കൊച്ചി: ജീവിതത്തില്‍ തിരുത്തലുകള്‍ നടത്താനുള്ള അവസരമാണ് വിശുദ്ധവാരം നമുക്കു തുറന്നുനല്‍കുന്നതെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മികത്വം വഹിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.പുണ്യം ചെയ്യുന്നവരേക്കാള്‍ പാപികളെ പരിഗണിക്കുന്ന ക്രിസ്തുവാണ് നമ്മുടെ രക്ഷകന്. ഗാഗുല്‍ത്തായിലെ വലതുവശത്തെ കള്ളന് തിരുത്താന്‍ കാണിച്ച മാതൃക പാഠമാണ്. തിരുത്താന്‍ കഴിയണമെങ്കില്‍ സഹനങ്ങള്‍ ഏറ്റെടുക്കണം. വാക്കുകൊണ്ട് തിരുത്തുന്നതിനേക്കാള്‍ ജീവിതംകൊണ്ടു തിരുത്തുന്നതാണ് ദൈവത്തിനു പ്രിയങ്കരം.
ഓശാനയെന്ന ആഘോഷം നമ്മെ വിളിക്കുന്നത് സമതലങ്ങളിലേക്കല്ല, കല്ലും മുള്ളുമുള്ള കാല്‍വരിയിലേക്കാണ്. നമ്മുടെ സങ്കടങ്ങളും കണ്ണീരുമെല്ലാം ദൈവത്തിന്റെ വഴിയിലൂടെ നമ്മെ വഴി നടത്തുന്ന നക്ഷത്രങ്ങളായി കാണണം.
നമ്മുടെ സങ്കടങ്ങളെ കുരിശോടു ചേര്‍ത്തുപിടിക്കാന്‍ നമുക്കാകണം.
ലോകത്തെ തെരഞ്ഞെടുക്കണമോ ദൈവത്തെ തെരഞ്ഞെടുക്കണമോ എന്നുള്ള തെരഞ്ഞെടുപ്പിന്റെ വേളകൂടിയാണ് വിശുദ്ധവാരം. ദൈവത്തെക്കൂടാതെ നമുക്കു ജീവിക്കാനാകുമെന്ന ചിന്തയെ തിരുത്താന്‍ ഓശാനത്തിരുനാള്‍ ഓര്‍മിപ്പിക്കുന്നുവെന്നും മാര്‍ തട്ടില്‍ പറഞ്ഞു.
എറണാകുളംഅങ്കമാലി അതിരൂപത വികാരി ജനറാള്‍മാരായ ഫാ. ഡോ. ആന്റോ ചേരാംതുരുത്തി, ഫാ. ഡോ. ജോസ് പുതിയേടത്ത്, ബസിലിക്ക അഡ്മിനിസ് ട്രേറ്റര് ഫാ. തോമസ് മങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരായിരുന്നു.എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ നടന്ന ഓശാന ശുശ്രൂഷകളില്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികനായി. സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ മുഖ്യസഹകാര്മികനായിരുന്നു.