തൊടുപുഴ: ജില്ലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുതായി 54,000 ഏക്കര്‍ ഭൂമി സംരക്ഷിത വനമാക്കി മാറ്റിയതായി വനംമന്ത്രി നിയസഭയില്‍ രേഖാമൂലം നല്കിയ മറുപടിയില്‍ വ്യക്തമാക്കിയിരുന്നതായി ഡിസിസി ജനറല്‍ സെക്രട്ടി ബിജോ മാണി ആരോപിച്ചു.
അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലയളവില്‍ 16,354 ഏക്കറും പിണറായി സര്‍ക്കാരിന്റെ കാലയളവില്‍ 37,646 ഏക്കറുമാണ് റിസര്‍വ് വനമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ജില്ലയില്‍ വനവിസ്തൃതി വര്‍ധിപ്പിച്ചതുമൂലം ജീവിക്കാനാകാത്ത സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. നിര്‍ദിഷ്ട സത്രം എയര്‍ സ്ട്രിപ്പിന്റെ ഭൂമി റിസര്‍വ് വനമായി വിജ്ഞാപനം ചെയ്തതിനാല്‍ നിര്‍മാണപ്രവര്‍ത്തനം തടസപ്പെട്ടിരുന്നു. ഇതിനു സമാനമായ സംഭവമാണ് വി.എസ്. സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത വാഗമണ്‍ റിസര്‍വിന്റെ പേരിലും ഉണ്ടായിട്ടുള്ളത്. ഇതുമൂലം മൂലമറ്റം-പതിപ്പള്ളി-ഉളുപ്പൂണി റോഡിന്റെ നിര്‍മാണം വര്‍ഷങ്ങളായി തടസപ്പെട്ടിരിക്കുകയാണ്.
2014-15ലാണ് ഈ റോഡിന് 9.38 കോടി ബജറ്റില്അനുവദിച്ചത്. ഇതിനു പുറമേ ഈ മേഖലയിലെ പട്ടയനടപടികള്‍ പൂര്‍ണമായും തടസപ്പെട്ടിരിക്കുന്ന സാഹചര്യമാണ്. 1966 മുതലുള്ള കൈവശഭൂമിയില്‍ കൃഷിചെയ്തതിന് ഭൂ ഉടമയ്ക്കെതിരേ കള്ളക്കേസ് എടുത്തത് ഉള്‍പ്പെടെ വനംവകുപ്പ് കടുത്ത കര്‍ഷകദ്രോഹ നടപടികളാണ് നടത്തുന്നത്.
പതിറ്റാണ്ടുകളായി ഭൂമി കൈവശംവച്ച് പട്ടയത്തിന് കാത്തിരിക്കുന്ന കര്‍ഷകരെ എല്‍ഡിഎഫ് സര്‍ക്കാര്‍ കൈയേറ്റക്കാരാക്കി ഇവര്‍ക്ക് പട്ടയം നിഷേധിച്ച് ആസൂത്രിതമായി കുടിയിറക്കാനുള്ള നീക്കമാണ് നടത്തുന്നത്. പരിസ്ഥിതി സംഘടനകളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
ഒരിഞ്ച് ഭൂമിപോലും വനമാക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ ജില്ലയിലെ എല്‍എഡിഎഫ് എംഎല്‍എമാരും മന്ത്രിയും തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും ബിജോ മാണി ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷാനു ഷാഹുലും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.