പരവൂര്‍: ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ മുഴുവന്‍ ഭക്ഷ്യസംസ്കരണ-വിതരണ കേന്ദ്രങ്ങളിലും ഭക്ഷണം തയാറാക്കുന്നതിന് തുരുമ്പെടുക്കാത്തതും ഗുണനിലവാരമുള്ളതുമായ കത്തികളും മറ്റ് ഉപകരണങ്ങളും മാത്രമേ ഉപയോഗിക്കാവൂ എന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ കര്‍ശന നിര്‍ദേശം.
ചില ഭക്ഷ്യ ബിസിനസ് സ്ഥാപനങ്ങളില്‍ തുരുമ്പിച്ചതും ജീര്‍ണിച്ചതും പെയിന്റ് ചെയ്തതുമായ കത്തികളും ഉപകരണങ്ങളും ഉപയോഗിച്ച് ഭക്ഷണം കൈകാര്യം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഭക്ഷ്യ സുരക്ഷാ അഥോറിറ്റിയുടെ ഈ അടിയന്തര ഇടപെടല്‍.
അനുയോജ്യമല്ലാത്തതും കേടുപാടുകള്‍ വന്നതുമായ കട്ടിംഗ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതു വഴി ഭക്ഷണത്തില്‍ ഭൗതികവും രാസപരവുമായ മലിനീകരണത്തിന് പുറമെ സൂക്ഷ്മാണുക്കളുടെ സാന്നിധ്യവും വര്‍ധിക്കുമെന്ന് അഥോറിറ്റി പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ഇത് ഉപഭോക്താക്കളുടെ ആരോഗ്യത്തിന് വലിയ തോതില്‍ ഭീഷണിയുയര്‍ത്തുന്ന കാര്യമാണ്.
ഭക്ഷണം തയാറാക്കല്‍, സംസ്കരണം, പാക്കേജിംഗ്, സംഭരണം എന്നിവയ്ക്കായി ഉപയോഗിക്കുന്ന എല്ലാ പാത്രങ്ങളും കട്ടിംഗ് പ്രതലങ്ങളും വിഷരഹിതവും നാശത്തെ പ്രതിരോധിക്കുന്നതുമായ വസ്തുക്കള്‍കൊണ്ട് നിര്‍മിച്ചതായിരിക്കണം. ഇവ എപ്പോഴും പൂര്‍ണമായും വൃത്തിയുള്ളതും ശുചിത്വമുള്ളതുമായ അവസ്ഥയില്‍ മാത്രമേ സൂക്ഷിക്കാവൂ.
തുരുമ്പോ വിള്ളലുകളോ ചായം ഇളകിയതോ ആയ ഉപകരണങ്ങള്‍ കണ്ടെത്തിയാല്‍ അവ ഉടന്‍ മാറ്റിസ്ഥാപിക്കണം. കൃത്യമായ ഇടവേളകളില്‍ ഇവ വൃത്തിയാക്കാനും സാനിറ്റൈസ് ചെയ്യാനും സ്ഥാപന നടത്തിപ്പുകാര്‍ തയാറാകണം. നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തുന്നവര്‍ക്ക് എതിരേ 2006-ലെ ഭക്ഷ്യസുരക്ഷാ നിലവാര നിയമ പ്രകാരം കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്നും അഥോറിറ്റി മുന്നറിയിപ്പ് നല്കി.