തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ സിൽവർലൈൻ പദ്ധതിക്ക് പകരമായി യുഡിഎഫ് സർക്കാർ വിഭാവനം ചെയ്യുന്ന അതിവേഗ റെയിൽ പദ്ധതിയുടെ പഠനത്തിനായി നാലംഗ ഉന്നതതല സമിതിയെ രൂപീകരിച്ചു. ഗതാഗത സെക്രട്ടറി അധ്യക്ഷനാകുന്ന സമിതി മെട്രോമാൻ ഇ ശ്രീധരൻ സമർപ്പിച്ച ബദൽ പദ്ധതിയുടെ ഗുണദോഷങ്ങൾ വിശദമായി പഠിക്കും.
മുന്പ് കെ-റെയിൽ പദ്ധതിയെ പരിസ്ഥിതിപരമായി ശക്തമായി എതിർത്ത പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണനെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇ. ശ്രീധരന്റെ നിർദേശങ്ങൾ സാങ്കേതികമായും സാമ്പത്തികമായും എത്രത്തോളം പ്രായോഗികമാണെന്ന് സമിതി പരിശോധിക്കും.
കെ-റെയിൽ പദ്ധതിയെ അപേക്ഷിച്ച് ഭൂമി ഏറ്റെടുക്കൽ കുറയ്ക്കാനും പരിസ്ഥിതി ആഘാതം പരമാവധി ഒഴിവാക്കാനുമുള്ള നിർദേശങ്ങൾക്കാണ് പുതിയ പദ്ധതിയിൽ മുൻഗണന നൽകുന്നത്. ഏകദേശം 60,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പാതയിലൂടെ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് കേവലം മൂന്നര മണിക്കൂർ കൊണ്ട് എത്തിച്ചേരാൻ സാധിക്കും.
നിലംനിരപ്പിൽ പാത നിർമിക്കുന്നതിന് പകരം, തൂണുകളിൽ ഉയർത്തിയ പാതകളും ഭൂഗർഭ പാതകളുമാണ് ഈ പദ്ധതിയിൽ പ്രധാനമായും പരിഗണിക്കുന്നത്. പദ്ധതി കണ്ണൂരിൽ അവസാനിപ്പിക്കാതെ കാസർകോഡ് വരെ നീട്ടുന്നതും സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ട്.