ആലപ്പുഴ: ആറ് റെയിൽവേ സ്റ്റേഷനുകളുടെ അപ്രോച്ച് റോഡ് നവീകരണത്തിന് അനുവദിച്ച 5.51 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾക്കുള്ള ടെൻഡർ നടപടികൾ പൂർത്തിയായതായി കെ.സി. വേണുഗോപാൽ എംപി.
ആലപ്പുഴ ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ കരുനാഗപ്പള്ളി, ഓച്ചിറ, ഹരിപ്പാട്, അന്പലപ്പുഴ, തുറവൂർ, ചേർത്തല റെയിൽവേ സ്റ്റേഷനുകളിലെയും അപ്രോച്ച് റോഡിന്റെയും സർക്കുലേറ്റിംഗ് ഏരിയകളുടെയും നവീകരണത്തിനും നിർമാണ പ്രവൃത്തികൾക്കുമായാണ് 5.51 കോടി അനുവദിച്ചത്.
ആലപ്പുഴ, കായംകുളം സ്റ്റേഷനുകൾക്കായി നേരത്തേ പണം അനുവദിച്ചതനുസരിച്ച് ടെൻഡർ നടപടി പൂർത്തിയാക്കി നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നവീകരണത്തിനായി തുക അനുവദിക്കണമെന്ന എംപിയുടെ ആവശ്യപ്രകാരമാണ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ നടപടി.
വിവിധ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യവികസനത്തിനും നവീകരണത്തിനുമായി നേരത്തേ അനുവദിച്ച 8.16 കോടിയുടെ ടെൻഡർ നടപടികൾ റെയിൽവേ ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചതായും എംപി പറഞ്ഞു.
അപ്രോച്ച് റോഡിന്റെയും സർക്കുലേറ്റിംഗ് ഏരിയകളുടെയും നവീകരണത്തിനായി അനുവദിച്ച തുകയുടെ വിനിയോഗം സംബന്ധിച്ച പ്രാരംഭ നടപടികളും റെയിൽവേ പൂർത്തിയാക്കി.