അമ്പലപ്പുഴ: പ്രതിഷേധങ്ങൾ മറികടന്ന് താത്കാലിക ജീവനക്കാരിക്ക് ഓഫീസ് മുറി നൽകി. ആലപ്പുഴ മെഡിക്കൽ കോളജിൽ പുതുതായി നിർമാണം പൂർത്തിയാക്കിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലാണ് കോളജിലെ താത്കാലിക ജീവനക്കാരിക്ക് ഓഫീസ് മുറി നൽകിയത്.
കോളജിലെ വിദ്യാർഥികളിൽനിന്ന് ഹോസ്റ്റൽ ഫീസ് വാങ്ങാനായി ചുമതലപ്പെടുത്തിയ ജീവനക്കാരിയാണ് ഇവർ. ഇതിന്റെ മറവിൽ സ്വന്തം വീട്ടിൽ കോളജ് വിദ്യാർഥികളെ താമസിപ്പിച്ച് പണം വാങ്ങുന്നത് വിവാദമായിരുന്നു. ഭരണകക്ഷിയുടെ പിൻബലത്തോടെ കോളജിന്റെയും ഹോസ്റ്റലിന്റെയും നിയന്ത്രണം ഇവർ ഏറ്റെടുത്തത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു.
ഇതിനിടയിലാണ് പുതുതായി നിർമിച്ച അക്കാഡമിക് ബ്ലോക്കിൽ തനിക്ക് ഓഫീസ് മുറി വേണമെന്ന് ഇവർ പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടത്. എന്നാൽ, കോളജിലെ മറ്റ് ജീവനക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് ഇവർക്ക് അക്കാഡമിക് ബ്ലോക്കിൽ മുറി നൽകുന്നത് ഒഴിവാക്കി.
ഇതിനു പകരം തനിക്ക് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഓഫീസ് മുറി നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതാണ് ഇപ്പോൾ പ്രിൻസിപ്പലും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ചേർന്ന് നൽകിയിരിക്കുന്നത്. സർക്കാർ ജീവനക്കാർക്ക് മാത്രം അവകാശപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ സർക്കാരുമായി യാതൊരു ബന്ധവുമില്ലാത്ത സിപിഎം പ്രവർത്തകയായ താത്കാലിക ജീവനക്കാരിക്ക് ഓഫീസ് മുറി നൽകിയത് ജീവനക്കാരുടെയിടയിൽ വലിയ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.