ഹരാരെ: തുടർച്ചയായ രണ്ട് ട്വന്റി20 പരന്പര പരാജയത്തിനു ശേഷം മൂന്ന് മത്സരമടങ്ങിയ ട്വന്റി20 പരന്പരയ്ക്ക് ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യ ഇന്ന് സിംബാബ്വെയ്ക്കെതിരേ ഇറങ്ങും. പരന്പര തൂത്തുവാരി അഭിമാനവും ആത്മവിശ്വാസവും തിരിച്ചുപിടിച്ച് ശ്രേയസ് ഉയർത്തുകയാണ് നായകൻ അയ്യരുടെ ഭാരിച്ച ഉത്തരവാദിത്വം.
അയർലൻഡിലും (2-0) ഇംഗ്ലണ്ടിലും (4-0) പരന്പരകൾ നഷ്ടപ്പെട്ടതോടെ അയ്യർ കടുത്ത സമ്മർദത്തിലാണ്. 2026 ഐപിഎല്ലിനു ശേഷമാണ് അദ്ദേഹം ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്. തുടർച്ചയായ ആറ് തോൽവികൾ സമ്മർദം കൂട്ടുന്നു. വൈകുന്നേരം 4.30നാണ് മത്സരം.
അഭിഷേക്- സൂര്യവംശി
സഞ്ജു സാംസണിന്റെ അഭാവത്തിൽ അഭിഷേക് ശർമയും വൈഭവ് സൂര്യവംശിയും ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. അഗ്രസീവ് ബാറ്റിംഗ് ശൈലികൊണ്ട് ശ്രദ്ധേയനായ സൂര്യവംശിക്ക് സിംബാബ്വെ പര്യടനം നിര്‍ണായകമാണ്. ദേശീയ ടീമിൽ അരങ്ങേറിയെങ്കിലും മിന്നും ഫോം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടില്ല.
വെടിക്കെട്ടുമായി അഭിഷേക് ഉണ്ടെങ്കിലും കൂട്ടുകെട്ട് മികവ് പുലർത്തുമോ എന്നതാണ് ആശങ്ക. അഞ്ചാം സ്ഥാനത്ത് തിലക് വർമ പരീക്ഷക്കപ്പെടാൻ സാധ്യത കുറവ്. ഫിനിഷർ റോളിൽ ടീമിലെ നിർണായക സാന്നിധ്യമായ റിങ്കു സിംഗിന് ഈ സ്ഥാനം നൽകിയേക്കും. മധ്യനിരയിലും അവസാന ഓവറുകളിലും വേഗത്തിൽ റണ്‍സുയർത്താനുള്ള റിങ്കുവിന്റെ മികവ് പരിഗണിക്കപ്പെടും.
ഹരാരെയിലെ പിച്ച് വേഗതയെയും ബൗണ്‍സിനെയും പിന്തുണയ്ക്കുന്നതിനാൽ പുതുമുഖ പേസർമാരുടെ പ്രകടനം നിർണായകമാകും. അരങ്ങേറ്റക്കാരായ യഷ് ഠാക്കൂർ, അശോക് ശർമ എന്നിവർക്കൊപ്പം വേഗതയുമുള്ള മയങ്ക് യാദവിന്റെ തിരിച്ചുവരവും പേസ് ശക്തി കൂട്ടും.
ഇന്ത്യ ടീം: ശ്രേയസ് അയ്യർ (c), വൈഭവ് സൂര്യവംശി, അഭിഷേക് ശർമ, ഇഷാൻ കിഷൻ (wk), തിലക് വർമ, ശിവം ദുബെ, ഹർഷ് ദുബെ, സൂര്യാൻഷ് ഷെഡ്ഗെ, യാഷ് താക്കൂർ, പ്രിൻസ് യാദവ്, മായങ്ക് യാദവ്, അശോക് ശർമ, രവി ബിഷ്ണോയ്, പ്രഭ്സിമ്രാൻ സിംഗ്, റിങ്കു സിംഗ്.
തുല്യശക്തികളുടെ പോരാട്ടം: സിക്കന്ദർ റാസ
ഇന്ത്യ- സിംബാബ്വെ മത്സരം തുല്യശക്തികളുടെ പോരാട്ടമായിരിക്കുമെന്ന് സിംബാബ്വെ നായകൻ സിക്കന്ദർ റാസ. ഇന്ത്യ്ക്ക് മേൽക്കൈ ഉണ്ടാകുമെന്ന വിലയിരുത്തലുകളെ തള്ളുകയാണ് സിക്കന്ദർ റാസ.