ഇളങ്ങോയി: നാലാംമൈല്‍ - കന്നുകുഴി റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു. മണിമല - കൊടുങ്ങൂര്‍ റോഡിനെയും ചാമംപതാല്‍ - പൊന്‍കുന്നം റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡ് ഗതാഗത യോഗ്യമല്ലാതായിട്ട് നാളുകളേറെയായി.
നിരവധി വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഇളങ്ങോയി ഹോളി ഫാമിലി ഇന്റര്‍നാഷണല്‍ സ്കൂള്‍, ഹോളിഫാമിലി യുപി സ്കൂള്‍ എന്നിവിടങ്ങളിലേക്കും ഹോളിക്രോസ് പള്ളിയിലേക്കുമുള്ള ഏക ഗതാഗതമാര്‍ഗമാണിത്. റോഡ് തകര്‍ന്നതോടെ കുട്ടികളുമായി പോകുന്ന ഓട്ടോറിക്ഷയടക്കമുള്ള വാഹനങ്ങള്‍ ഇതുവഴി സര്‍വീസ് നടത്താന്‍ വിസമ്മതിക്കുകയാണ്.
റോഡിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് പലതവണ അധികാരികള്‍ പ്രഖ്യാപിച്ചെങ്കിലും ഗതാഗത യോഗ്യമാക്കാനുള്ള യാതൊരു നടപടിയും ഇതുവരെയും സ്വീകരിച്ചിട്ടില്ല. ഈ മേഖലയില്‍ തന്നെയുള്ള നാലാം മൈല്‍ - ഇളങ്ങോയി കടവ് റോഡും ഉള്ളായം- കോണേക്കടവ് റോഡും സാമാന സ്ഥിതിയിലാണ്.
അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനാണ് നാട്ടുകാരുടെ തീരുമാനം. സ്കൂള്‍ ബസ് ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഈ വഴി എത്രയും പെട്ടെന്ന് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.