കാളികാവ് : പള്ളിക്കുളത്തിന് സമീപം കാറ് സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. സ്കൂട്ടറിലെ മറ്റൊരാൾക്കും കാറിലുണ്ടായിരുന്ന രണ്ട് പേർക്കും ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു. സ്കൂട്ടറിൽ സഞ്ചരിച്ച അഞ്ചച്ചവിടി പൂച്ചപ്പൊയിൽ സ്വദേശി പട്ടാണി സമീർ (40)ആണ് മരിച്ചത്.കൂടെ ഉണ്ടായിരുന്ന പറയങ്കല്ലൻ സാബിത്തിനെ (37) ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെയാണ് സംഭവം. കാളികാവിൽ മരണ വീട്ടിൽ നിന്ന് മടങ്ങുകയായിരുന്നു സ്കൂട്ടർ യാത്രക്കാരായ രണ്ട് പേർ.
പള്ളിക്കുളത്തിന് സമീപത്തെ ചായക്കടയിൽ നിന്ന് ചായ കുടിച്ച് സ്കൂട്ടറിൽ കയറിയ ഉടനെ കറുത്തേനി ഭാഗത്ത് നിന്ന് അമിത വേഗതയിൽ വന്ന കാർ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സമീറിന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം പള്ളിശേരി ജുമാ മസ്ജിദിൽ കബറടക്കി.