മാനന്തവാടി: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്ന് നോണ്‍ പ്രാക്ടീസിംഗ് അലവന്‍സ് (എന്‍പിഎ) കൈപ്പറ്റിക്കൊണ്ട് സ്വകാര്യ ആശുപത്രികളില്‍ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരേ വിജിലന്‍സ് നടപടി ശക്തമാക്കുന്നു.
മാനന്തവാടി വയനാട് ഗവണ്മെന്റ് മെഡിക്കല്‍ കോളജിലെ കാര്‍ഡിയാക് തെറാസിക് സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രഫസറായ ഡോ. വി. ശിവപ്രസാദ് സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി കോഴിക്കോട് വിജിലന്‍സ് സംഘം കണ്ടെത്തി. മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ ഇയാള്‍ സ്വകാര്യ പ്രാക്ടീസ് നടത്തവെ ഇന്നലെ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
മാനന്തവാടി ഗവ. മെഡിക്കല്‍ കോളജില്‍ നിന്നും നോണ്‍ പ്രാക്ടീസിംഗ് അലവന്‍സ് ഉള്‍പ്പെടെ മാസം തോറും ഏകദേശം മൂന്ന് ലക്ഷം രൂപ ഇയാള്‍ ശമ്പളമായി കൈപ്പറ്റുന്നുണ്ട്.
നിയമവിരുദ്ധമായി പ്രാക്ടീസ് നടത്തുന്ന കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ നിന്നും പ്രതിമാസം ഏകദേശം ഏഴ് ലക്ഷത്തോളം രൂപ ഇയാള്‍ക്ക് പ്രതിഫലമായി ലഭിക്കുന്നതായും അന്വേഷണസംഘം കണ്ടെത്തി. കോഴിക്കോട് വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി കെ.കെ. ബിജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വിജിലന്‍സ് യൂണിറ്റിലെ ഇന്‍സ്പെക്ടര്‍ കെ. ശംഭുനാഥ്, സബ് ഇന്‍സ്പെക്ടര്‍മാരായ സന്തോഷ് കുമാര്‍, അബ്ദുല്‍സലാം, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശോജി, രാഹുല്‍ എന്നിവരടങ്ങിയ സംഘമാണ് മിന്നല്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.