സ്കൂള്‍ മണികള്‍ മുഴങ്ങാത്ത, പുസ്തകക്കെട്ടുകളുടെ ഭാരമില്ലാത്ത കളിയാരവം ഉയരുന്ന നാളുകളാണ് ഓരോ അവധിക്കാലവും. എന്നാല്‍ ഈ ആഘോഷങ്ങള്‍ക്കിടയില്‍ നാം മറന്നുപോകുന്ന ചില കാര്യങ്ങള്‍ വലിയ നോവുകളായി മാറുന്നു. മുറ്റത്തെ മാവില്‍ കല്ലെറിഞ്ഞും തൊടിയില്‍ തുമ്പികളെ പിടിച്ചും നടന്നിരുന്ന പഴയ അവധിക്കാലം ഇന്നും നമ്മുടെ ഓര്‍മകളില്‍ ഒരു കുളിര്‍മയാണ്.
എന്നാല്‍, ഓരോ വേനലവധി കഴിയുമ്പോഴും പത്രത്താളുകളില്‍ ചിരിച്ചുകൊണ്ടിരിക്കുന്ന ചില കുഞ്ഞുമുഖങ്ങള്‍ നമ്മുടെ നെഞ്ചില്‍ തീരാവേദനയായി മാറുന്നുണ്ട്. അമ്മയുടെ കൈവിട്ടുപോയ ഒരു നിമിഷം, പുഴയുടെ ആഴമറിയാതെ ചാടിയ ഒരൊറ്റ ആവേശം, അല്ലെങ്കില്‍ റോഡിലെ ഒരു നിമിഷത്തെ അശ്രദ്ധ ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍. ആഘോഷങ്ങള്‍ വേണം, കളിചിരികള്‍ ഉയരണം; പക്ഷേ അത് കണ്ണീരിന്റെ നിമിഷമാകരുത്. അല്‍പ്പം ജാഗ്രത മതി ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍.
ലഹരിയുടെ ചതിക്കുഴികള്‍
കൂട്ടുകാരോടൊപ്പമുള്ള കളിചിരികള്‍ക്കിടയില്‍ ‘ഒരിക്കല്‍ മാത്രം’ എന്ന വ്യാജേന കടന്നുവരുന്ന ലഹരിയുടെ ചതിക്കുഴികള്‍ ഒരു തലമുറയുടെതന്നെ സ്വപ്നങ്ങളെ ഇല്ലാതാക്കുന്നു. തമാശയായി തുടങ്ങുന്ന ഇത്തരം ശീലങ്ങള്‍ പകരുന്നത് താത്കാലിക ലഹരിയല്ല; മറിച്ച്, ഒരു കുടുംബത്തിന്റെ സമൂലനാശമാണ്. മക്കളെ കാത്തിരിക്കുന്ന മാതാപിതാക്കളുടെ നെഞ്ചിലെ തീയാകരുത് നമ്മുടെ തെറ്റായ തീരുമാനങ്ങള്‍. അല്പം കരുതലും, വേണ്ട എന്ന് ഉറപ്പിച്ചു പറയാനുള്ള ജാഗ്രതയും ഉണ്ടെങ്കില്‍ നമുക്ക് ഈ അവധിക്കാലത്തെയും നമ്മുടെ പ്രിയപ്പെട്ടവരെയും സുരക്ഷിതമാക്കാനാകും. ലഹരിയില്ലാത്ത, സ്നേഹം നിറഞ്ഞ ഓര്‍മകളാകണം ഈ അവധിക്കാലത്തിന് ഹരം പകരുന്നത്.
അപകടം പതിയിരിക്കുന്ന ജലാശയങ്ങള്‍
ലഹരിയുടെ ഇരുളറകള്പോലെ അപകടം ഒളിപ്പിച്ചുവച്ചിരിക്കുന്ന ഇടങ്ങളാണ് പല ജലാശയങ്ങളും. ദൂരക്കാഴ്ചയില്‍ അതിമനോഹരമായി തോന്നിപ്പിക്കുന്ന ഇവയില്‍ പലതും ജീവന് അപഹരിക്കുന്നവയാണ്. കണക്കുകൂട്ടല്‍ പിഴയ്ക്കുന്ന ആഴവും ശക്തമായ ഒഴുക്കും ചുഴിയും അടിയിലെ ചെളിയുമെല്ലാം ദുരന്തത്തിന് കാരണമാകുന്നു. മുതിര്‍ന്നവരുടെ സാന്നിധ്യമില്ലാതെ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നത് അപകടം വരുത്തിവയ്ക്കും. ജലാശയത്തിന് അരികില്‍നിന്നുള്ള സെല്‍ഫിയെടുക്കല്‍, നീന്തല്‍ വശമില്ലാതിരിക്കെ കൂട്ടുകാരുടെ മുന്നില്‍ സാമര്‍ഥ്യം കാണിക്കാനുള്ള ശ്രമങ്ങള്‍ എന്നിവയും മരണക്കെണിയായി മാറുന്നു. ബോട്ടുകളിലും മറ്റും യാത്ര ചെയ്യുമ്പോള്‍ ലൈഫ് ജാക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ കവചങ്ങള്‍ ധരിക്കാന്‍ മടി കാണിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തും.
ആരോഗ്യ സംരക്ഷണം
കനത്ത ചൂട് ശരീരത്തെ മാത്രമല്ല, മനസിനെയും തളര്‍ത്താറുണ്ട്. അവധിക്കാലത്തെ ആഘോഷങ്ങള്‍ക്കിടയില്‍ പലപ്പോഴും നാം മറന്നുപോകുന്ന മറ്റൊരു കാര്യം, നമ്മുടെ ആരോഗ്യമാണ്. വേനല്‍ച്ചൂടില്‍ നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ ഓരോ നിമിഷവും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കണം.
ഉച്ചസമയത്തെ കഠിനമായ വെയില് നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കാനാകണം. അത് സൂര്യാഘാതം പോലുള്ള വലിയ അപകടങ്ങളിലേക്ക് നയിച്ചേക്കാം. പുറത്തിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കാനും അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാനും ശ്രദ്ധവയ്ക്കണം. തണ്ണിമത്തന്, കരിക്കിന്‍വെള്ളം തുടങ്ങിയ പ്രകൃതിദത്തമായ പാനീയങ്ങള്‍ ഉപയോഗിക്കുന്നതും നല്ലതാണ്.
യാത്രയില്‍ ജാഗ്രത വേണം
അവധിക്കാലം എന്നാല്‍ ഒത്തുചേരലുകളുടെയും വിനോദയാത്രയുടെയും അവസരമാണ്. എന്നാല്‍, റോഡിലെ തിരക്കും അമിതവേഗവും പലപ്പോഴും നമ്മുടെ സന്തോഷത്തില്‍ കരിനിഴല്‍ വീഴ്ത്താറുണ്ട്. വീട്ടില്‍ നമ്മെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവരുടെ മുഖം ഓര്മയുണ്ടെങ്കില് ഒരിക്കലും നാം അശ്രദ്ധമായി വാഹനമോടിക്കില്ല. ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഐഎസ്ഐ മുദ്രയുള്ള ഹെല്‍മറ്റും കാറുകളില്‍ സീറ്റ് ബെല്‍റ്റും നിര്‍ബന്ധമായും ധരിക്കാന്‍ മറക്കില്ല. ഇത് കേവലം നിയമാനുഷ്ഠാനമല്ല; മറിച്ച്, നമ്മുടെ ജീവന് കാവലും കവചവുമാണ്.
മദ്യപിച്ചുള്ള ഡ്രൈവിംഗും വാഹനം ഓടിക്കുമ്പോഴുള്ള മൊബൈല്‍ ഉപയോഗവും ഒരു നിമിഷംകൊണ്ട് ആയുസിന്റെ മുഴുവന്‍ വെളിച്ചവും കെടുത്തിക്കളയുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനേക്കാള്‍ പ്രധാനം സുരക്ഷിതമായി അവിടെ എത്തിച്ചേരുകയെന്നതാണ്. ഈ തിരിച്ചറിവാകണം വാഹനത്തില്‍ കയറുമ്പോള്‍ നമ്മുടെ ചിന്തയെ ഭരിക്കേണ്ടത്. ട്രാഫിക് നിയമങ്ങള്‍ പാലിച്ച് മറ്റുള്ളവര്‍ക്കുകൂടി സുരക്ഷിത യാത്ര പ്രദാനം ചെയ്യാന്‍ നമുക്കാകണം. ഓരോ യാത്രയും ഒരിക്കലും മായാത്ത മുറിവുകളാകാതെ, അവ മനോഹരമായ ഓര്‍മകളായി മാറട്ടെ.
ഡിജിറ്റല്‍ ലോകത്തെ ചതിക്കുഴികള്‍
സൈബര്‍ ലോകം ചതിക്കുഴികള്‍ നിറഞ്ഞ ഇടമായി മാറിയിരിക്കുന്നു. അടച്ചിട്ട മുറിക്കുള്ളില്‍ ഫോണിലും കംപ്യൂട്ടറിലും അമിതസമയം ചെലവഴിക്കുന്ന കുഞ്ഞുങ്ങള്‍ വലിയ ചതിക്കുഴികളിലേക്കാണ് നടന്നുനീങ്ങുന്നത്. സ്ക്രീനിലെ വര്‍ണക്കാഴ്ചകള്‍ക്കു പിന്നില്‍ ഒളിച്ചിരിക്കുന്ന അപരിചിതരുമായി സംസാരിക്കുന്നതും ചാറ്റിംഗ് നടത്തുന്നതുമെല്ലാം ജീവിതത്തിന്റെ സന്തോഷം കെടുത്തിക്കളയുമെന്ന് അറിയുന്ന കുട്ടികളുടെ എണ്ണം വിരളമാണ്.
ഡിജിറ്റല്‍ ലോകത്തെ കൃത്രിമവെളിച്ചത്തേക്കാള് മനോഹരം തൊടിയിലെ പൂക്കളും പക്ഷികളുടെ ചിലമ്പലും കിന്നാരം പറഞ്ഞെത്തുന്ന ഇളംകാറ്റുമെല്ലാമാണ്. ഈ അവധിക്കാലത്ത് മൊബൈല്‍ ഫോണുകള്‍ മാറ്റിവച്ച് മണ്ണിന്റെ മണവും മഴയുടെ സൗന്ദര്യവും അനുഭവിച്ചു വളരാന്‍ അവര്‍ക്ക് അവസരമൊരുക്കാം. അതോടൊപ്പം, നാം പോകുന്ന ഇടങ്ങള്‍ പ്ലാസ്റ്റിക് മുക്തമായി സൂക്ഷിക്കാനും പ്രകൃതിയെ നോവിക്കാതെ സംരക്ഷിക്കാനും അവരെ ശീലിപ്പിക്കാം.
ചേര്‍ത്തുപിടിക്കാം, പൊന്നോമനകളെ
ഈ അവധിക്കാലത്തിനുശേഷം വിദ്യാലയ മുറ്റത്ത് വീണ്ടും മണികള്‍ മുഴങ്ങുമ്പോള്‍ പഴയ സൗഹൃദവും നിഷ്കളങ്കമായ ചിരിയും അല്പംപോലും കുറയാതിരിക്കാന്‍ നമുക്കു ശ്രദ്ധിക്കാം. ഓരോ കുഞ്ഞും അക്ഷരമുറ്റത്ത് അറിവിന്റെ മുത്തുതേടി ഉയരങ്ങളിലേക്ക് കുതിക്കാന്‍ ഓടിയെത്തട്ടെ. അതിനായി പുതുതലമുറയ്ക്ക് അറിവും തിരിച്ചറിവും പകര്ന്നുനല്കുന്ന ലൈറ്റ് ഹൗസായി നമുക്കു മാറാം.
Tags : Be careful holidays