കൊച്ചി: യുപിഐ ഇടപാടുകള്‍ക്ക് അധികനിരക്കുകള്‍ ഏര്‍പ്പെടുത്താനുള്ള നീക്കം പിന്‍വലിക്കണമെന്ന് കേരള ജ്വല്ലേഴ്സ് അസോസിയേഷന് കോ ഓർഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കേണ്ട കാലത്ത് യുപിഐ ഇടപാടുകള്‍ക്ക് അധിക സാമ്പത്തികബാധ്യത ഏര്‍പ്പെടുത്തുന്നത് വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ തിരിച്ചടിയാകുമെന്ന് യോഗം വിലയിരുത്തി.
ചെറുകിട വ്യാപാരികളുടെ പ്രവര്‍ത്തനച്ചെലവ് വര്‍ധിപ്പിക്കുന്ന ഇത്തരം നടപടികള്‍ പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് 13ന് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് (കെജിഎസ്എംഎ) സംസ്ഥാന വ്യാപകമായി കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്കു മുന്നില്‍ നടത്തുന്ന പ്രതിഷേധ ധര്‍ണയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.
കെജിഎസ്എംഎ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. ഡോ. ബി. ഗോവിന്ദന് (എകെജിഎസ്എംഎ), എം.പി. അഹമ്മദ്, രാജേഷ് കല്യാണ്‍, എ.കെ. നിഷാദ് (കേരള ജ്വല്ലേഴ്സ് ഫെഡറേഷന്), ഷാജു ചിറയത്ത്, സുഹാസ് റാവു എന്നിവര്‍ പ്രസംഗിച്ചു.