ന്യൂഡൽഹി: വിമാന ടിക്കറ്റ് നിരക്കുകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി ഡിജിസിഎയുടെ കീഴിൽ പ്രവർത്തിക്കുന്ന താരിഫ് മോണിറ്ററിംഗ് യൂണിറ്റ് കൂടുതൽ ശക്തമാക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു.
ആഭ്യന്തര റൂട്ടുകൾക്കുപുറമെ അന്താരാഷ്ട്ര റൂട്ടുകളിലെ നിരക്കുകളും നിരീക്ഷിക്കുന്നുണ്ടെന്നും രാജ്യസഭയിൽ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു. വിമാന ടിക്കറ്റ് നിരക്ക് വർധിക്കാനുള്ള സാധ്യത കാണുന്പോഴെല്ലാം മന്ത്രാലയം ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.
സമീപകാലത്തുണ്ടായ ഇൻഡിഗോ പ്രതിസന്ധിയിൽ മന്ത്രാലയം ഇടപെട്ട് ടിക്കറ്റ് നിരക്കുകൾ ന്യായമായതും താങ്ങാനാകുന്നതുമായ നിലയിൽ നിലനിർത്താൻ പരിധി നിശ്ചയിച്ചതായി മന്ത്രി പറഞ്ഞു. വ്യോമയാനമേഖല നിയന്ത്രണങ്ങളില്ലാത്തതായതിനാൽ ഡിമാൻഡും സപ്ലൈയും തമ്മിൽ പൊരുത്തക്കേടുണ്ടാകുന്പോഴുമാണ് നിരക്കുകൾ ഉയരുന്നതെന്നും റാം മോഹൻ നായിഡു വിശദീകരിച്ചു.