നിലന്പൂർ: തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ നിലന്പൂരിൽ വനമേഖലകളും പുഴയോരങ്ങളും കേന്ദ്രീകരിച്ച് ചാരായവാറ്റ് സജീവമാണെന്ന വിവരത്തെത്തുടർന്ന് എക്സൈസിന്റെ മിന്നൽപരിശോധന. ചാരായം വാറ്റാൻ സൂക്ഷിച്ചുവെച്ച 215 ലിറ്റർ വാഷ് പിടിച്ചെടുത്തു.
ചാലിയാർ പഞ്ചായത്തിലെ മതിൽമൂല ആഢ്യൻപാറ ഭാഗത്തുനിന്നാണ് കന്നാസുകളിൽ സൂക്ഷിച്ച നിലയിൽ സൂക്ഷിച്ച 215 ലിറ്റർ വാഷ് എക്സൈസ് സംഘം പിടിച്ചെടുത്ത് നശിപ്പിച്ചത്. കാഞ്ഞിരപ്പുഴയുടെ 200 മീറ്റർ മുകൾ ഭാഗത്തായി പുഴയുടെ ഇടത്തെ കരയിൽ ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു വാഷ് ഒളിപ്പിച്ചിരുന്നത്.
എക്സൈസ് ഇൻസ്പെക്ടർ എൻ. പ്രേമനന്ദകുമാറും സംഘവുമാണ് പരിശോധന നടത്തിയത്. എക്സൈസ് തുടർ നടപടികൾക്കും അന്വേഷണങ്ങൾക്കുമായി കേസ് രേഖകളും തൊണ്ടിമുതലുകളും നിലന്പൂർ എക്സൈസ് റേഞ്ച് ഓഫീസിന് കൈമാറി.