ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിലെ ജനങ്ങളെ രണ്ടാംതരം പൗരന്മാരും ഭൂമി കൈയേറ്റക്കാരും നിയമവിരുദ്ധ നിർമാണക്കാരുമൊക്കെയായി ചാപ്പകുത്തി തുടങ്ങിയിട്ട് നാളുകൾ കുറെയായി. അതിനു തടയിടാൻ കെൽപ്പില്ലാത്ത ഭരണാധികാരികൾ നാടിനു നാണക്കേടാണ്. ലോകത്താകമാനം ഉണ്ടായ കുടിയേറ്റങ്ങൾക്കൊപ്പമാണ് ഹൈറേഞ്ചിലും ജനവാസം ആരംഭിച്ചത്.
1800ൽ ഇന്നത്തെ ഇടുക്കിയിൽ ആളുകളെത്തി കൃഷി തുടങ്ങിയതാണ്. 1822ൽ ഏലം കൃഷിക്കു നിയമപരമായി സ്ഥലം അനുവദിച്ചിട്ടുള്ള നാടാണിത് (1822ലെ രാജവിളംബരം). വൈദ്യുതിയിലും നാണ്യവിള സന്പത്തിലും കായികരംഗത്തും വ്യവസായ-വാണിജ്യ മേഖലകളിലും കേരളത്തിന് ഈടുറ്റ സംഭാവനകൾ നൽകുന്ന ജനങ്ങൾ വസിക്കുന്ന ഭൂപ്രദേശത്തെയും ജനങ്ങളെയും അപമാനിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ജനകീയ സർക്കാരിന്റെ പിടിപ്പുകേടോ ഗൂഢാലോചനയോ ആണ്.
മന്ത്രിമാരുടെ ജനതാത്പര്യവും കർമശേഷിയും
ജനായത്ത ഭരണത്തിൽ നിയമസഭയും മന്ത്രിസഭയും ജനജീവിതക്രമം തീരുമാനിക്കുന്പോൾ മന്ത്രിമാരുടെ ജനതാത്പര്യവും കാര്യഗൗരവവും കർമശേഷിയും ദീർഘവീക്ഷണവും മുഖ്യ ഘടകമാണ്. അങ്ങനെ കുറെ മന്ത്രിമാർ കേരളത്തിലുണ്ടായിരുന്നു. അവരുടെ ദീർഘവീക്ഷണവും കാര്യഗൗരവവുമാണ് കേരളത്തിന്റെ ഇന്നത്തെ ശോഭനമായ മുഖത്തിനു കാരണം. കേരള സംസ്ഥാനം രൂപംകൊണ്ടപ്പോൾ ജന്മി-കുടിയാൻ വ്യവസ്ഥിതിക്കെതിരേ നിയമമുണ്ടാക്കിയത് അത്തരമൊരു സർക്കാരാണ്. 1958ൽ കുടിയിറക്കു നിരോധന നിയമവും ഭൂമിയിൽ കർഷകനു സ്ഥിരാവകാശം നൽകാനുള്ള നിയമവും ഉണ്ടാക്കിയത് ആദ്യ കേരള സർക്കാരാണ്. അതിന്റെ പേരിൽ കർഷകരുടെ കൈവശഭൂമിക്കു സ്ഥിരാവകാശം നൽകി. അന്ന് കെ.ആർ. ഗൗരിയമ്മയായിരുന്നു റവന്യു മന്ത്രി.
ഒന്നാം മന്ത്രിസഭ മാറിയപ്പോൾ തുടർന്നു വന്ന സർക്കാർ കേരള ലാൻഡ് അസൈൻമെന്റ് ആക്ട് (കേരള ഭൂപതിവു നിയമം - 1960) ഉണ്ടാക്കി. അന്ന് കെ. ചന്ദ്രശേഖരനായിരുന്നു റവന്യു മന്ത്രി. പിന്നീട് മന്ത്രിസഭയിൽ മാറ്റമുണ്ടായപ്പോൾ 1964ൽ, 1960ലെ നിയമത്തിനു ചട്ടം (റൂൾ) ഉണ്ടാക്കി. അന്ന് പി.ടി. ചാക്കോ ആയിരുന്നു റവന്യു-നിയമ മന്ത്രി. 1972ലെ കേന്ദ്ര വനം-വന്യ ജീവി സംരക്ഷണ നിയമത്തിന്റെ പേരിൽ വനഭൂമി നിർണയം സംബന്ധിച്ച തർക്കമുണ്ടായപ്പോൾ പട്ടയ നടപടികൾക്കു മെല്ലപ്പോക്കുണ്ടായി. ഈ പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കിയതും ജനായത്ത ഭരണത്തിലെ മന്ത്രിസഭയാണ്. അന്ന് കെ.എം. മാണിയായിരുന്നു റവന്യു-നിയമ മന്ത്രി. 1993ൽ കൈവശ ഭൂമിക്കു പട്ടയം നൽകാൻ കെ.എം. മാണി നിയമമുണ്ടാക്കി (1993 സ്പെഷൽ ഭൂപതിവ് ആക്ട്). മാത്യു മണിയങ്ങാടൻ എംപി ചെയർമാനും പി.കെ. വാസുദേവൻ നായർ ഉൾപ്പെടെയുള്ള എംപിമാർ അംഗങ്ങളുമായ പാർലമെന്ററി കമ്മിറ്റി 1963ൽ പഠനം നടത്തി അന്നത്തെ കോട്ടയം ജില്ലയിൽ ഉൾപ്പെട്ട ഹൈറേഞ്ച് പ്രദേശം ഉൾപ്പെടെയുള്ള സംസ്ഥാനത്തെ വനഭൂമിയിൽ കൃഷിയും സ്ഥിരതാമസവുമാക്കിയവർക്കു (തത്വത്തിൽ വനമല്ലാതായി മാറിയ സ്ഥലം) പട്ടയം നൽകാൻ ശിപാർശ ചെയ്തതും ജനാധിപത്യ സർക്കാരിന്റെ കരുത്താണ്.
പിന്നീട് ഇവിടെ സംഭവിച്ചതെല്ലാം ഉദ്യോഗസ്ഥ ദുർഭരണത്തിന്റെ ബാക്കിപത്രമാണ്. ആരും ചോദിക്കാനും പറയാനും ഇല്ലാത്തതിന്റെ ദുരവസ്ഥ. അതിന്റെ തുടർച്ചയാണ് 2023ലെ ലാൻഡ് അസൈൻമെന്റ് (അമന്റ്മെന്റ്) റൂൾ. ജനങ്ങൾ 200 വർഷത്തോളമായി കൈവശം വച്ച് അനുഭവിച്ചുവരുന്ന ഭൂമിക്കു സ്ഥിരാവകാശം നല്കാൻ ഇപ്പോഴത്തെ ഭരണാധികാരികൾക്കു കഴിയുന്നില്ലെങ്കിൽ കുഴപ്പം സിസ്റ്റത്തിന്റേതല്ല, രാഷ്ട്രീയ നേതൃത്വത്തിന്റേതാണ്. മനസില്ല എന്നതു മാത്രമാണ് കാരണം. മനസുണ്ടാകണം; കാരണം, നാട്ടുകാരുടെ ചെലവിൽ നടക്കുന്ന ഭരണ സംവിധാനമാണ് ഇവിടെയും.
രാജവിളംബരം ഇന്നും
1958ൽ ഭൂമിക്കു സ്ഥിരാവകാശം നൽകാൻ നിയമമുണ്ടാക്കിയ നാടാണിത്. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ നൽകിയ പട്ടയത്തിനു മാത്രമാണ് ഇവിടെ വിലക്കുകളും തടസങ്ങളുമുള്ളത്. 1822ൽ തിരുവിതാംകൂർ രാജാവ് കൃഷിക്കായി പതിച്ചും പാട്ടത്തിനും നൽകിയ ഭൂമിയുടെ ഉപയോഗത്തിനു വിലക്കില്ല. ദേവസ്വത്തിനും രാജാവിനും മലബാറിൽ ജന്മിക്കും ഉടമസ്ഥത ഉണ്ടായിരുന്ന സ്ഥലത്തിനും വിലക്കില്ല. സ്വാതന്ത്ര്യാനന്തരം ജനങ്ങളുടെ സർക്കാർ പതിച്ചുകൊടുത്തതെല്ലാം പൊല്ലാപ്പാക്കി.
1964ലെ ഭൂപതിവു ചട്ടത്തിൽ ഇതിനോടകം നിരവധി ഭേദഗതികൾ ജനായത്ത സർക്കാരുകൾ വരുത്തിയിട്ടുണ്ട്. അഞ്ച് ഏക്കർവരെ ഭൂമി പതിച്ചുനൽകാൻ വ്യവസ്ഥ ഉണ്ടായിരുന്നത് പിന്നീട് നാല് ഏക്കറും ഒരേക്കറും 50 സെന്റും 25 സെന്റും മൂന്നു സെന്റുമൊക്കെയാക്കിയത് ചട്ടഭേദഗതികളിലൂടെയാണ്. 12 വർഷത്തേക്കു പതിവുഭൂമി കൈമാറാൻ പാടില്ലെന്നും 25 വർഷത്തേക്കു കൈമാറാൻ പാടില്ലെന്നും ഒക്കെ ചട്ടഭേദഗതി വരുത്തിയത് പിന്നീട് എപ്പോൾ വേണമെങ്കിലും കൈമാറാമെന്നും തിരുത്തി. അനന്തരാവകാശികൾക്കു മാത്രമേ അവകാശമുള്ളൂ എന്നുള്ളതും ചട്ടത്തിൽ തിരുത്തി. ഒരു ലക്ഷം രൂപയ്ക്കുമേൽ വാർഷിക വരുമാനമുള്ളവർക്കു പട്ടയത്തിനവകാശമില്ലെന്ന വ്യവസ്ഥയും ചട്ടത്തിൽ തിരുത്തി വ്യവസ്ഥയാക്കി. ഇതെല്ലാം ചെയ്തത് തെരഞ്ഞെടുക്കപ്പെട്ട സർക്കാർ തന്നെയാണ്. ഇതു സാധ്യമാണെന്നിരിക്കേ പട്ടയത്തിൽ കൃഷിയും വീടും മാത്രമേ അനുവദിക്കുന്നുള്ളൂ എന്ന അഭിഭാഷകവാദം തിരുത്താൻ മന്ത്രിസഭയ്ക്കു കഴിയുന്നില്ലെന്നു പറയുന്നതിലെ യുക്തി ദുരൂഹമാണ്.
1958ലും 1960ലും ഭൂപതിവു നിയമമുണ്ടാക്കാൻ അന്നത്തെ ജനനേതാക്കൾ കാട്ടിയ ആർജവത്തിന്റെയും ആത്മാർഥതയുടെയും ഒരു കണികപോലും വേണ്ട, നിർമാണനിരോധനവും പട്ടയ വിതരണ തടസവും നീക്കാൻ. നിയമം കീറാമുട്ടിയാണെന്നു പ്രചരിപ്പിച്ച്, വോട്ട് ചെയ്യുന്നവരെ വിഡ്ഢികളാക്കുന്ന രാഷ്ട്രീയ നേതൃത്വം ചരിത്രം അറിയണം. ഇവർ ഉണ്ടാക്കിയ നിയമം കീറാമുട്ടിയാകുന്നതെങ്ങനെയാണന്നുകൂടി അവർ പറയണം.
(തുടരും)