Kerala
മലപ്പുറം: കുളത്തിൽ കുളിക്കാനിറങ്ങിയ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു. ഞായറാഴ്ച വൈകുന്നേരം മലപ്പുറം പറപ്പൂരിലുണ്ടായ സംഭവത്തിൽ സൈനബ (50), ഫാത്തിമ (16), ആഷിഖ് (22) എന്നിവരാണ് മരിച്ചത്.
പറപ്പൂർ പഞ്ചായത്തിലെ താഴേക്കാട്ടുകുളത്തെ കുളത്തിലാണ് ദുരന്തമുണ്ടായത്. ഒരാളുടെ മൃതദേഹം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ട് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മറ്റ് രണ്ട് മൃതദേഹങ്ങൾക്കൂടി കണ്ടെത്തിയത്.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
Movies
കൊച്ചി: നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരിയമ്മ(90) അന്തരിച്ചു.കൊച്ചി എളമക്കരയിലെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ഭർത്താവ് പരേതനായ വിശ്വനാഥൻ നായർ. പരേതനായ പ്യാരിലാൽ മൂത്ത മകനാണ്.
Kerala
പാലക്കാട്: ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയും മകളും മരിച്ചു. ഒറ്റപ്പാലം ലക്കിടിയിലുണ്ടായ അപകടത്തിൽ തിരുവില്വാമല കണിയാർക്കോട് സ്വദേശി ശരണ്യ മകൾ ആദിശ്രീ (അഞ്ച്) എന്നിവരാണ് മരിച്ചത്.
സ്കൂട്ടർ ഓടിച്ചിരുന്ന മോഹൻദാസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നിൽ നിന്നു വന്ന ടിപ്പർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ശരണ്യയുടെയും ആദിശ്രീയുടെയും ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
കൊച്ചി: നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവില്‍ നിന്ന് ഇന്ന് മൊഴിയെടുക്കും. സംഭവത്തില്‍ മരട് കാട്ടിത്തറ സ്വദേശിയായ 30 കാരിയെ ഇന്നലെ മരട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.
നാലുവയസുകാരിയുടെ സ്വകാര്യഭാഗത്ത് ഉള്‍പ്പെടെ പൊള്ളലേറ്റിട്ടുണ്ട്. രണ്ടു ദിവസം മുന്‍പാണ് പൊളളലേല്‍പ്പിച്ചത്. കുട്ടിയുടെ പരിക്ക് ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ വിവരം ചോദിച്ചപ്പോഴാണ് സ്ഥിരമായി അമ്മ തന്നെ അടിക്കുമായിരുന്നുവെന്ന് കുട്ടി അധ്യാപകരോടു പറഞ്ഞത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ നല്കിയ പരാതിയിലാണ് മരട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
അമ്മ കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും മൂത്ത കുട്ടിയെയും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി.
പോലീസിന്റെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ആഭ്യന്തര അന്വേഷണ സമിതിയുടെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചായിരിക്കും കുട്ടികളെ വിട്ടുനല്‍കുന്ന കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകുക.
Kerala
കൊച്ചി: നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ. കൊച്ചി മരട് കാട്ടിത്തറ സ്വദേശിയായ യുവതിയാണ് പിടിയിലായത്.
കുട്ടിയുടെ ശരീരത്തിലെ പൊള്ളലേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ട സ്കൂൾ അധികൃതർ നൽകിയ പരാതിയിലാണ് മരട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. അമ്മ കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
കുട്ടിയുടെ സ്വകാര്യഭാഗത്ത് ഉൾപ്പെടെ പൊള്ളലേറ്റിട്ടുണ്ട്. അമ്മ തന്നെ സ്ഥിരമായി ഉപദ്രവിക്കുമെന്ന് കുട്ടി അധ്യാപകരോടു പറഞ്ഞിരുന്നു.
Kerala
തൃശൂർ: അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
തൃശൂർ ശ്രീനാരായണപുരത്തുണ്ടായ സംഭവത്തിൽ ചെന്തെങ്ങ് ബസാർ സ്വദേശികളായ വനജ (61) വിജേഷ് (38) എന്നിവരെയണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്തിയത്. വീട്ടിൽ അമ്മയും മകനും മാത്രമായിരുന്നു താമസിച്ചിരുന്നത്.
ഗൃഹനാഥൻ മോഹനൻ നേരത്തെ മരണപ്പെട്ടിരുന്നു.വനജയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Kerala
തിരുവനന്തപുരം: മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എന്‍. ദേവകിയമ്മ (91) അന്തരിച്ചു. ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂര്‍ കിഴക്കേതില്‍ പരേതനായ വി. രാമകൃഷ്ണന് നായരുടെ (ചെന്നിത്തല മഹാത്മാ ഹൈസ്കൂള്‍ മുന്‍ മാനേജര്‍, അധ്യാപകന്) ഭാര്യയും മുന്‍ ചെന്നിത്തല പഞ്ചായത്തംഗവുമായിരുന്നു.
മറ്റു മക്കൾ: കെ.ആർ.രാജൻ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ), കെ.ആർ.വിജയലക്ഷ്മി (റിട്ട. ഗവ. അധ്യാപിക), കെ.ആർ.പ്രസാദ് (റിട്ട. ഇന്ത്യൻ എയർ ഫോഴ്സ്).
മരുമക്കൾ: അനിതാ രമേശ് (റിട്ട. ഡവലപ്മെന്റ് ഓഫീസർ, യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി), ശ്രീജയ (റിട്ട. അഡീഷണൽ രജിസ്ട്രാർ, കോ- ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ്), പരേതനായ സി.കെ. രാധാകൃഷ്ണൻ (റിട്ട. ഡിസ്ട്രിക്ട് യൂത്ത് കോ-ഓർഡിനേറ്റർ, നെഹ്റു കേന്ദ്ര), അമ്പിളി എസ്. പ്രസാദ് (റിട്ട. അസിസ്റ്റന്റ് ഡയറക്ടർ, ആകാശവാണി).
കൊച്ചുമക്കൾ: ഡോ രോഹിത് ചെന്നിത്തല (മൂകാംബിക മെഡിക്കൽ കോളജ്), രമിത് ചെന്നിത്തല ഐ ആർഎസ് (ഡെപ്യൂട്ടി ഡയറക്ടർ, ഇൻകം ടാക്സ്), രമ്യാ രാജ് (അധ്യാപിക), ഡോ. രേഷ്മാ രാജ്, ഡോ. വിഷ്ണു ആർ കൃഷ്ണൻ (പിആർഎസ് ആശുപത്രി തിരുവനന്തപുരം), ലക്ഷ്മി കൃഷ്ണ (യുഎസ്), പ്രണവ് പി. നായർ (സയന്റിസ്റ്റ് ബിഎആർസി, മുംബൈ), ആദിത്യ കൃഷ്ണ (യോഗാധ്യാപകൻ).
National
ലക്നോ: മകളെ കൊലപ്പെടുത്തിയ കേസിൽ അമ്മയേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു. യുപിയിൽ നടന്ന സംഭവത്തിൽ കുട്ടിയുടെ അമ്മ സീമയും കാമുകൻ യതേന്ദ്രയുമാണ് അറസ്റ്റിലായത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം മറ്റൊരാളെ കേസിൽ കുടുക്കാൻ ഇവർ ശ്രമിച്ചതായും പോലീസ് പറഞ്ഞു.
സമീപവാസിയായ വീട്ടമ്മ തന്റെ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് സീമ നരോറ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് കുട്ടിയുടെ മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
പിന്നീട് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സീമയും കാമുകൻ യതേന്ദ്രയും പിടിയിലായത്. മുന്നോട്ടുള്ള ജീവിതത്തിൽ കുട്ടി തടസമാകുമെന്ന് കരുതിയാണ് കൊല നടത്തിയതെന്ന് ഇവർ പോലീസിൽ മൊഴി നൽകി.
കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം നരോരയിലെ കനാലിലേക്ക് വലിച്ചെറിഞ്ഞ ശേഷമാണ് സീമയും കാമുകനും സ്റ്റേഷനിൽ പരാതി നൽകിയതെന്ന് പോലീസ് പറഞ്ഞു.