയ്തു. കാരിത്താസ് ഇന്ത്യയുടെ പിന്തുണയോടെയാണ് ദുരിതബാധിത സമൂഹങ്ങൾക്ക് കിറ്റുകൾ ലഭ്യമാക്കിയത്.
കിറ്റുകളുടെ വിതരണോദ്ഘാടനം വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ നിർവഹിച്ചു. ഡബ്ല്യുഎസ്എസ്എസ് ജോയിന്റ് ഡയറക്ടർ ഫാ. ജോണി കുന്നത്ത് അധ്യക്ഷത വഹിച്ചു.
ഡബ്ല്യുഎസ്എസ്എസ് പ്രോഗ്രാം ഓഫിസർ പി.എ. ജോസ്, എടവക പഞ്ചായത്ത് അംഗം ഗോൾഡ ഷിനോജ് എന്നിവർ പ്രസംഗിച്ചു. പ്രളയവും വെള്ളപ്പൊക്കവും പോലുള്ള പ്രകൃതിദുരന്തങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് സമൂഹത്തിലെ ദുർബല വിഭാഗങ്ങളെയാണ്.
ദുരന്തസമയത്ത് ഭക്ഷണം, ശുദ്ധമായ കുടിവെള്ളം, ശുചിത്വ സാമഗ്രികൾ, വ്യക്തിഗത ശുചിത്വത്തിനാവശ്യമായ വസ്തുക്കൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കുന്നത് കുടുംബങ്ങളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിൽ നിർണായകമാണ്. ഈ സാഹചര്യത്തിലാണ് ദുരിതബാധിത കുടുംബങ്ങളുടെ അടിയന്തര ആവശ്യങ്ങൾ പരിഗണിച്ച് ഭക്ഷ്യ–കിറ്റുകളുടെ വിതരണം ഡബ്ല്യുഎസ്എസ്എസ് നടത്തിയത്.
ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും കിറ്റുകളുടെ വിതരണത്തിനും പ്രോജക്ട് കോഓർഡിനേറ്റർ ചിഞ്ചു മരിയ, റീജണൽ കോർഡിനേറ്റർമാരായ ആലീസ് സിസിൽ, ബിൻസി വർഗീസ്, ജിനി ഷിനോജ്, ലിജ കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.
പ്രളയബാധിതരുടെ അടിയന്തര ആവശ്യങ്ങളിൽ സമയബന്ധിതമായി ഇടപെടുന്നതിനും ദുരിതബാധിത കുടുംബങ്ങളുടെ അതിജീവനശേഷി വർധിപ്പിക്കുന്നതിനുമായി ഡബ്ല്യുഎസ്എസ്എസ് തുടർന്നും വിവിധ ദുരന്തപ്രതികരണ–പുനരധിവാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ദുരിതസമയത്ത് ആവശ്യമായ പിന്തുണ നൽകിയ കാരിത്താസ് ഇന്ത്യയോടുള്ള നന്ദിയും ഡബ്ല്യുഎസ്എസ്എസ് അറിയിച്ചു.