മാനന്തവാടി: പാടെ തകര്‍ന്ന് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് പയ്യമ്പള്ളി - കുറുക്കന്മൂല - കുറുവ ദ്വീപ് റോഡിലെ കുഴിയില്‍ വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു.
കര്‍ക്കടകവാവു ബലിതര്‍പ്പണത്തിനായി കോഴിക്കോട് നിന്നുമെത്തിയ ദമ്പതികള്‍ക്കാണ് കുഴിയില്‍ വീണ് സാരമായി പരിക്കേറ്റത്. തുടര്‍ന്ന് വയനാട് ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി ബലിതര്‍പ്പണം നടത്താന്‍ കഴിയാതെ തിരിച്ചു പോകുകയുമായിരുന്നു. ഈ വര്‍ഷം മാര്‍ച്ചിലാണ് 12 ലക്ഷം രൂപ ചെലവഴിച്ച് പാച്ച് വര്‍ക്ക് നടത്തിയത്. എന്നാല്‍ മാസങ്ങള്‍ പിന്നിടും മുമ്പെ പാടെ തകര്‍ന്ന് കുണ്ടും കുഴിയുമായി മാറിയിരിക്കുകയാണ്.
ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കുറുവാ ദ്വീപിലേക്കുള്ള പ്രധാന പാതയായ ഈ റോഡിലൂടെ നൂറുകണക്കിന് വാഹനങ്ങളാണ് നിത്യേന കടന്നു പോകുന്നത്. കുറുക്കന്മൂല പ്രാഥമിക ആരോഗ്യ കേന്ദ്രം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കും ആളുകള്‍ പോകുന്നത് ഈ റോഡിലൂടെയാണ്. വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് കാല്‍നടയാത്ര പോലും സാധ്യമല്ലാതായി മാറിയിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും മറ്റ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും പതിവാണ്. റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരേ നാട്ടുകാരും ഡ്രൈവര്‍മാരും വാഴ നട്ട് പ്രതിഷേധിച്ചിരുന്നു. റോഡ് ഗതാഗത യോഗ്യമാക്കാന്‍ അടിയന്തര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് പ്രദേശവാസികള്‍.