അടൂർ: കളഞ്ഞുകിട്ടിയ അൻപതിനായിരം രൂപ ഉടമസ്ഥനു തിരികെ നൽകി റബർ വ്യാപാരി. അടൂർ കരുവാറ്റ കളീക്കൽ വീട്ടിൽ ജോർജ് ഉമ്മനാണ് പണം തിരികെ നൽകിയത്. നെല്ലിമുകൾ സ്വദേശി വർഗീസ് ജി. കുരുവിളയുടെ പണമാണ് നഷ്ടമായത്. സെപ്റ്റംബർ 17ന് വൈകുന്നേരം നാലിന് അടൂർ റബർ ബോർഡിൽ എത്തി തിരികെ പോയ സമയത്താണ് വർഗീസ് ജി. കുരുവിളയുടെ പണം നഷ്ടമായത്.
റബർ ബോർഡിന് സമീപത്താണ് ജോർജ് ഉമ്മന്റെ റബർ വ്യാപാര സ്ഥാപനം. പണം ലഭിച്ച ജോർജ് ഉമ്മൻ വിവരം സാമൂഹിക മാധ്യമങ്ങളിൽ കൂടി പങ്കുവച്ചിരുന്നു. തുടർന്ന് അടൂർ പൊലിസിലും വിവരം അറിയിച്ചു. ശനിയാഴ്ചയോടു കൂടി ജോർജ് കുരുവിള പണം നഷ്ടമായി എന്ന് സംശയം തോന്നിയ റബർ ബോർഡിന് സമീപമെത്തി അന്വേഷണം നടത്തിയിരുന്നു.
അടൂർ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് എസ്ഐ ജി.സുരേഷ് കുമാറിന്റെ സാന്നിധ്യത്തിൽ കളഞ്ഞു കിട്ടിയ പണം ഉടമയ്ക്കു തിരികെ നൽകി.