പാറേക്കാട്ടുകര സെന്റ് മേരീസ് പള്ളി
പാറേക്കാട്ടുകര: പാറേക്കാട്ടുകര സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ഊട്ടുതിരുനാള് നാളെ. തിരുനാളിന്റെ കൊടിയേറ്റുകര്‍മം മോണ്‍. വില്സന് ഈരത്തറ നിര്‍വഹിച്ചു. ഇന്നു രാവിലെ 6.30ന് ലദീഞ്ഞ്, നൊവേന, ആഘോഷമായ ദിവ്യബലി, പ്രസുദേന്തിവാഴ്ച, രൂപം എഴുന്നള്ളിപ്പ് എന്നിവയ്ക്ക് ഫാ. റോയ്സ് കളപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
തിരുനാള്‍ ദിനമായ നാളെ രാവിലെ 6.30ന് ദിവ്യബലി, തുടര്‍ന്ന് 8.30ന് വള എഴുന്നള്ളിപ്പ്. 9.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. ബെനറ്റ് എടാട്ടുകാരന് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. റിജോയ് പഴയാറ്റില്‍ സന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, ഊട്ടുനേര്‍ച്ച എന്നിവ ഉണ്ടായിരിക്കും.
വൈകീട്ട് ആറിന് ഇടവകയിലെ കലാപ്രതിഭകള്‍ അണിനിരക്കുന്ന കലാസന്ധ്യ. ജൂണ്‍ ഒന്നിന് രാവിലെ 6.30ന് ദിവ്യബലിയും പരേതര്‍ക്കുവേണ്ടിയുള്ള തിരുകര്‍മങ്ങളും ഉണ്ടായിരിക്കും.
തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ജോര്‍ജി തേലപ്പിള്ളി, കൈക്കാരന്മാരായ ഡൊമിനി കണ്ണംമ്പിള്ളി, മാടമ്പി രാജു രെജി, ജെറിന് കാവുങ്ങല്‍, തിരുനാള്‍ പ്രസുദേന്തി നിക്സന് ചോനേടന്‍, ജനറല്‍ കണ്‍വീനര്‍ സിജോ കാരാത്ര, ജോയിന്റ് കണ്‍വീനര്‍ ഡെറിന്‍ പ്ലാക്കല്‍, ഊട്ടുനേര്‍ച്ച കണ്‍വീനര്‍ സണ്ണി കണ്ണംമ്പിള്ളി, ഊട്ടുനേര്‍ച്ച ജോയിന്റ് കണ്‍വീനര്‍ ജോര്‍ജ് ചോനേടന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
`നന്തിക്കര സെന്റ് മേരീസ് പള്ളി
നന്തിക്കര: സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. വികാരി ഫാ. വില്സന് പെരേപ്പാടന് കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. ഇന്നും നാളെയുമാണ് തിരുനാള്‍ ആഘോഷിക്കുന്നത്. ഇന്നു നടക്കുന്ന അമ്പ് തിരുനാളില്‍ രാവിലെ കൂടുതുറക്കല്, അമ്പ് വെഞ്ചരിപ്പ് തിരുകര്‍മങ്ങള്‍ക്ക് ഫാ. സിബു കള്ളാപറമ്പില്‍ കാര്‍മികനാകും. രാത്രി 10.30ന് അമ്പ് പ്രദക്ഷിണങ്ങള്‍ പള്ളിയില്‍ സമാപിക്കും.
നാളെ രാവിലെ 10.15നുള്ള പാട്ടുകുര്‍ബാനയ്ക്ക് ഫാ. ഷാജി തെക്കേക്കര മുഖ്യകാര്‍മികനാകും. ഫാ. ജോജി കല്ലിങ്ങല്‍ സന്ദേശം നല്‍കും. വൈകിട്ട് 4.30ന് പ്രദക്ഷിണം, രാത്രി ഏഴു മുതല്‍ ഒന്‍പതു വരെ ബാന്‍ഡ് മേളം തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍.
പുത്തൻചിറ മങ്കിടി കപ്പേള തിരുനാൾ
പുത്തൻചിറ: മങ്കിടി സെന്റ് മേരീസ് കപ്പേളയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ വണക്കമാസത്തിരുനാളും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ മറിയം ത്രേസ്യയുടെയും സംയുക്ത തിരുനാളും കൊടിയേറി. കുറ്റിക്കാട് ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ. സെൻജോ മാളിയേക്കൽ, ഫൊറോന വികാരി ഫാ. ബിനോയ് പൊഴോലിപറന്പിൽ എന്നിവർ കൊടിയേറ്റം, ലദീഞ്ഞ്, നൊവേന എന്നിവക്ക് കാർമികത്വം വഹിച്ചു.
പുത്തൻചിറ ഫൊറോന പള്ളിയുടെ പടിഞ്ഞാറെ കരയിലുള്ള ഏഴ് കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തുന്ന തിരുനാളിന്റെ വിജയത്തിനായി അസിസ്റ്റന്റ് വികാരി ഫാ. അലൻ തെക്കുംപുറം, പ്രസുദേന്തി മൈക്കിൾ ജോർജ് മൂഞ്ഞേലി, തിരുനാൾ കണ്‍വീനർ ഡേവിസ് കൊരട്ടിക്കാരൻ പയ്യപ്പിള്ളി, കൈക്കാരന്മാർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. ഇന്നു വൈകീട്ട് 5.30ന് തിരുനാൾ കുർബാനക്കുശേഷം പ്രദക്ഷിണം, നേർച്ച എന്നിവ നടക്കും.
കാറളം ഹോളി ട്രിനിറ്റി പള്ളി
കാറളം: കാറളം ഹോളി ട്രിനിറ്റി ദേവാലയത്തില്‍ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളും ഊട്ടുനേര്‍ച്ചയും നാളെ ആഘോഷിക്കും. രാവിലെ 9.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഊട്ടുനേര്‍ച്ച ഉണ്ടായിരിക്കും. വൈകീട്ട് ഏഴിന് ഇടവക ദിനാഘോഷ പരിപാടികള്‍ നടക്കും. രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി മുഖ്യാതിഥി ആയിരിക്കും.
തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ജീസണ്‍ കാട്ടൂക്കാരന്‍, കൈക്കാരന്മാരായ ലൂജി ചാക്കേരി, പോള്‍സണ്‍ വടക്കേത്തല, ജനറല്‍ കണ്‍വീനര്‍ ജസ്നോ ജോയ് കുരുതുകുളങ്ങര എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.