തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ എ.സന്തോഷ് കുമാറിനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. 2011-15 കാലയളവിൽ ജില്ലാ ഗവ. പ്ലീഡർ ആയിരുന്നു സന്തോഷ് കുമാർ.
കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം, ചെറിയതുറ വെടിവെപ്പ് തുടങ്ങിയ കേസുകളിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്നു എ. സന്തോഷ് കുമാർ. പ്രോസിക്യൂട്ടറായിരുന്ന ഗീനാ കുമാരിക്ക് പകരമാണ് സന്തോഷ് കുമാറിനെ നിയമിച്ചത്. തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോൾ സന്തോഷ് കുമാർ തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഹാജരാകും.
കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ്കുമാറിനെ കസ്റ്റഡിയിൽ വാങ്ങേണ്ടതില്ലെന്നായിരുന്നു ഗീനാകുമാരി കോടതിയിൽ വാദിച്ചത്. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള കേസിൽ ഒമ്പതാം പ്രതിക്ക് ജാമ്യം ലഭിച്ചത് വൻ വിവാദമായിരുന്നു. പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം സിറ്റി പോലീസ് കമ്മീഷണർക്ക് കത്തും നൽകിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചത്. അതേസമയം ഗീനാ കുമാരിയെ പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് മാറ്റുന്നതായുള്ള ഉത്തരവ് പുറത്തിറങ്ങി. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് പോലീസ് ഹൈക്കോടതിയിലും അപ്പീൽ സമർപ്പിക്കും.