Kerala
കൊച്ചി: രാഹുകാലം കഴിയാതെ ഓഫീസിലേക്ക് കയറില്ലെന്ന് നഗരസഭാധ്യക്ഷ നിലപാട് എടുത്തതോടെ ഉദ്യോഗസ്ഥരും ഓഫീസ് ജീവനക്കാരും കാത്തിരുന്നത് 45 മിനിറ്റ്. പെരുമ്പാവൂർ നഗരസഭാധ്യക്ഷ കെ.എൻ.സംഗീതയാണ് രാഹുകാലം കഴിയാനായി 45 മിനിറ്റോളം കാത്തിരുന്നത്.
വെള്ളിയാഴ്ച രാവിലെ 11.15 നാണ് സംഗീതയുടെ സത്യപ്രതിജ്ഞ കഴിഞ്ഞത്. തുടർന്ന് ഉദ്യോഗസ്ഥർ സംഗീതയെ ഓഫീസിലേക്ക് സ്വാഗതം ചെയ്തെങ്കിലും 12 വരെ രാഹുകാലമാണെന്നും അതിനുശേഷം ചുമതല ഏറ്റെടുക്കാമെന്നുമാണ് സംഗീത അറിയിച്ചത്.
തുടർന്ന് ഉദ്യോഗസ്ഥർ കാത്തിരുന്നു. ഒപ്പം പുതിയ ചെയർപേഴ്സൻ ഔദ്യോഗിക കസേരയിൽ ഇരിക്കുന്നതു കാണാനായി പാർട്ടി പ്രവർത്തകരും. തുടർന്ന് രാഹുകാലം കഴിഞ്ഞതോടെ നഗരസഭാധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെതിരെ വീണ്ടും ഇഡി നടപടി. 67.03 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇതുവരെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 129 കോടിയുടെ വസ്തുക്കളാണ് കണ്ടുകെട്ടിയത്.
തിരുവനന്തപുരത്തെ എസ്ഡിപിഐയുടെ ഭൂമി, പന്തളത്തെ എഡ്യൂക്കേഷൻ ആന്‍ഡ് കള്‍ച്ചര്‍ ട്രസ്റ്റ്, വയനാട്ടിലെ ഇസ്ലാമിക് സെന്റർ ട്രസ്റ്റ്, ആലുവയിലെ പെരിയാര്‍വാലി ചാരിറ്റബിള്‍ ട്രസ്റ്റ്, പാലക്കാട് വള്ളുവനാടന്‍ ട്രസ്റ്റ് ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
നേരത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 2022 സെപ്റ്റംബര്‍ 22ന് ദേശീയ അന്വേഷണ ഏജന്‍സി രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ 106 പേര് അറസ്റ്റിലായിരുന്നു.
കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്. തുടർന്ന് അഞ്ചുവർഷത്തേക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനും ധനസഹായം നൽകുന്നതിനുമായി പിഎഫ്ഐ ഇന്ത്യയ്ക്കകത്തും പുറത്തും നിന്നും ഹവാല ഇടപാടിലൂടെ സംഭാവനകൾ സ്വീകരിച്ചതായും ഫണ്ട് ശേഖരിച്ചതായും ഇഡി നേരത്തെ കണ്ടെത്തിയിരുന്നു.
Kerala
തിരുവനന്തപുരം: ഓപ്പറേഷന് ഹരിത കവചമെന്ന പേരിൽ റവന്യൂ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന നടത്തി. കേരള നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി തണ്ണീര്‍ത്തടങ്ങളും നെല്‍ വയലുകളും ഡാറ്റാബാങ്കില്‍ നിന്ന് ഒഴിവാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പരിശോധനകളില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് അധികൃതർ പറഞ്ഞു. ഭൂമി തരംമാറ്റലിനും ഡാറ്റാബാങ്കില്‍ നിന്ന് ഒഴിവാക്കുന്നതിനുമായി ഇടനിലക്കാരുടെ ഇടപെടല്‍ തെളിയിക്കുന്ന രേഖകളും കണ്ടൈത്തി. സംസ്ഥാനത്തെ 27 റവന്യൂ ഡിവിഷണല്‍ ഓഫീസുകളിലും തരം മാറ്റല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 32 ഡപ്യൂട്ടി കളക്ടര്‍മാരുടെ ഓഫീസുകളിലുമായി 69 ഓഫീസുകളിലാണ് പരിശോധന നടത്തിയത്.
ഡേറ്റാബാങ്കില്‍ നിന്ന് ഒഴിവാക്കി വസ്തു തരം മാറ്റുന്നതിനുള്ള ഉത്തരവ് നേടിയ ശേഷം നെല്‍ വയലുകളും തണ്ണീര്‍ത്തടങ്ങളും പരിവര്‍ത്തനപ്പെടുത്തി കെട്ടിടങ്ങളും വീടുകളും നിര്‍മിച്ച് വില്‍പ്പന നടത്തുന്നതിനായി റവന്യൂ ഡിവിഷണല്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഭൂമാഫിയ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.