Kerala
പത്തനംതിട്ട: കോട്ടാങ്ങലിൽ യുവതിയെ പങ്കാളിയുടെ വീട്ടിൽ വച്ച് പീഡിപ്പിച്ച് ജീവനോടെ കെട്ടിത്തൂക്കിക്കൊന്ന കേസിലെ പ്രതി നസീറിനു ജീവപര്യന്തം തടവുശിക്ഷ. നഴ്സായ ടിഞ്ചു മൈക്കിൾ ആണ് കൊല്ലപ്പെട്ടത്.
തടിക്കച്ചവടക്കാരനായ കോട്ടാങ്ങൽ സ്വദേശി നസീർ കേസിൽ കുറ്റക്കാരനെന്ന് പത്തനംതിട്ട ജില്ലാ അഡീഷണൽ ആൻഡ് സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. ബലാത്സംഗത്തിനും വീട്ടിൽ അതിക്രമിച്ച് കയറിയതിനും കൊലപാതകത്തിനുമാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതി രണ്ട് ലക്ഷത്തിലധികം രൂപ പിഴയൊടുക്കണമെന്നും കോടതി വിധിച്ചു.
ഈ തുക, പോലീസ് ആദ്യം അറസ്റ്റ് ചെയ്ത് ക്രൂരമായി മർദിച്ച ടിഞ്ചുവിന്റെ പങ്കാളിക്കു നൽകണമെന്നും കോടതി നിർദേശിച്ചു. 2019 ഡിസംബർ 15 ആയിരുന്നു സംഭവം. 20 മാസങ്ങൾക്കു ശേഷം ക്രൈംബ്രാഞ്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോട്ടാങ്ങല് പുളിമൂട്ടില് നസീര് (നെയ്മോന്- 44) നെയാണ് കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയത്. പത്തനംതിട്ട അഡീഷണല് ജില്ലാ കോടതി (ഒന്ന്) ജി.പി. ജയകൃഷ്ണനാണ് പ്രതി കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്.
കൊലപാതകം, പീഡനം, അതിക്രമിച്ചുകയറല് എന്നീ കുറ്റങ്ങള് തെളിഞ്ഞതായി കോടതി കണ്ടെത്തി.പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര് ഹരിശങ്കര് പ്രസാദ് ഹാജരായി. കോട്ടാങ്ങല് പുല്ലാഞ്ഞിപ്പാറ കണയങ്കല് വീട്ടില് ടിഞ്ചു മൈക്കിള് (26) 2019 ഡിസംബര് 15നാണ് വീടിനുള്ളില് കൊല്ലപ്പെട്ടത്.
ഭര്ത്താവിനെ ഉപേക്ഷിച്ച് സുഹൃത്തായ ടിജിന് ജോസഫിനൊപ്പം താമസിക്കുകയായിരുന്നു ടിഞ്ചു. സംഭവദിവസം ടിജിനും പിതാവും പുറത്തു പോയിരിക്കുകയായിരുന്നു. ടിഞ്ചു മാത്രമായിരുന്നു വീട്ടിൽ.
ഈ സമയം എത്തിയ നസീര് കിടപ്പുമുറിയില് വച്ച് ബലപ്രയോഗത്തിലൂടെ കീഴ്പെടുത്താന് ശ്രമിക്കവേ കട്ടിലില് തല ഇടിച്ച് ടിഞ്ചു അബോധാവസ്ഥയിലായി. തുടര്ന്ന് ക്രൂരമായി പീഡിപ്പിച്ച ശേഷം മുണ്ട് കഴുത്തില് കുരുക്കി മൃതദേഹം മുറിയുടെ മേല്ക്കൂരയിലെ ഇരുമ്പ് ഹുക്കില് കെട്ടിത്തൂക്കി നസീര് കടന്നുകളയുകയായിരുന്നു.
അന്നത്തെ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയും നിലവില് തിരുവനന്തപുരം കണ്ട്രോള് റൂം എസിപിയുമായ ആർ. പ്രതാപന് നായര് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ലൈംഗിക പീഡനവും കൊലപാതകവും നടന്നതായി കണ്ടെത്തിയത്.
നേരത്തേ ലോക്കല് പോലീസ് നടത്തിയ അന്വേഷണത്തില് ആണ് സുഹൃത്ത് ടിജിനെ കുറ്റാരോപിതനാക്കിയാണ് മുന്നോട്ടുപോയത്. കേസന്വേഷണത്തിന്റെ ഭാഗമായി ടിജിന് ഏറെ പീഡനങ്ങള് ഏല്ക്കേണ്ടിവന്നു. ടിജിന്റെ പരാതിയെ തുടര്ന്ന് 2020 ഫെബ്രുവരിയില് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏല്പിച്ചു.
ദൃക്സാക്ഷികള് ഇല്ലാതിരുന്ന കേസില് ക്രൈംബ്രാഞ്ചിന്റെ അന്വേഷണമികവാണ് തടിക്കച്ചവടക്കാരനായ നസീറിലേക്ക് അന്വേഷണം എത്തിയത്. ക്രൂരമായ ലൈംഗിക അതിക്രമങ്ങളും ശാരീരികപീഡനവും നടന്നതിനുള്ള ശാസ്ത്രീയതെളിവുകളും അന്വേഷണസംഘം പരിശോധനയില് കണ്ടെത്തി.
സംഭവദിവസം വീടിനു സമീപത്ത് സാന്നിധ്യം സംശയിക്കപ്പെട്ട മൂന്നുപേരെ തുടര്ച്ചയായി ചോദ്യംചെയ്തു. ഇതില് പ്രദേശവാസിയായ നസീറും ഉണ്ടായിരുന്നു. ടിഞ്ചുവിന്റെ മൃതദേഹത്തില് 53 മുറിവ് കണ്ടെത്തുകയും ചെയ്തു. മൃതദേഹം കെട്ടിത്തൂക്കാനായി ഉപയോഗിച്ച കെട്ടിന്റെ ശൈലി തടിക്കച്ചവടക്കാരനായ നസീറിലേക്ക് അന്വേഷണം വേഗത്തിലെത്തിച്ചു. യുവതിയുടെ നഖത്തിനടിയിൽനിന്നു കിട്ടിയ തൊലിയും ബീജവും അടക്കം ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷൻ വാദത്തിനു ബലംപകർന്നു.
Kerala
കൊച്ചി: രണ്ടു വയസുള്ള ആൺകുഞ്ഞിനെ പൈപ്പിനടിയില് ശ്വാസം മുട്ടിച്ചു കൊന്ന കേസില് അമ്മയുടെ കാമുകന് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കൊല്ലം സ്വദേശി സുഭാഷി (43) നെയാണ് എറണാകുളം അഡീഷണല് സെഷന്സ് (പോക്സോ) കോടതി ജഡ്ജി സി.കെ. മധുസൂദനൻ ശിക്ഷിച്ചത്.
2010 ഫെബ്രുവരി 25നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. പ്രതിക്കൊപ്പം ജീവിക്കാനായി 2009ല് കുട്ടിയുടെ അമ്മ ഭര്ത്താവ് ഗള്ഫില് പോയ സമയത്ത് പശ്ചിമബംഗാളിലേക്കു പോയി. പിന്നീട് തിരിച്ചെത്തി തോപ്പുംപടിയിലെ ലോഡ്ജില് താമസിക്കവെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.
കുട്ടിയുടെ അമ്മയുമായി സ്വസ്ഥജീവിതം നയിക്കാനായി ഇവര് ഉറങ്ങുമ്പോള് മകന് ആദിത്യനെ പൈപ്പിലും പിന്നീട് ബക്കറ്റിലും വെള്ളത്തില് മുക്കുകയായിരുന്നു. അപകടമാണെന്നു പറഞ്ഞ് കുട്ടിയെ കരിവേലിപ്പടി സര്ക്കാര് ആശുപത്രിയില് എത്തിച്ചപ്പോള് ഡോ. ജിജോ പോളാണ് പോലീസിനെ വിവരമറിയിച്ചത്.
പിന്നീട് പ്രതി കുറ്റം സമ്മതിച്ചു. പിഴ അടച്ചാല് തുകയ്ക്ക് അമ്മ അര്ഹയല്ലെന്നും കോടതി വിധിച്ചു.
ദൃക്സാക്ഷികളില്ലാത്ത കേസില് പ്രധാന സാക്ഷി കൂറു മാറിയെങ്കിലും സാഹചര്യത്തെളിവുകള് ഉപയോഗിച്ചാണു കേസ് തെളിയിച്ചത്.
Kerala
പത്തനംതിട്ട: പെട്രോൾ പമ്പ് ഉടമയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശേഷം പരോളിലിറങ്ങി മുങ്ങിയ ഒന്നാം പ്രതി നാല് വർഷങ്ങൾക്ക് ശേഷം പിടിയിൽ.
ചെങ്ങന്നൂർ ആലാ പെണ്ണുക്കര വടക്കുംമുറി പൂമലച്ചാൽ വീട്ടിൽ അനൂപ് കുമാർ (ബോഞ്ചോ - 36) ആണ് പിടിയിലായത്. അന്വേഷണസംഘമാണ് അനൂപിനെ അതിസാഹസികമായി പിടികൂടിയത്.
2016 ഫെബ്രുവരി 18നായിരുന്നു സംഭവം നടന്നത്. മുളക്കുഴ കാണിക്കമണ്ഡപം ജംഗ്ഷനിലെ രേണു ഓട്ടോ ഫ്യുവൽസ് ഉടമ എം.പി. മുരളീധരൻ നായരെയാണ് പ്രതികൾ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
പമ്പിൽ പെട്രോൾ അടിക്കാനെത്തിയ പ്രതികൾ ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ അനൂപ് കുമാർ ഉൾപ്പെടെ മൂന്ന് പ്രതികൾക്ക് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
തിരുവനന്തപുരം സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കവെ 2022 മേയ് ആറിന് 14 ദിവസത്തെ പരോളിന് ഇറങ്ങിയ അനൂപ് പിന്നീട് ഒളിവിൽ പോകുകയായിരുന്നു.
ഇയാൾ വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഓസ്ട്രിയയിലേക്ക് കടന്നെന്ന പ്രചാരണം നാട്ടിലുണ്ടായിരുന്നു. എന്നാൽ ഇത് പോലീസ് അന്വേഷണത്തെ വഴിതിരിക്കാൻ ബോധപൂർവം സൃഷ്ടിച്ച കഥയാണെന്ന് അന്വേഷണസംഘം കണ്ടെത്തി.
ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മുംബൈ എന്നിവിടങ്ങളിൽ വ്യാജ പേരുകളിൽ ഒളിവിൽ കഴിഞ്ഞ പ്രതി, പോലീസ് തന്നെ പിന്തുടരുന്നുണ്ടെന്ന് അറിഞ്ഞതോടെ എല്ലാ വിനിമയ ഉപാധികളും ഉപേക്ഷിച്ചു. തുടർന്ന് ബംഗുളൂരു ഇലക്ട്രോണിക് സിറ്റിയിലെ ഹോട്ടലിലും പിന്നീട് ടിഷ്യൂ പേപ്പർ നിർമാണ കമ്പനിയിലും ജോലി ചെയ്തു വരികയായിരുന്നു.
ബംഗുളൂരുവിൽ ജോലി ചെയ്യുന്നതിനിടെ പന്തളം സ്വദേശിനിയായ നഴ്സുമായി അനൂപ് അടുപ്പത്തിലായി. ഈ യുവതിയുടെ നീക്കങ്ങൾ പോലീസ് മാസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു.
അവധിക്ക് നാട്ടിലെത്തിയ യുവതിയെ കാണാൻ അനൂപ് എത്തിയതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. പന്തളത്തെ ആളൊഴിഞ്ഞ കുടുംബവീട്ടിൽ ഒളിവിൽ താമസിക്കുകയായിരുന്ന പ്രതിയെ ഇന്ന് പുലർച്ചെ പോലീസ് വളയുകയായിരുന്നു. രക്ഷപെടാൻ ശ്രമിച്ച പ്രതിയെ അതിസാഹസികമായാണ് പോലീസ് കീഴ്പ്പെടുത്തിയത്.
ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ഹാജരാക്കി.