ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച കേസിൽ എസ്ഐടി അന്വേഷണം ഊർജിതമാക്കുന്നു. അന്വേഷണം അട്ടിമറിക്കാൻ ഉന്നത ഇടപെടൽ നടന്നുവെന്ന വിലയിരുത്തലിനെ തുടർന്ന് കേസ് അന്വേഷിച്ച പോലീസുകാരെ ഉടൻ ചോദ്യം ചെയ്യും.
ആദ്യപടിയായി അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി സുനിൽ രാജിന് എസ്ഐടി നോട്ടീസ് അയച്ചതായി റിപ്പോർട്ടുകളുണ്ട്. മർദനമേറ്റ ആലപ്പുഴ എംഎൽഎ എ.ഡി.തോമസും യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസും ഉടൻ മൊഴി നൽകും.
ആലപ്പുഴ മുൻ എസ്പി ചൈത്ര തെരേസ ജോൺ നൽകിയ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയതിന്റെ തെളിവും എസ്ഐടിക്ക് ലഭിച്ചു. ഗൺമാൻമാരുടെ മർദനം ചട്ടവിരുദ്ധമെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ചൈത്ര തെരേസ ജോൺ ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് കൈമാറിയത്.