കണ്ണൂര്‍: വിദ്യാര്‍ഥികള്‍ക്കുള്ള ബസ് യാത്ര കണ്സഷന് സംവിധാനത്തിനായി മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കിയ എംവിഡി ലീഡ്സ് എന്ന ആപ്പ് സ്വകാര്യ ബസ് ഉടമകൾക്ക് "ആപ്പാ'കുന്നതായി ആക്ഷേപം. ബസുകളിലെ വിദ്യാർഥികളുടെ യാത്രാ പാസ് വ്യാപകമാണെന്ന പരാതിയെത്തുടർന്ന് കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് അന്നത്തെ ഗതാഗതമന്ത്രിയായിരുന്ന ഗണേഷ് കുമാറാണ് വിദ്യാർഥി യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കാനായി എംവിഡി ലീഡ്സ് ആവിഷ്കരിച്ചത്. ഇതിലൂടെ വിദ്യാർഥികൾക്ക് ഡിജിറ്റൽ കൺസഷൻ കാർഡുകൾ ലഭിക്കും.
എംവിഡി ലീഡ്സിൽ കൃത്യമായി സർക്കാർ അംഗീകരിച്ച കോഴ്സുകൾ ഉൾപ്പടെ പഠിക്കുന്ന വിദ്യാർഥികളെ മാത്രം ഉൾപ്പടുത്താമെന്നായിരുന്നു ധാരണ. ആപ്പിലേക്ക് ഓൺലൈനായി അപേക്ഷിക്കാമെന്നിരിക്കെ സർക്കാർ അംഗീകൃത കോഴ്സുകളല്ലാതെ പഠിക്കുന്നവരും കൺസഷൻ കാർഡ് സ്വന്തമാക്കുകയാണ്.
സര്‍ക്കാര്‍, എയ്ഡഡ്, സ്വയംഭരണ പദവിയുള്ള സ്ഥാപനങ്ങള്‍, സ്വകാര്യ സമാന്തര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ കണ്സഷന് ലഭ്യമാകും. എന്നാല്‍ തൊഴില്‍ സംബന്ധമായ കോഴ്സുകള്‍ പഠിക്കാന്‍ പോകുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ ദുരുപയോഗം ചെയ്യുന്നതായി വ്യാപക പരാതിയുണ്ട്. അംഗീകാരമില്ലാത്ത കോഴ്സുകള്‍ക്കും ഈ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നുണ്ട്.
ഡിജിറ്റല്‍ കണ്സഷന് കാര്‍ഡില്‍ ദൂരപരിധിയോ വിദ്യാര്‍ഥിയുടെ പഠനകാലയളവോ, എവിടെ നിന്നാണ് കയറുന്നത്, എവിടെയാണ് ഇറങ്ങേണ്ടത് എന്നൊന്നും രേഖപ്പെടുത്താതത് വലിയ പോരായ്മയാണ്.
വിദ്യാര്‍ഥിയുടെ പേര്, രജിസ്റ്റര്‍ നമ്പര്‍, കോഴ്സിന്റെ പേര്, കോളജ് എന്നിവ മാത്രമാണുള്ളത്. കാര്‍ഡില്‍ ഒരു ക്യൂആര്‍ കോഡ് നല്‍കിയിട്ടുണ്ട്. ഇത് സ്കാന്‍ ചെയ്താല്‍ മാത്രമേ വിദ്യാര്‍ഥിയുടെ വിശദവിവരങ്ങൾ ലഭിക്കൂ. തിരക്കുള്ള സമയങ്ങളിൽ സ്കാൻ ചെയ്തുള്ള പരിശോധന സാധ്യമല്ലെന്നാണ് ബസ് കണ്ടക്ടർമാർ പറയുന്നത്. പ്രിയദർശിനി സർവീസ് ആരംഭിച്ചതോടെ സ്വകാര്യ ബസുകളിലെ സ്ത്രീ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറയുകയും അതേ സമയം എംവിഡി ലീഡ്സിലൂടെ കൂടുതൽ വിദ്യാർഥികൾ ബസിൽ കയറുകയും ചെയ്യുന്നതോടെ യാത്രക്കാരുടെ എണ്ണത്തിനനുസരിച്ചുള്ള വരുമാനം ലഭിക്കുന്നില്ലെന്ന് കണ്ടക്ടർമാർ പറഞ്ഞു.