ഏറ്റുമാനൂര്‍: എംസി റോഡില്‍ ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പട്ടണങ്ങളില്‍ ഒന്നാണ് ഏറ്റുമാനൂര്‍. എന്നാല്‍ പ്രശ്നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ടുള്ള പരിഹാര നടപടികള്‍ ഉണ്ടാകുന്നില്ല.
നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഒന്നര പതിറ്റാണ്ടു മുമ്പേ നിര്‍ദ്ദേശിക്കപ്പെട്ട പദ്ധതികളാണ് മണര്‍കാട് ബൈപാസ് റോഡ്, ഫ്ളൈ ഓവര്‍, റിംഗ് റോഡ് എന്നിവ. ഇവയില്‍ ബൈപാസ് റോഡ് യാഥാര്‍ഥ്യമായി. ഫ്ളൈ ഓവര്‍ പദ്ധതി ഉപേക്ഷിച്ചു. റിംഗ് റോഡിനുള്ള പ്രാഥമിക നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ല.
മണര്‍കാട് ബൈപാസ് റോഡ് തുറക്കുന്നതോടെ ടൗണിലെ ഗതാഗതക്കുരുക്കിന് ഗണ്യമായ കുറവുണ്ടാകുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ബൈപാസ് റോഡിനെ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചിട്ടുമില്ല.
സിഗ്നൽ സംവിധാനം പരിഷ്കരിക്കണം
ഏറ്റുമാനൂര്‍ ടൗണ്‍, പാറകണ്ടം, പട്ടിത്താനം റൗണ്ടാന എന്നിവിടങ്ങളിലെ സിഗ്നല്‍ സംവിധാനങ്ങള്‍ പരിഷ്കരിച്ച് സജീവമാക്കണം. ഏറ്റുമാനൂരില്‍ ട്രാഫിക് പോലീസ് യൂണിറ്റ് ആരംഭിക്കണമെന്ന ദീര്‍ഘകാല ആവശ്യത്തിലും നടപടി ഉണ്ടാകണം.
വേണം റിംഗ് റോഡ്
റിംഗ് റോഡ് വരുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതിനൊപ്പം ഉപേക്ഷിക്കപ്പെട്ട ഫ്ളൈ ഓവര്‍ പദ്ധതിയെപ്പറ്റി പുനര്‍വിചിന്തനം ഉണ്ടാകണം. ഫ്ളൈ ഓവറിന്റെ അലൈന്മെന്റിനെ സംബന്ധിച്ച് വിശദമായ പഠനവും ചര്‍ച്ചയും നടത്തി എതിര്‍പ്പുകള്‍ ഒഴിവാക്കണം. ഈ രണ്ടു കാര്യങ്ങളിലും എംഎല്‍എയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അടിയന്തര നടപടികള്‍ക്ക് തയാറാകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.