കണ്ണൂര്‍: വെള്ളപ്പൊക്കത്തെ തുടർന്ന് നാശനഷ്ടങ്ങൾ നേരിട്ട വ്യവസായ യൂണിറ്റുകളുടെ പുനരുദ്ധാരണത്തിന് പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി വായ്പകൾ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ (കെഎസ്എസ്ഐഎ) കണ്ണൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ചേംബർഹാളിൽ നടന്ന സമ്മേളം ജില്ലാ കളക്ടർ പി. വിഷ്ണുരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി. അബ്ദുൾ കരീം അധ്യക്ഷത വഹിച്ചു.
ജില്ലയിൽ വ്യവസായ ഇടനാഴി സ്ഥാപിക്കുക, വ്യവസായികള്‍ക്ക് സബ്സിഡി തുകകള്‍ വിതരണം ചെയ്യുക, ജില്ലാ വ്യവസായ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കുക, നാടുകാണി കിൻഫ്ര പാർക്കിൽ 110 കെവി. സബ് സ്റ്റേഷൻ സ്ഥാപിക്കുക, ധര്‍മശാലയില്‍ അഗ്നിരക്ഷാ നിലയം സ്ഥാപിക്കുക എന്നീ കാര്യങ്ങൾ പ്രമേയത്തിലൂടെ സർക്കാരിനോട് സമ്മേളനം ആവശ്യപ്പെട്ടു.
ഡിഎഫ്ഒ കെ. സജി, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്. അജിമോന്, മലിനീകരണ നിയന്ത്രണ ബോർഡ് സീനിയര്‍ എന്‍വയോണ്‍മെന്റൽ എൻജിനിയര്‍ സൗമ ഹമീദ്, എല്‍എസ്ജി ജോയിന്റ് ഡയറക്ടർ പി.എം. ധനേഷ്, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനിയർ പി.കെ. ബഷീർ, കനറാ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അന്‍ഷുമാന്‍ ഡെ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ജില്ലാ സെക്രട്ടറി ടി.പി. നാരായണന്, സംസ്ഥാന വൈസ് പ്രസിഡന്റ് സുനിൽനാഥ്, വനിതാ വിഭാഗം പ്രസിഡന്റ് സി.എച്ച്. റഹ്മത്ത്, സെക്രട്ടറി കെ.പി.സൗമ്യ, താലൂക്ക് പ്രസിഡന്റ് സി.കെ. സുമേഷ്, എം. ഭാസ്കരന്, ടി. മുഹമ്മദ്, കെ.പി. ഫാറൂഖ് ഹമീദ്, കെ പി രാജീവന് എന്നിവര്‍ പ്രസംഗിച്ചു.
പ്രസിഡന്റായി സി. അബ്ദുൾ കരീമീനെയും സെക്രട്ടറിയായി ടി.പി. നാരായണനെയും സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു.