കാര്‍ഷിക മേഖലയ്ക്ക് സാങ്കേതികവിദ്യയുടെ പുത്തനുണര്‍വ് നല്കുന്ന കണ്ടുപിടിത്തവുമായി കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് സ്വദേശിയും എന്‍ജിനിയറുമായ അഭിനവ് ബാവോസും സംഘവും.
കാഞ്ഞിരപ്പള്ളി ആസ്ഥാനമായി 2023ല്‍ പ്രവര്‍ത്തനം ആരംഭിച്ച അഗ്രോ ടീന്‍ ലാബ്സ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറും സോഫ്റ്റ്വേര്‍ ലീഡറുമായ അഭിനവ് ബാവോസിന്റെ നേതൃത്വത്തില്‍ മാത്യു ജയ്സ്, അലോഷ് ജോണി, ക്രിസ്റ്റിന് ജോസ് കുരുവിള, പ്രവീണ്‍ അലോഷ്യസ്, കെ.കെ. ഒനേസിമോസ്, റിതിക് ജിജി, ജൂബിന്‍ രാജ് എന്നിവരടങ്ങുന്ന യുവ എന്‍ജിനിയര്‍മാരുടെ സംഘമാണ് ഗവേഷണവും ഉത്പന്ന വികസനവും നടത്തിവരുന്നത്.
കാര്‍ഷിക മേഖലയ്ക്കായി എഐ, എല്‍ഒടി, എംബെഡഡ് സിസ്റ്റം, ഓട്ടമേഷന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി നൂതന പരിഹാരങ്ങള്‍ വികസിപ്പിക്കുന്ന ഒരു അഗ്രിടെക് സ്റ്റാര്‍ട്ടപ്പാണ് അഗ്രോ ടീന്‍ ലാബ്സ്.
അഗ്രോ ടീന്‍ ലാബ്സിലെ പ്രധാന ഉത്പന്നങ്ങളായ അഗ്രോസെന്സ് എന്ന എല്‍ഒടി ഉപകരണവും അഗ്രോ ട്രാക് എന്ന ക്ലൗഡ് അധിഷ്ഠിത ഫാം മാനേജ്മെന്റ് പ്ലാറ്റ്ഫോമും ഉപയോഗിച്ച് കൃഷിയിടങ്ങളിലെ താപനില, ഈര്‍പ്പം, കാര്‍ബണ്‍ ഡയോക്സൈഡ് തുടങ്ങിയ പരിസ്ഥിതി ഘടകങ്ങള്‍ തത്സമയം നിരീക്ഷിക്കാനും ആവശ്യമായ ഉപകരണങ്ങള്‍ ദൂരെയിരുന്ന് നിയന്ത്രിക്കാനും കഴിയും.
നിയന്ത്രിത കാര്‍ഷിക മേഖലകളായ മഷ്റൂം ഫാമുകള്‍, ഗ്രീന്‍ ഹൗസുകള്‍, ഹൈഡ്രോപോണിക്സ്, ഇന്‍ഡോര്‍ ഫാമുകള്‍, മത്സ്യകൃഷി, നെല്‍പ്പാടങ്ങള്‍ എന്നിവയ്ക്കായി സ്മാര്‍ട്ട് നിരീക്ഷണവും ഓട്ടോമേഷന്‍ സംവിധാനങ്ങളും വികസിപ്പിക്കുകയാണ് കമ്പനിയുടെ പ്രധാന പ്രവര്‍ത്തനം.
മഷ്റൂം കൃഷി, ഗ്രീന്‍ഹൗസ് കൃഷി, ഹൈഡ്രോപോണിക്സ്, ഇന്‍ഡോര്‍ കൃഷി, മത്സ്യകൃഷി തുടങ്ങിയ മേഖലകളില്‍ അഗ്രോ ടീന്‍ ലാബ്സിന്റെ സാങ്കേതികവിദ്യ വിജയകരമായി ഉപയോഗിച്ചുവരുന്നുണ്ട്.
കേരളത്തില്‍ പിറവത്തെ ലീനാസ് മഷ്റൂം, കോതമംഗലത്തെ ബാക്ക് ടു ഫാം, തൃശൂര്‍ ഹോം മഷ്റൂംസ്, പട്ടാമ്പി കൂണ് ഫ്രഷ്, പത്തനംതിട്ട ജില്ലയിലെ വിവിധ ഫാമുകള്‍ എന്നിവിടങ്ങളില്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കേരളത്തിനു പുറമെ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലേക്കും ഇതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.
ഫാം ഓട്ടോമേഷനൊപ്പം, കുട്ടനാട് ഉള്‍പ്പെടെയുള്ള നെല്പ്പാടങ്ങള്ക്കായി സ്മാര്‍ട്ട് പമ്പ് ഓട്ടോമേഷന്‍ സംവിധാനവും കമ്പനി വികസിപ്പിച്ചിട്ടുണ്ട്.
നിലവിലുള്ള പമ്പുകളില്‍ കണ്ട്രോളറുകള് സംയോജിപ്പിച്ച് ജലനിരപ്പും സമയക്രമവും അടിസ്ഥാനമാക്കി പമ്പുകളുടെ പ്രവര്‍ത്തനം സ്വയം നിയന്ത്രിക്കാന്‍ കഴിയുന്ന രീതിയിലാണ് സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ജലസേചനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ഓട്ടോമേറ്റഡ് ഡ്രിപ്പ് ഇറിഗേഷന്‍ സിസ്റ്റവും അഗ്രോ ടീന്‍ ലാബ്സ് വികസിപ്പിച്ചുവരുന്നുണ്ട്. നിലവില്‍ പ്രവര്‍ത്തിക്കുന്ന ജലസേചന സംവിധാനങ്ങളെ അഗ്രോ ടീന്‍ കണ്ട്രോളറുകള് ഉപയോഗിച്ച് സ്മാര്‍ട്ട് ഓട്ടോമേഷനിലേക്ക് മാറ്റുന്നതിനുള്ള പരിഹാരങ്ങളും കമ്പനി നല്‍കുന്നുണ്ട്.
കാര്‍ഷിക യന്ത്രവത്കരണ രംഗത്തും അഗ്രോ ടീന്‍ ലാബ്സ് ഗവേഷണം തുടരുകയാണ്. കൈതച്ചക്ക കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന ഓട്ടോമേറ്റഡ് പൈനാപ്പിള്‍ ഇല, തൈ ബണ്ട്ലിംഗ് മെഷീനും വികസിപ്പിച്ചിട്ടുണ്ട്. ഈ കണ്ടുപിടിത്തത്തിന് പേറ്റന്റിനായി കമ്പനി അപേക്ഷ നല്‍കിക്കഴിഞ്ഞു.