പാലക്കാട്: പാലക്കാട് നഗരത്തിന്റെ സ്വപ്നപദ്ധതിയിലൊന്നായ സൈക്കിൾട്രാക്കും നടപ്പാതയുംപണി പാതിവഴിയിൽ നിലച്ചു. ലക്ഷങ്ങൾ ചെലവഴിച്ച് പാലക്കാട് ചിന്മയ കോളജ് മുതൽ മലമ്പുഴ നൂറടി റോഡിന്റെ ഇരുവശങ്ങളിലുമാണ് നടപ്പാതയും സൈക്കിൾട്രാക്കും പണി തുടങ്ങിയത്.
എന്നാൽ തോടുകൾക്കു മുകളിലൂടെയുള്ള പാലംപണി ചിലതുമുടങ്ങി, മറ്റുചിലത് പണി തീർന്നിട്ടുമില്ല. പണിത സ്ഥലങ്ങളിലാകട്ടെ മരങ്ങളുടെ വേരുകൾകയറി പൊളിയുകയും കുണ്ടും കുഴിയും നിറയുകയും ചെയ്തു. പൊന്തക്കാടുകൾകയറി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രവുമായി.
മഴക്കാലത്ത് വെള്ളക്കെട്ടുകളും നിറഞ്ഞു തുടങ്ങി. വൃത്തിയുള്ള ഭാഗത്താണെങ്കിൽ അനധികൃത വാഹന പാർക്കിംഗും ബജ്ജിക്കടകളും നിറഞ്ഞു.ഇങ്ങനെയായാൽ എങ്ങിനെ രാവിലെയും വൈകീട്ടുമുള്ള നടത്തവും സൈക്കിൾ സവാരിയും നടത്തുമെന്നു നടത്തക്കാരും സൈക്കിൾസവാരിക്കാരും ചോദിക്കുന്നു. പാലക്കാട്- മലമ്പുഴ- കഞ്ചിക്കോട് പ്രധാന റോഡാണ് നൂറടി റോഡ്.
അതുകൊണ്ട് ചരക്കുവാഹനങ്ങളടക്കം ധാരാളം വാഹനങ്ങൾ പോകുന്നതിനാൽ റോഡിലിറങ്ങിയുള്ള നടത്തവും സൈക്കിൾസവാരിയും ഭീതിയോടെയാണ്.
കച്ചവടസ്ഥാപനങ്ങളിൽ വേണ്ടത്ര പാർക്കിംഗ്സൗകര്യം വേണമെന്ന നിയമം കാറ്റിൽപറത്തിയാണ് ഇവിടെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. വിറകടക്കം ചിലപ്പോൾ കുന്നുകൂടി കിടക്കുന്നതു കാണാം.
യാത്രാതടസമുണ്ടാക്കുന്ന അനധികൃത പാർക്കിംഗും പെട്ടിക്കടകളും മാറ്റി കാൽനടയാത്രക്കാർക്കും സൈക്കിൾ സവാരിക്കാരും സൗകര്യമൊരുക്കാൻ നഗരസഭയും ട്രാഫിക് പോലീസും മുൻകൈയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.