അരിമ്പൂർ: മനക്കൊടി പുള്ള് റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതംനിരോധിച്ചതായി പിഡബ്ല്യുഡി ബോർ ഡ് വച്ചു. മൂന്നിടത്താണ് റോഡിലൂടെ വെള്ളം കവിഞ്ഞൊഴുകുന്നത്. ചിലയിടത്ത് ഒന്നരയടിയോളം ഉയരത്തിലാണ് വെള്ളം ഒഴുകുന്നത്. റോഡിന്റെ ഉയരക്കുറവുമൂലമാണ് എല്ലാ വർഷവും വെള്ളം കവിഞ്ഞൊഴുകുന്നതും ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതും.
അഞ്ചുമുറി കോൾപ്പടവിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നാട്ടുകാർ ചീപ്പ് പൊളിച്ച് വെള്ളം വാരിയം കോളിലേക്ക് ഒഴുക്കിവിട്ടു. ഇവിടെനിന്നുള്ള വെള്ളം മറ്റു പടവുകൾ വഴി പെരുമ്പുഴ പാടശേഖരത്തിൽ എത്തും. അവിടെനിന്ന് മണലൂർ പടവിലേക്ക് വെള്ളം പോകാനുള്ള സൗകര്യത്തിനായി ആറാംകല്ല് പെരുമ്പുഴ ചെറിയ പാലത്തിനു സമീപമുള്ള കഴയും പൊളിച്ചു.
തോട്ടുപുര പടവിലെ കഴയും കൂടി ഇനി തുറക്കേണ്ടതുണ്ട്. വാരിയംകോളിലും അഞ്ചുമുറി പടവിലും ലക്ഷങ്ങളുടെ മീനുകൾ വളർത്തുന്നുണ്ട്. അഞ്ചുമുറി പടവിൽ വെള്ളം ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് മനക്കൊടി പ്രദേശത്ത് രണ്ടുകുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
പടവുകളിൽനിന്ന് വെള്ളം ഒഴുക്ക് സുഖമമാക്കിയെങ്കിലും കരുവന്നൂർ പുഴയിൽ നിന്ന് കൂടുതൽ വെള്ളം എത്തിയാൽ ഇതുവഴിയുള്ള യാത്ര അപകടകരമാകും. മുന്നറിയിപ്പ് ബോർഡുകൾ അവഗണിച്ച് ഇതുവഴി യാത്ര ചെയ്യുന്ന പലരും വാഹനം അടക്കം വെള്ളത്തിൽ കുടുങ്ങേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്.
തൃശൂരിൽനിന്ന് തൃപ്രയാറിലേക്ക് പോകുവാൻ ഒന്പതുകിലോമീറ്റർ ദൂരം ലാഭമുള്ള റോഡാണെന്നതിനാൽ നിരവധി വാഹനങ്ങളാണ് ഇതുവഴി പോ കുന്നത്. മനക്കൊടി - പുള്ള് റോഡിന്റെ ഇടയിൽനിന്നും തിരിഞ്ഞ് ശാസ്താംകടവ് വഴി കോടന്നൂരിലേക്കും ഒരു റോഡ് പോകുന്നുണ്ട്. ഇവിടെയും ചെറു തായി വെള്ളം ഉയർന്നിട്ടുണ്ട്.