പ്രതീകാത്മക ചിത്രം
മഞ്ചേരി: മഞ്ചേരി നഗരസഭ കൗണ്സിലറായിരുന്ന തലാപ്പിൽ അബ്ദുൾ ജലീൽ എന്ന കുഞ്ഞാൻ (57) നെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മൂന്ന് പേർക്കും മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. നെല്ലിക്കുത്ത് കോട്ടക്കുത്ത് മാട്ടയിൽ വീട്ടിൽ ഷുഹൈബ് എന്ന കൊച്ചു (29), പാണ്ടിക്കാട് വള്ളുവങ്ങാട് സൗത്ത് സ്വദേശി കറുത്തേടത്ത് വീട്ടിൽ ഷംസീർ (36), നെല്ലിക്കുത്ത് ഒലിപ്രക്കാട് പതിയൻതൊടിക വീട്ടിൽ അബ്ദുൾ മാജിദ് (30) എന്നിവരെയാണ് ജഡ്ജ് എസ്. സൂരജ് ശിക്ഷിച്ചത്.
2022 മാർച്ച് 29ന് രാത്രി പത്തിനാണ് കേസിനാസ്പദമായ സംഭവം. സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളോടൊത്ത് കാറിൽ മടങ്ങുകയായിരുന്നു അബ്ദുൾ ജലീൽ. തങ്ങൾ സഞ്ചരിച്ച ബൈക്കിന് കടന്നുപോകാൻ സ്ഥലം നൽകിയില്ലെന്നാരോപിച്ച് പ്രതികൾ മഞ്ചേരി കുട്ടിപ്പാറയിൽ വച്ച് കാർ തടഞ്ഞ് നിർത്തി കൈയേറ്റം ചെയ്യുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഹെൽമെറ്റ് ഉപയോഗിച്ച് വാഹനത്തിന്റെ പിറകിലെ ഗ്ലാസ് അടിച്ചു തകർക്കുകയുമായിരുന്നു. തുടർന്ന് പ്രതികൾ ബൈക്കിൽ തിരികെ പോയി.
രാത്രി പത്തോടെ കുന്നുമ്മൽ മുഹമ്മദിന്റെ വീടിനു മുന്നിൽ നിർത്തിയിട്ട കാറിനടുത്തേക്ക് മൂന്നാം പ്രതിയെത്തി. ഈ സമയം കാറിന്റെ കേടുപാടുകൾ പരിശോധിക്കുകയായിരുന്നു അബ്ദുൾ ജലീലും സുഹൃത്തുക്കളും. മൂന്നാം പ്രതി വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഒന്ന്, രണ്ട് പ്രതികളും ബൈക്കിൽ സ്ഥലത്തെത്തി. ബൈക്കിനു പിറകിൽ ഇരിക്കുകയായിരുന്ന ഒന്നാം പ്രതി ഇറങ്ങി വന്ന് അബ്ദുൾ ജലീലിന്റെ തലയ്ക്ക് കല്ലു കൊണ്ട് പലതവണ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അബ്ദുൾ ജലീലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തൊട്ടടുത്ത ദിവസം തന്നെ മരിച്ചു.
മഞ്ചേരി പോലീസ് ഇൻസ്പെക്ടറായിരുന്ന സി. അലവിയാണ് കേസന്വേഷണം നടത്തിയതും പ്രതികളെ അറസ്റ്റ് ചെയ്തും. ഇൻസ്പെക്ടർ റിയാസ് ചാക്കീരിയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.വി. സാബു 45 സാക്ഷികളെ കോടതി മുന്പാകെ വിസ്തരിച്ചു. 98 രേഖകളും 12 തൊണ്ടിമുതലുകളും ഹാജരാക്കി.
കൊലപാതകം നടത്തയതിന് മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവും
ഒരു ലക്ഷം രൂപ വീതം പിഴയും പിഴയടച്ചില്ലെങ്കിൽ രണ്ടു വർഷത്തെ അധിക തടവുമാണ് ശിക്ഷ. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഒന്ന്, രണ്ട് പ്രതികൾക്ക് ഒരു വർഷത്തെ തടവും കോടതി വിധിച്ചു.
ഇതിനു പുറമെ കാറിന്റെ ചില്ല് അടിച്ചു തകർത്തതിന് ഒന്നാം പ്രതിക്ക് ആറുമാസത്തെ കഠിന തടവും 25000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ ഒരു മാസത്തെ കഠിന തടവും ശിക്ഷയുണ്ട്. പ്രതികൾ പിഴയടക്കുന്ന പക്ഷം മൂന്നു ലക്ഷം രൂപ കൊല്ലപ്പെട്ട അബ്ദുൾ ജലീലിന്റെ ആശ്രിതർക്കും 25000 രൂപ രണ്ടാം സാക്ഷി അബ്ബാസിനും നൽകാൻ കോടതി ഉത്തരവിട്ടു. പ്രതികളെ ശിക്ഷയനുഭവിക്കുന്നതിനായി കണ്ണൂർ സെൻട്രൽ ജയിലിലേക്കയച്ചു.
Tags : Nattuvishesham Local News Councilor's murder life sentence