ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുശേഷം രാജ്യത്ത് ഇന്ധന വില വർധിപ്പിക്കുമെന്ന പ്രചാരണം തള്ളി കേന്ദ്ര പെട്രോളിയം മന്ത്രാലയം. നിലവിൽ ഇന്ധനവില വർധിപ്പിക്കാനുള്ള യാതൊരു നിർദേശവും സർക്കാരിന്റെ പരിഗണനയിലില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴിയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
പൗരന്മാർക്കിടയിൽ ഭീതിയും പരിഭ്രാന്തിയും സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തകളാണു പ്രചരിക്കുന്നത്. കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഇന്ധന വില വർധിപ്പിക്കാത്ത ഏക രാജ്യം ഇന്ത്യയാണ്. അന്താരാഷ്ട്രവിപണിയിലെ വിലക്കയറ്റത്തിൽനിന്നു ജനങ്ങളെ സംരക്ഷിക്കാൻ കേന്ദ്രസർക്കാരും പൊതുമേഖലാ എണ്ണക്കന്പനികളും നിരന്തരമായ നടപടികളാണു സ്വീകരിച്ചുവരുന്നതെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
അന്താരാഷ്ട്രതലത്തിൽ ക്രൂഡ് ഓയിൽ വില ഉയരുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ രാജ്യത്ത് ഇന്ധനവില വർധിക്കുമെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്. എന്നാൽ, അന്താരാഷ്ട്രവിപണിയിലെ ഉയർച്ച -താഴ്ചയ്ക്കിടയിലും റീട്ടെയിൽ വിലയിൽ മാറ്റമില്ലാതെ നിലനിർത്താൻ എണ്ണക്കന്പനികൾക്കു സാധിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.