Kerala
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് വിജിലൻസ് കണ്ടെത്തിയ ജിഎസ്ടി ജോയിന്റ് കമ്മിഷണർ പ്രജനി രാജനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു. വിജിലൻസ് കേസെടുത്തിട്ടും സസ്പെൻഡ് ചെയ്യാത്തതിൽ വിമർശനം ഉയർന്നതിനു പിന്നാലെയാണു സർക്കാർ നടപടി. വിജിലൻസ് വീട്ടിൽ റെയ്ഡ് നടത്തിയ ശേഷവും ഇവർ മൂന്ന് ദിവസം ഓഫിസിൽ എത്തിയിരുന്നു.
പ്രജനി രാജൻ സർവീസിൽ തുടരുന്നത് തെളിവ് നശിപ്പിക്കാനും അന്വേഷണം തടസപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും കാരണമാകുമെന്നും ഇതു വിലയിരുത്തിയാണ് നടപടിയെന്നും ഉത്തരവിൽ സർക്കാർ വ്യക്തമാക്കി. പ്രജനിയുടെ കൊച്ചി തേവരയിലെ ഓഫിസിലും പച്ചാളത്തെ വസതിയിലും നടത്തിയ പരിശോധനയിൽ 14.10 ലക്ഷം രൂപയും 788 യുഎസ് ഡോളറും ഒരു പവൻ വീതം തൂക്കമുള്ള നാല് സ്വർണനാണയങ്ങളും 190 ഗ്രാം സ്വർണാഭരണങ്ങളും വിജിലൻസ് പിടിച്ചെടുത്തിരുന്നു.
International
ദുബായ്: ദുബായിൽ നിന്ന് ഇസ്രയേലിലേക്ക് സർവീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തിലുണ്ടായ അടിയന്തര സാഹചര്യത്തെയും തുടർനടപടികളുടെയും പശ്ചാത്തലത്തിൽ, ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവെക്കുന്നതായി ഫ്ലൈദുബായ് പ്രഖ്യാപിച്ചു. ഔദ്യോഗിക അന്വേഷണം പൂർത്തിയാകുന്നതുവരെയാണ് ഈ നടപടി.
ദുബായിൽ നിന്ന് ബെൻ ഗുരിയോൺ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എഫ്.ഇസെഡ് 1073 ബോയിംഗ് 737 മാക്സ് വിമാനമാണ് കോക്ക്പിറ്റിലെ പൈലറ്റുമാർ തമ്മിലുള്ള കയ്യാങ്കളിയെ തുടർന്ന് സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ഇറക്കിയത്.
വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാർ തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ വിമാനം പെട്ടെന്ന് ആയിരക്കണക്കിന് അടി താഴ്ന്നത് വലിയ ആശങ്കയ്ക്ക് വഴിവെച്ചിരുന്നു. തുടർന്ന് എമർജൻസി കോഡുകൾ നൽകുകയും സൗദി അറേബ്യയിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയുമായിരുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്.
Kerala
മലപ്പുറം: വിധവാ പെൻഷൻ തുക വ്യാജ ഒപ്പിട്ട് കൈപ്പറ്റിയെന്ന പരാതിയിൽ സിപിഎം നേതാവായ ബാങ്ക് ജീവനക്കാരന് സസ്പെൻഷൻ. പെരിന്തൽമണ്ണ അർബൻ ബാങ്കിന്റെ മൂർക്കനാട് ശാഖയിലെ ജീവനക്കാരനായ നൗഫലിനെയാണ് സസ്പെൻഡ് ചെയ്തത്. സിപിഎം മങ്കട ഏരിയാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നേതാവുമാണ് നൗഫൽ.
പത്ത് മാസത്തെ പെൻഷൻ തുകയായ 20,000 രൂപയാണ് നൗഫൽ തട്ടിയെടുത്തത്. പെൻഷൻ തുക ലഭിക്കാത്തതിനെത്തുടർന്ന് വീട്ടമ്മ ബാങ്കിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് വിവരങ്ങൾ പുറത്തറിയുന്നത്. ബാങ്ക് നടത്തിയ അന്വേഷണത്തിൽ നൗഫലാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ബാങ്ക് നടപടി സ്വീകരിച്ചത്.
അതേസമയം ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം നേതൃത്വം അറിയിച്ചു. തട്ടിപ്പിനിരയായ വീട്ടമ്മ പൊലിസിലും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ നിയമനടപടികളും പുരോഗമിക്കുകയാണ്. ബാങ്ക് ജീവനക്കാർ വഴി പെൻഷൻ വിതരണം നിർത്താനുള്ള തീരുമാനത്തിനെതിരെ സിപിഎം നടത്തിയ സമരത്തിന് നൗഫൽ നേതൃത്വം നൽകിയിരുന്നു.
Kerala
തിരുവനന്തപുരം: പറവൂരിൽ കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ച സംഭവത്തിൽ കണ്ടക്ടറെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. യാത്രാമധ്യേ സൗജന്യ യാത്രാ ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്നാണ് നടപടി.
കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി സിഎംഡിയുടെ നിർദേശപ്രകാരമാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.
ഗുരുവായൂർ - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ പ്രിയദർശിനി ബസിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർഥിനിയോട് കണ്ടക്ടർ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥിനിയുടെ കുടുംബം പറവൂർ പൊലിസിൽ പരാതി നൽകിയിരുന്നു.
പൊലിസിൽ നൽകിയ പരാതി ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് കെഎസ്ആർടിസി അധികൃതർ സംഭവത്തിൽ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചത്.
Kerala
തിരുവനന്തപുരം: കേരള സ്പോർട്സ് കൗണ്സിലിൽ കായികതാരങ്ങൾക്കായുള്ള സ്പോർട്സ് കിറ്റ് വാങ്ങുന്നതിനും അത് വിതരണം ചെയ്യുന്നതിലും ഗുരുതര വീഴ്ച വരുത്തിയ രണ്ടു സീനിയർ ക്ലർക്കുമാരെ സസ്പെൻഡ് ചെയ്തു.
സീനിയർ ക്ലർക്കുമാരായ നിതിൻ റോയി, ടി.എസ്. അരുണ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. പുതുച്ചേരിയിൽ നടന്ന ദക്ഷിണമേഖലാ ജൂണിയർ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കേരള താരങ്ങൾക്കു കൃത്യസമയത്ത് ജഴ്സിയും ട്രാക്ക് സ്യൂട്ടും വിതരണം ചെയ്യാത്തതാണു നടപടിക്കു കാരണമായത്.
മത്സരത്തിനിറങ്ങേണ്ട താരങ്ങൾക്കു മുൻകൂറായി സ്പോർട്സ് കിറ്റുകൾ ലഭ്യമാക്കണമെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ് ഈ മാസം ഒന്നിനു നടന്ന യോഗത്തിൽ കർശന നിർദേശം നൽകിയിരുന്നെങ്കിലും ഉദ്യോഗസ്ഥർ ഇത് പാലിച്ചില്ല. മത്സരത്തലേന്നും കിറ്റുകൾ ലഭിക്കാത്തതിനെത്തുടർന്ന് അത്ലറ്റുകളും പരിശീലകരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവർക്കും എതിരായ നടപടി.
Kerala
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിൽ എക്സ്റേ മാറി നൽകിയ സംഭവത്തിൽ താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ. റേഡിയോളജി വിഭാഗത്തിലെ ജീവനക്കാരനെയാണ് സസ്പെൻഡ് ചെയ്തത്.
സൂപ്രണ്ട് നടത്തിയ അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എക്സ്റേ മാറി നൽകിയിട്ടും അത് മനസിലാകാതെ ചികിത്സിച്ച പൾമനോളജി വിഭാഗം ഡോക്ടർക്കും താക്കീത് നൽകി. 16 കാരിക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള 88 കാരിയുടെ എക്സ്റേ ആണ് മാറി നൽകിയത്.
ശ്വാസതടസവുമായി ചികിത്സയ്ക്കെത്തിയ പെൺകുട്ടിയോട് ഡോക്ടറാണ് എക്സ്റേയെടുക്കാൻ നിർദേശിച്ചത്. ഇതനുസരിച്ച് പെൺകുട്ടി റേഡിയോളജി വകുപ്പിലെത്തി എക്സ്റേയെടുത്തു. എന്നാൽ റേഡിയോളജി വകുപ്പിൽ നിന്ന്, ആശുപത്രിയിൽ ചികിത്സയിലുള്ള 88-കാരിയുടെ എക്സ്റേയാണ് നൽകിയത്. ഈ എക്സ്റേയുമായി പെൺകുട്ടി വീണ്ടും ഡോക്ടറെ കണ്ടു.
എക്സ്റേ പരിശോധിച്ച് പെൺകുട്ടിയുടെ നട്ടെല്ലിന് വളവുണ്ടെന്ന് പറഞ്ഞ് ഡോക്ടർ മരുന്നു കുറിച്ച് നൽകി. തുടർ ചികിത്സയ്ക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് എക്സ്റേ മാറിപ്പോയ കാര്യം മനസിലായത്. ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ എക്സ്റേ പരിശോധിച്ചപ്പോഴാണ് രോഗിയുടെ പ്രായവും കൊണ്ടുവന്ന എക്സ്റേയിലെ പൊരുത്തേക്കേടുകളും വ്യക്തമായത്.
ഇതോടെ പെൺകുട്ടിയും മാതാപിതാക്കളും കോന്നി മെഡിക്കൽ കോളേജിലെത്തി സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. എക്സ്റേ മാറിനൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രി കെ മുരളീധരൻ നിർദേശം നൽകിയിരുന്നു.
മെഡിക്കൽ കോളജ് സൂപ്രണ്ടിനാണ് മന്ത്രി ഇതുസംബന്ധിച്ച നിർദേശം നൽകിയത്. എക്സ്റേ വിതരണം ചെയ്യുന്ന കൗണ്ടറിലാണ് പിഴവ് സംഭവിച്ചതെന്ന് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യൂക്കേഷന് സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
Kerala
തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് തൊഴിൽവകുപ്പ് അഡീഷണൽ ലേബർ കമ്മീഷണർ കെ.ശ്രീലാലിനെ സസ്പെൻഡ് ചെയ്തു. കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൂടിയാണ് ശ്രീലാൽ.
ക്ഷേമനിധി ബോർഡ് സിഇഒ ആയിരിക്കെ ഔദ്യോഗിക ആവശ്യങ്ങൾക്കായി മൊബൈൽ ഫോണുകൾ വാങ്ങിയതിലും യാത്രാബത്തയും മറ്റ് ചെലവുകളും അനധികൃതമായി കൈപ്പറ്റിയതിലും ക്രമക്കേട് നടന്നുവെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട പരിശോധനയിൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ.
Kerala
പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലിസ് ഉദ്യോഗസ്ഥനെതിരെ നടപടി. തണ്ണിത്തോട് പൊലിസ് സ്റ്റേഷനിലെ സിപിഒ പ്രവീൺകുമാറിനെതിരെയാണ് നടപടി. സംഭവത്തെ തുടർന്ന് പ്രവീൺകുമാറിനെ സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് കോന്നി കൊന്നപ്പാറയിൽ പ്രവീൺകുമാർ മദ്യപിച്ച് ഓടിച്ച ബൈക്ക് നിർത്തിയിട്ടിരുന്ന ആംബുലൻസിൽ ഇടിച്ചു കയറിയത്. ഇതേതുടർന്ന് പ്രവീൺകുമാറിനെ നാട്ടുകാർ തടഞ്ഞുവച്ച് പൊലിസിന് കൈമാറുകയായിരുന്നു.
National
ഫിറോസാബാദ്: മോഷണം നടത്തിയ ആളെ പിടികൂടാനെത്തിയ എസ്ഐയുടെ തൊഴിയേറ്റ് ഗർഭിണി മരിച്ചു. യുപിയിലെ ഷികോഹാബാദ് മേഖലയിലാണു സംഭവം.
രണ്ട് എസ്ഐമാർ ഉൾപ്പെടെ ആറു പൊലിസുകാരെ സസ്പെൻഡ് ചെയ്തു. ദളിത് യുവതി അഞ്ജലി (28) ആണു മരിച്ചത്. ഇവരുടെ ഭർത്താവ് ഗൗരവിനെ (32) തേടിയാണു പൊലി സെത്തിയത്.
ഞായറാഴ്ച രാത്രി 11.45നാണു സംഭവം. തന്റെ ഭർത്താവിനെ കൊണ്ടുപോകരുതെന്നു കെഞ്ചിയ അഞ്ജലിയുടെ വയറിന് എസ്ഐ ധരംപാൽ സിംഗ് തൊഴിക്കുകയായിരുന്നു. തുടർന്ന് യുവതി അബോധാവസ്ഥയിലായി. അഞ്ജലിയുടെ നില വഷളായതിനെത്തുടർന്ന് ഷികോഹാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ അഞ്ജലി ആൺകുഞ്ഞിനു ജന്മം നല്കി. പ്രസവശേഷം അഞ്ജലിയുടെ നില ഗുരുതരമായി. തുടർന്ന് ഫിറോസാബാദിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അഞ്ജലിയുടെ കുഞ്ഞും ഗുരുതരാവസ്ഥയിലാണ്.സംഭവത്തിൽ സമാജ്വാദി പാർട്ടി പ്രവർത്തകർ പ്രതിഷേധിച്ചു.
National
ന്യൂഡൽഹി: സിജെപി സമരവുമായി ബന്ധപ്പെട്ട് അക്ഷത് ത്രിപാഠിയെന്ന വിദ്യാർഥിക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയ ഗ്രേറ്റർ നോയിഡ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനെ സസ്പെൻഡ് ചെയ്തു.
വിദ്യാർഥിയുടെ ഹർജി ഇന്നലെ സുപ്രീംകോടതി പരിഗണിച്ചപ്പോഴാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇക്കാര്യം കോടതിയെ അറിയിച്ചത്.
സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചെന്നാരോപിച്ച് ബിഎൻഎസ് സെക്ഷൻ 130 പ്രകാരമാണ് മജിസ്ട്രേറ്റ് നോട്ടീസ് അയച്ചത്.
എന്നാൽ, നടപടി വിലക്കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ ഉത്തരവ് നിലനിൽക്കെയായിരുന്നു മജിസ്ട്രേറ്റിന്റെ നീക്കം.
Kerala
തിരുവനന്തപുരം: വയനാട് ജില്ലയിലെ പൂക്കോട് തടാകം മോടിപിടിപ്പിക്കൽ പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് രജിസ്റ്റർ ചെയ്ത വിജിലൻസ് കേസിൽ പ്രതിയായി ഉൾപ്പെട്ടിരിക്കുന്ന എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിലെ ഡെപ്യൂട്ടി രജിസ്ട്രാർ ബി. ആനന്ദിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
വിജിലൻസ് കേസിൽ ഒന്നാം പ്രതിയായി ബി. ആനന്ദ് ഉൾപ്പെട്ടിട്ടുണ്ടെന്നും വിജിലൻസ് ശിപാർശയിന്മേൽ നടപടി സ്വീകരിക്കണമെന്നും സർക്കാർ സർവകലാശാലയെ അറിയിച്ചിരുന്നു. കേസിനാസ്പദമായ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്ത സമയത്ത് ആനന്ദ് ഡിടിപിസി വയനാട് മെമ്പർ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.
അന്വേഷണത്തെ ബാധിക്കുന്ന തരത്തിൽ സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ സാധ്യതയുള്ളതിനാൽ, അന്വേഷണം പൂർത്തിയാകുന്നതുവരെ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് വിജിലൻസ് വകുപ്പ് സർക്കാരിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടി സ്വീകരിക്കാൻ സർക്കാർ സർവകലാശാലയ്ക്ക് നിർദേശം നൽകിയത്.
കൂടാതെ, സർവകലാശാലയിലെ പരീക്ഷ വിഭാഗത്തിലെ ഡെപ്യൂട്ടി രജിസ്ട്രാർ എന്ന ഉയർന്ന പദവി അത്യന്തം ഗൗരവമേറിയതും രഹസ്യസ്വഭാവമുള്ളതുമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നായതിനാൽ വിജിലൻസ് കേസിൽ പ്രതിയായ ഉദ്യോഗസ്ഥൻ ഇത്തരം പദവികളിൽ തുടരുന്നത് സർവകലാശാലയുടെ വിശ്വാസ്യതയ്ക്കും സുതാര്യതയ്ക്കും തടസമാകുമെന്നതിനാലും അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനെ ഭരണപരമായ ഉയർന്ന തസ്തികയിൽ തുടരുന്നത് പൊതുതാല്പര്യത്തിന് വിരുദ്ധമായതിനാലും ആണ് സസ്പെൻഷൻ നടപടിയെന്ന് സർവകലാശാല ഉത്തരവിൽ പറയുന്നു.
മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയോ വിജിലൻസ് കേസിലെ അന്വേഷണം പൂർത്തിയാകുന്നതുവരെയോ സസ്പെൻഷൻ തുടരും.
National
ഹൈദരാബാദ്: സഭാ നടപടികള് തടസപ്പെടുത്തിയതിനെത്തുടര്ന്ന് തെലുങ്കാന നിയമസഭയില് 22 ബിആര്എസ് എംഎല്എമാരെ മണ്സൂണ് സമ്മേളനത്തിന്റെ ശേഷിക്കുന്ന ദിവസങ്ങളിലേക്ക് സസ്പെന്ഡ് ചെയ്തു.
സഭ ചേര്ന്നയുടന് ബിആര്എസ് അംഗങ്ങള് നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി.
അംഗങ്ങളോട് സ്പീക്കര് ഗദ്ദം പ്രസാദ് കുമാര്, ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാര്ക്ക, നിയമകാര്യ മന്ത്രി ഡി. ശ്രീധര് ബാബു എന്നിവര് സീറ്റുകളിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. തുടര്ന്ന് സ്പീക്കര് ബിആര്എസ് അംഗങ്ങളെ സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്ക് സസ്പെന്ഡ് ചെയ്യുകയായിരുന്നു.
Kerala
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സപ്ലൈകോ പുറത്തിറക്കിയ ഗിഫ്റ്റ് കാര്ഡുകള് ദുരുപയോഗം ചെയ്ത് സ്വകാര്യ കമ്പനിക്കു പഞ്ചസാര കൈമാറിയ സംഭവത്തില് ഏഴു ജീവനക്കാര്ക്കുകൂടി സസ്പെന്ഷന്. മന്ത്രി അനൂപ് ജേക്കബിന്റെ നിര്ദേശപ്രകാരമാണു നടപടി. കീര്ത്തി നിര്മ്മല് എന്ന കമ്പനിക്കാണു പെരുമ്പാവൂര് ഡിപ്പോയില്നിന്ന് സബ്സിഡിയിതര പഞ്ചസാര കൈമാറിയത്. പെരുമ്പാവൂര് ഡിപ്പോയിലെ മാവേലി കസ്റ്റോഡിയന് രജീഷ് രവീന്ദ്രനെ നേരത്തേ സസ്പെന്ഡ് ചെയ്തിരുന്നു.
സപ്ലൈകോ ഹെഡ് ഓഫീസിലെ ഡെപ്യുട്ടി മാനേജര് സജീവ് പോള്, അറക്കപ്പടി മാവേലി സ്റ്റോര് ഔട്ട്ലെറ്റ് ഇന് ചാര്ജ് അഞ്ജു വിജയന്, തുറവൂര് മാവേലി സ്റ്റോര് ഔട്ട്ലെറ്റ് ഇന് ചാര്ജ് എ.എസ്. സന്ധ്യ, പാലിശേരി മാവേലി സ്റ്റോറിലെ എം. ആര്. ദിവ്യ, പോഞ്ഞാശേരി വില്പനശാലയിലെ എസ്. സൗമിനി, കറുകുറ്റി മാവേലി സ്റ്റോറിലെ മഞ്ജു ആന്റണി, ശ്രീമൂലനഗരം മാവേലി സ്റ്റോറിലെ ബേസില് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്ഡ് ചെയ്തത്.
സപ്ലൈകോയുടെ ഓണം ഗിഫ്റ്റ് കാര്ഡ് പദ്ധതി പ്രകാരം സ്വകാര്യ കമ്പനിയായ കീര്ത്തി നിര്മലിന് ആയിരം രൂപയുടെ 1,000 കൂപ്പണുകള് നല്കിയിരുന്നു. ഈ കൂപ്പണുകളുടെ മുഴുവന് തുകയ്ക്കും സബ്സിഡിയിതര പഞ്ചസാര മാത്രം നല്കുന്നതിനായി മാവേലി കസ്റ്റോഡിയന് രജീഷ് രവീന്ദ്രന് ഡിപ്പോയില്നിന്നു തുറവൂര്, പാലിശേരി, കറുകുറ്റി, ശ്രീമൂലനഗരം, പോഞ്ഞാശേരി, അറക്കപ്പടി എന്നീ സപ്ലൈകോ വില്പനശാലകളിലേക്കു പഞ്ചസാര ഇഷ്യൂ ചെയ്യുകയും തുടര്ന്ന് ഈ ഔട്ട്ലെറ്റുകളില്നിന്നു പഞ്ചസാര ബില്ലടിക്കുകയും ചെയ്തു. എന്നാല്, ബില്ലടിക്കുന്നതിനാവശ്യമായ പഞ്ചസാര ഔട്ട്ലെറ്റുകളിലേക്കു കൈമാറിയതായി രേഖകളില് മാത്രമാണു കാണിച്ചത്.
യഥാര്ഥ സ്റ്റോക്ക് ഡിപ്പോയില് സൂക്ഷിച്ചതായും സപ്ലൈകോ വിജിലന്സ് ഓഫീസറുടെ നേതൃത്വത്തില് നടത്തിയ പരിശോധനയില് കണ്ടെത്തിയിരുന്നു. വിപണിയില് പഞ്ചസാര വിലയില് വലിയ വ്യത്യാസമുള്ള സമയത്ത് സ്വകാര്യ കമ്പനിക്ക് വന്തോതില് പഞ്ചസാര വില്പന നടത്തിയതിനും സ്റ്റോക്ക് ക്രമവിരുദ്ധമായി കൈകാര്യം ചെയ്തതിനുമാണു വില്പനശാലകളിലെ ജീവനക്കാരെ സസ്പെന്ഡ് ചെയ്തത്.
പഞ്ചസാരയ്ക്കു വിപണിയില് വലിയ വിലവ്യത്യാസം ഉള്ളപ്പോള് വന്തോതില് സ്റ്റോക്ക് കൈമാറ്റം ചെയ്യാന് കീഴ്ജീവനക്കാരെ പ്രേരിപ്പിക്കുകയും ഇതെല്ലാം സപ്ലൈകോ കേന്ദ്ര കാര്യാലയത്തിലെ മേലുദ്യോഗസ്ഥരുടെ അറിവോടെയാണെന്ന തെറ്റായ സന്ദേശം കൈമാറുകയും ചെയ്തതിനാലാണു ഡെപ്യുട്ടി മാനേജരായ സജീവ് പോളിനെ അന്വേഷണവിധേയമായി സസ്പെന്ഡ് ചെയ്തതെന്ന് മാനേജിംഗ് ഡയറക്ടറുടെ ഉത്തരവില് പറയുന്നു.
Kerala
ഇടുക്കി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര് ചെയ്ത സംഭവത്തിൽ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ. തൊടുപുഴ സ്റ്റേഷനിലെ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജിത സലീമിനെതിരെയാണ് നടപടി.
സജിത സലീമിനെതിരെ യുവമോര്ച്ച പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് നടപടി. ഡൽഹിയിൽ നടന്ന സിജെപി സമരത്തെ പിന്തുണച്ചെന്നും കേന്ദ്രസർക്കാരിനെ മോശമായി ചിത്രീകരിച്ചെന്നുമാണ് പരാതി.
ഇടുക്കി ജില്ലാ പൊലിസ് മേധാവിയുടെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് എറണാകുളം ക്രൈംബ്രാഞ്ച് ഐജിയാണ് നടപടിയെടുത്തത്. സംഭവത്തില് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
കാലടി: കാലടി പൊലിസ് കസ്റ്റഡിയിലെടുത്ത ടാക്സി ഡ്രൈവറെ സ്റ്റേഷനിൽ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ എസ്ഐ ഉൾപ്പടെ നാലു പൊലിസുകാർക്ക് സസ്പെൻഷൻ. എസ്ഐ അജ്മൽ, പൊലിസുകാരായ ധനേഷ്, രജിത്, നിസാർ എന്നിവർക്കെതിരേയാണു റേഞ്ച് ഡിഐജി നടപടിയെടുത്തത്.
ശ്രീമൂലനഗരത്ത് താമസിക്കുന്ന ടാക്സി ഡ്രൈവർ സുജിത് ജയന്റെ പരാതിപ്രകാരം ജില്ലാ പൊലിസ് മേധാവിയുടെ അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിഐജിയുടെ ഉത്തരവ്.
അടിപിടിക്കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാനെന്ന പേരിൽ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി ക്രൂരമായി മർദിച്ചെന്നാണ് സുജിത്തിന്റെ പരാതി.
കാമറയില്ലാത്ത മുറിയിൽ കൊണ്ടുപോയി ജനനേന്ദ്രിയത്തിൽ അടിക്കുകയും അസഭ്യം പറയുകയും ചെയ്തതായി സുജിത്തിന്റെ പരാതിയിലുണ്ട്. സംഭവം വിവാദമായതോടെ അന്വേഷണം നടത്തുകയും പൊലിസുകാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കണ്ടെത്തുകയുമായിരുന്നു.
National
റായ്സൻ: മധ്യപ്രദേശിലെ റായ്സൻ ജില്ലാ ജയിലിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ച തടവുകാരൻ ഗാർഡിനു നേരെ വെടിയുതിർത്തു. ഗുരുതര പരിക്കേറ്റ ഗാർഡ് ദിഗ്വിജയ് സിംഗ് തോമറിനെ വിദഗ്ധ ചികിത്സയ്ക്കായി ഭോപ്പാലിലെ എയിംസിലേക്ക് മാറ്റി. സംഭവത്തിൽ ജയിൽ സൂപ്രണ്ട് ആർ.കെ. ചൗരെയെ സസ്പെൻഡ് ചെയ്തു.
രക്ഷാബന്ധൻ ആഘോഷങ്ങളുടെ ഭാഗമായി ജയിലിനുള്ളിൽ പരിപാടികൾ നടക്കുന്നതിനിടെയാണ് സംഭവം. കൊലപാതകശ്രമക്കേസിൽ തടവിൽ കഴിയുന്ന നിലേഷ് സിംഗ് പഴങ്ങൾ നിറച്ച കുട്ടയുമായി ജയിലിന്റെ പ്രധാന കവാടത്തിലെത്തി. കവാടം തുറക്കണമെന്ന് ഗാർഡിനോട് ആവശ്യപ്പെട്ടെങ്കിലും തോമർ വിസമ്മതിച്ചു. തുടർന്ന് കുട്ടയിൽ ഒളിപ്പിച്ചിരുന്ന നാടൻ തോക്കെടുത്ത് നിലേഷ് സിംഗ് ഗാർഡിനു നേരെ വെടിയുതിർക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ ജയിൽ സൂപ്രണ്ട് ചൗരെയും മറ്റ് ജയിൽ ജീവനക്കാരും ചേർന്ന് പ്രതിയെ പിടികൂടി. സംഭവത്തിൽ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജയിലിനുള്ളിൽ അനധികൃത ആയുധം എങ്ങനെ എത്തിയെന്നും ഇതിന് ആരുടെയെങ്കിലും സഹായമുണ്ടായിരുന്നോയെന്നും അന്വേഷിച്ചുവരികയാണ്.
രക്ഷാബന്ധൻ ആഘോഷങ്ങളുടെ ഭാഗമായി ജയിലിനുള്ളിൽ എത്തിച്ച മധുരപലഹാരങ്ങളുടെയും പഴങ്ങളുടെയും കുട്ടകളിൽ തോക്ക് ഒളിപ്പിച്ചിരിക്കാമെന്നാണ് കരുതുന്നതെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സൂപ്രണ്ട് ചൗരെ പ്രതികരിച്ചു.
Kerala
പത്തനംതിട്ട: അശ്ലീല ചിത്രം വാട്സാപ്പ് സ്റ്റാറ്റസായി പങ്കുവച്ച പൊലിസ് അസോസിയേഷൻ നേതാവിന് സസ്പെൻഷൻ. കെഎപി അടൂർ മൂന്നാം ബെറ്റാലിയനിലെ ഉദ്യോഗസ്ഥൻ സഞ്ജു കൃഷ്ണനെ ആണ് സസ്പെൻഡ് ചെയ്തത്.
സംഭവം അബദ്ധത്തിൽ പറ്റിയതാണെന്ന ക്ഷമാപണ സ്റ്റാറ്റസും ഉദ്യോഗസ്ഥൻ പോസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ പെരുമാറ്റ ദൂഷ്യം, സേനയുടെ അന്തസ്സിന് കളങ്കം വരുത്തൽ, അച്ചടക്ക ലംഘനം എന്നിവ കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ബറ്റാലിയനിലെ അസിസ്റ്റന്റ് കമാൻഡന്റിനെ ചുമതലപ്പെടുത്തി.
Kerala
കോഴിക്കോട്: താമരശേരിയിലെ സ്പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയ സംഭവത്തിൽ സിവിൽ പൊലിസ് ഓഫിസർക്ക് സസ്പെൻഷൻ. കോടഞ്ചേരി സ്റ്റേഷനിലെ സിപിഒ മുഹമ്മദ് ഫാസിലിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
പണം തന്നില്ലെങ്കിൽ സ്ഥാപനം പൂട്ടിക്കുമെന്നായിരുന്നു മുഹമ്മദ് ഫാസിലിന്റെ ഭീഷണി. സ്പായിൽ നിന്ന് 1,500 രൂപ വാങ്ങിയാണ് ഇയാൾ മടങ്ങിപ്പോയത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് നൽകിയ രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്.
ഇയാൾക്കെതിരെ കൂടുതൽ വകുപ്പുതല അന്വേഷണം നടത്തുമെന്നാണ് പൊലിസ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന വിവരം.
Kerala
കാലടി: സംസ്കൃത സർവകലാശാല സമരത്തിനിടെയുണ്ടായ അനിഷ്ടസംഭവങ്ങളുടെ പേരിൽ 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ 13നാണ് ഒരുസംഘം വിദ്യാർഥികൾ സർവകലാശാലയിലെത്തി വൈസ് ചാൻസലർക്കും സിൻഡിക്കറ്റ് അംഗങ്ങൾക്കും ഓഫീസിൽനിന്നു പുറത്തുപോകാൻ കഴിയാത്തവിധം തടസം സൃഷ്ടിച്ചത്.
സമരം നടത്തിയ എസ്എഫ്ഐ പ്രവർത്തകർ പൊലിസ് നടപടികൾ തടസപ്പെടുത്തുകയും വൈസ് ചാൻസലറെ ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്ത കേസിൽ നാലുപേരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ മെബിൻ, യദു കൃഷ്ണൻ, ബേസിൽ, വിജീഷ് എന്നിവരെ പെരുമ്പാവൂർ ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു.
വൈസ് ചാൻസലറെ ശാരീരികമായി ആക്രമിക്കുകയും അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോടും ചാൻസലറോടും 11 വൈസ് ചാൻസലർമാർ സംയുക്തമായും വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് കഴിഞ്ഞ 22ന് ചേർന്ന പ്രത്യേക സിൻഡിക്കറ്റ് യോഗം ഇത്തരം അനിഷ്ട സംഭവങ്ങൾ അംഗീകരിക്കാനാകില്ലെന്നും സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കെതിരേ കർശന അച്ചടക്കനടപടി സ്വീകരിക്കണമെന്നു തീരുമാനിക്കുകയും ചെയ്തിരുന്നു.
തുടർനടപടികൾക്ക് വൈസ് ചാൻസലറെ ചുമതലപ്പെടുത്തിയ യോഗം വിഷയത്തിൽ അന്വേഷണറിപ്പോർട്ട് സമർപ്പിക്കുന്നതിന് അന്വേഷണ സമിതിയെയും നിയോഗിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ബാറിൽ നിന്നും കോഴ വാങ്ങിയ സംഭവത്തിൽ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാർ, പ്രിവന്റീവ് ഓഫീസർ മാനുവൽ, ലാലു തങ്കച്ചൻ, പ്രവീൺ ശിവാനന്ദ്, സന്തോഷ്, കെ. ഷിജു, , സിവിൽ എക്സൈസ് ഓഫീസർ വിശാഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
എക്സൈസ് കമ്മീഷണർ സാംബശിവ റാവുവിന്റെതാണ് നടപടി. ബാറിൽ ഇന്നലെ നടത്തിയ പരിശോധനയിലാണ് കോഴ വാങ്ങുന്നത് കണ്ടെത്തിയത്.
Kerala
തൊടുപുഴ: സമൂഹമാധ്യമത്തില് വിദ്വേഷ പരാമര്ശം ഉള്പ്പെടുന്ന പോസ്റ്റ് പങ്കുവച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ.വിജേഷിനെതിരെയാണ് നടപടി.
ഇദ്ദേഹത്തിനെതിരെ യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി തൊടുപുഴ ഡിവൈഎസ്പിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്കിയിരുന്നു.
അന്വേഷണത്തിനായി മൂന്നാര് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയതായും റിപ്പോര്ട്ട് ലഭിച്ചാൽ ഉടൻ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ഡോ.എ നസീം പറഞ്ഞു.
തട്ടമിട്ട യുവതി പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ചിത്രം അടുത്തിടെ സമൂഹമാധ്യമത്തില് പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംഘപരിവാര് പ്രചാരണം എസ്ഐ അതുപോലെ പങ്കുവച്ചെന്നായിരുന്നു പരാതി.
Kerala
കാക്കനാട്: കൈക്കൂലിക്കേസിൽ തഹസിൽദാർക്കു സസ്പെൻഷൻ. വിജിലൻസിന്റെ പിടിയിലായ എറണാകുളം കണയന്നൂർ താലൂക്ക് തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസിനെയാണ് ലാൻഡ് റവന്യു കമ്മീഷണർ എച്ച്. ദിനേശ് അന്വേഷണവിധേയമായി സസ്പെൻസ് ചെയ്തത്.
ജില്ലാകളക്ടർ ജി. പ്രിയങ്ക ലാൻഡ് റവന്യു കമ്മീഷണർക്കു നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി.
ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട കേസിൽ 10 ലക്ഷം രൂപ കൈപ്പറ്റിയ കേസിൽ കഴിഞ്ഞ 13 നാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എറണാകുളം യൂണിറ്റിൽനിന്നുള്ള ഉദ്യോഗസ്ഥർ ജോസഫ് ആന്റണിയെ പിടികൂടിയത്.
Kerala
കൊച്ചി: തുറന്ന ലോറിയില് അപകടകരമായ തരത്തില് നൃത്തം ചെയ്ത് വാഹനമോടിച്ച ഫ്രിജോ, ലോനച്ചന് എന്നിവരുടെ ലൈസന്സ് എംവിഡി സസ്പെന്ഡ് ചെയ്തു. അങ്കമാലിയില് ഓണാഘോഷത്തിനിടെ അപകടകരമായ റോഡ് ഷോ നടത്തിയ വിദ്യാര്ഥികള്ക്കെതിരെയാണ് മോട്ടോര് വാഹന വകുപ്പ് നടപടിയെടുത്തത്.
ഓണാഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ കോളജുകളില് റോഡ് ഷോയും മോഡിഫൈ ചെയ്ത വാഹനങ്ങളുടെ അഭ്യാസ പ്രകടനങ്ങളും നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും മോട്ടോര് വാഹന വകുപ്പിന് ലഭിച്ചിരുന്നു.
ഈ പരാതികളുടെ അടിസ്ഥാനത്തില് നടത്തിയ അന്വേഷണത്തിലാണ് നാല് കോളജുകളിലെ വിദ്യാര്ഥികള്ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. സമാനമായ തരത്തിൽ നിയമലംഘനം ശ്രദ്ധയില്പ്പെട്ടതിനെ തുടര്ന്ന് ആലുവയിലും മോട്ടോര് വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്. മൂവാറ്റുപുഴ കോളജിലെ ദൃശ്യങ്ങളും എംവിഡി പരിശോധിച്ച് വരികയാണ്. സംഭവത്തില് കൂടുതല് പേര്ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് മോട്ടോര് വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.
Sports
ഫ്ളോറിഡ: അമേരിക്കന് മേജര് ലീഗ് സോക്കര് ഫുട്ബോളില് ഇന്റര് മയാമിയുടെ അര്ജന്റൈന് താരമായ ലയണല് മെസിക്കു പിഴശിക്ഷ.
ഇന്റര് മയാമിയും ഫിലാഡല്ഫിയ യൂണിയനും തമ്മില് നടന്ന മത്സരത്തിനിടെ ലയണല് മെസി എതിര് താരത്തിന്റെ പിന്കഴുത്തില് അടിച്ചതിനാണ് ശിക്ഷ. എന്നാല്, പിഴ എത്ര തുകയാണെന്നതും വെളിപ്പെടുത്തിയിട്ടില്ല. മെസിക്കൊപ്പം ഇന്റര് മയാമി താരമായ ഇയാന് ഫ്രേയ്ക്കും പിഴയുണ്ട്.
മത്സരത്തിന്റെ രണ്ടാം പകുതിയില് ക്വിന് സള്ളിവനുമായി നടന്ന വാക്കേറ്റത്തിനിടെയാണ് മെസി അദ്ദേഹത്തിന്റെ പിന്കഴുത്തില് അടിച്ചത്.
മത്സരം 2-2 സമനിലയില് പിരിഞ്ഞു. ഇന്റര് മയാമിയുടെ രണ്ടാം ഗോള് നേടിയത് മെസിയായിരുന്നു. അച്ഛന് ഹൊര്ഹെ മെസിയുടെ നിര്യാണത്തിനുശേഷം ലയണല് മെസി ആദ്യമായി ഗോള് നേടിയ മത്സരമായിരുന്നു അത്.
National
ന്യൂഡൽഹി: ഡൽഹി സർവകലാശാലയിലെ ഉമാംഗ് ഭവനിൽ വച്ച് അധ്യാപകനെ മർദിച്ച ഗവേഷക വിദ്യാർഥിയെ സസ്പെൻഡ് ചെയ്തു. 2024-25 അധ്യായന വർഷത്തിൽ രണ്ടാം ഘട്ടത്തിൽ ഡൽഹി സർവകലാശാലയിലെ നിയമവിഭാഗത്തിൽ പിഎച്ച്ഡി പ്രവേശനം നേടിയ വിദ്യാർഥിക്കെതിരെയാണ് നടപടി.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിതിന് പിന്നാലെയാണ് സർവകലാശാല അധികൃതർ വിദ്യാർഥിയെ സസ്പെൻഡ് ചെയ്യുകയും കാമ്പസിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തു. വിദ്യാർഥിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുന്നതിനൊപ്പം വിശദമായ അന്വേഷണം നടത്തുമെന്നും തീരുമാനിച്ചു. സർവകലാശാല നിയമത്തിലെ ഓർഡിനൻസ് 15 ബി പ്രകാരമാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.
Sports
ഫിഫ 2026 ലോകകപ്പ് ഫുട്ബോള് റഫറി സംഘത്തില് ഉണ്ടായിരുന്നെങ്കിലും അമേരിക്ക വീസ നിഷേധിച്ചതിനെത്തുടര്ന്നു വിട്ടുനില്ക്കേണ്ടിവന്ന സൊമാലിയക്കാരന് ഒമര് ആര്ട്ടനാണ് പിഎസ്ജി x ആസ്റ്റണ് വില്ല സൂപ്പര് കപ്പ് ഫൈനല് നിയന്ത്രിക്കുക.
യുഎസിലെ ഡോണള്ഡ് ട്രംപ് ഭരണകൂടം യാത്രാവിലക്ക് ഏര്പ്പെടുത്തിയ 12 രാജ്യങ്ങളില് ഒന്നായിരുന്നു സൊമാലിയ. ജൂണ് ആറിന് യുഎസില് എത്തിയ ഒമന് ആര്ട്ടനു മയാമി രാജ്യാന്തര വിമാനത്താവളത്തില് എന്ട്രി നിഷേധിക്കപ്പെട്ടു. അതോടെ അദ്ദേഹം നാട്ടിലേക്കു മടങ്ങി. ഫിഫ പ്രസിഡന്റ് ജിയാനി ഇന്ഫാന്റീനോയും അന്നു കൈമലര്ത്തിയിരുന്നു.
വിവാദ സംഭവത്തെക്കുറിച്ച് ഇതാദ്യമായി ഒമര് ആര്ട്ടന് പ്രതികരിച്ചു. “അത് (ലോകകപ്പ് നിഷേധം) കഠിന നിമിഷങ്ങളായിരുന്നു. ലോകകപ്പ് പോലൊരു വേദിക്കായി വര്ഷങ്ങളായി തയാറെടുത്തതാണ്. കുറേ ആളുകള് സമാധാനിപ്പിച്ചു”- ഒമര് ആര്ട്ടന് പറഞ്ഞു.
യുവേഫ സൂപ്പര് കപ്പ് ഫൈനല് നിയന്ത്രിക്കുന്നതോടെ ആര്ട്ടന് പുതിയൊരു റിക്കാര്ഡും സ്വന്തമാക്കും. സൂപ്പര് കപ്പ് നിയന്ത്രിക്കുന്ന യൂറോപ്പിനു പുറത്തുനിന്നുള്ള ആദ്യ റഫറി എന്ന നേട്ടമാണ് ആര്ട്ടനെ കാത്തിരിക്കുന്നത്.
Kerala
തിരുവനന്തപുരം: വി.ഡി. സവർക്കറെ പ്രകീർത്തിക്കുന്ന രീതിയിൽ വിവാദ ചോദ്യാവലി തയാറാക്കിയ അധ്യാപകനെതിരെ നടപടി. കാസർഗോഡ് പള്ളത്തടുക്ക സ്കൂൾ അധ്യാപകൻ ഗുരു പ്രസാദിനെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തെ തുടർന്ന് സസ്പെൻഡ് ചെയ്തത്.
കാസർഗോഡ് എൽപി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഫ്രീഡം ക്വിസിലാണു വിവാദ ചോദ്യം ഉൾപ്പെടുത്തിയത്. മഞ്ചേശ്വരം, കുമ്പള, കാസർഗോഡ് ഉപജില്ലകളിലെ സ്കൂളുകളിലേക്ക് നൽകിയ ചോദ്യാവലി ഗുരു പ്രസാദിന്റെ നേതൃത്വത്തിലാണ് തയാറാക്കിയത്. കുട്ടികൾക്കിടയിൽ നടന്ന ഈ ക്വിസ് മത്സരത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നു വന്നിരുന്നു.
ബ്രിട്ടീഷുകാരിൽ നിന്നും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരാണെന്നായിരുന്നു ചോദ്യാവലിയിലെ ചോദ്യം. ഇതിന്റെ ഉത്തര സൂചികയിൽ വി.ഡി. സവർക്കറുടെ പേര് രേഖപ്പെടുത്തിയതാണ് വിമർശനത്തിനും അധ്യാപകന്റെ സസ്പെൻഷനും കാരണമായത്.
Kerala
കാസർഗോഡ്: മദ്യപിച്ച് ദേശീയപാതയിലൂടെ അപകടകരമായ രീതിയിൽ വാഹനമോടിച്ച യൂട്യൂബർ എസ്.ആർ. ധന്യയുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തതെന്ന് മോട്ടോർവാഹന വകുപ്പ് വ്യക്തമാക്കി.
ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ അറിയപ്പെടുന്ന ധന്യയ്ക്ക് ലൈസൻസ് സസ്പെൻഷന് പുറമെ മോട്ടോർവാഹന വകുപ്പിന്റെ മൂന്ന് ദിവസത്തെ പരിശീലന ക്ലാസിലും പങ്കെടുക്കണം. കഴിഞ്ഞ ജൂലൈ ഒന്നിനാണ് നടപടിക്ക് കാരണമായ സംഭവം നടന്നത്. ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ധന്യ മദ്യപിച്ച് വാഹനമോടിക്കുകയായിരുന്നു.
പരിശോധനയ്ക്കെത്തിയ പോലീസിനെ കണ്ടതോടെ വാഹനം നിർത്താതെ അമിതവേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു. തുടർന്ന് പോലീസ് സംഘം വാഹനത്തെ പിന്തുടർന്നു. കിലോമീറ്ററുകളോളം അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ശേഷമാണ് പോലീസ് വാഹനം തടഞ്ഞ് ധന്യയെ പിടികൂടിയത്. തുടർന്ന് വാഹനവും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
National
ന്യൂഡൽഹി: തിരുവനന്തപുരം കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജന്റെ ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം കഠിന തടവുശിക്ഷയും 10 ലക്ഷം രൂപ പിഴയും അടങ്ങുന്ന ശിക്ഷ മരവിപ്പിച്ച ജസ്റ്റീസ് എം.എം. സുന്ദരേശ് അധ്യക്ഷനായ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് പ്രതിക്ക് ജാമ്യവും അനുവദിച്ചു.
2023 ഓഗസ്റ്റ് 30നായിരുന്നു കേസിനാസ്പദമായ സംഭവം. പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ എ. അരുൺകുമാറിന്റെയും ഐ.ബി. ഷീബയുടെയും മകൻ ആദിശേഖറിനെ (15) ക്ഷേത്രമതിലിൽ മൂത്രം ഒഴിച്ചു എന്നതിന്റെ പേരിലാണു പ്രിയരഞ്ജൻ കാറിടിപ്പിച്ചു കൊലപ്പെടുത്തിയത്. എന്നാൽ, ആദിശേഖറിനെ കൊലപ്പെടുത്താൻ പ്രതിക്ക് ഉദ്ദേശമില്ലായിരുന്നുവെന്ന സെഷൻസ് കോടതിയുടെ ശിക്ഷാവിധിയിലെ പരാമർശം ചൂണ്ടിക്കാട്ടിയാണു സുപ്രീംകോടതി നടപടി.
മനഃപൂർവമല്ലാത്ത നരഹത്യയാണെന്ന സംശയം നിലനിൽക്കെ കൊലപാതകമെന്നു വിലയിരുത്തി ജീവപര്യന്തം ശിക്ഷ വിധിക്കാൻ പാടില്ലെന്ന പ്രതിഭാഗത്തിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചു. ശിക്ഷയ്ക്കെതിരേ പ്രിയരഞ്ജൻ നൽകിയ അപ്പീൽ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണു ഇവർ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിലെത്തിയത്.
District News
എടത്വ: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില് പ്രധാന പാതകളിലെയും ഇടറോഡുകളിലും ഗതാഗതം നിര്ത്തിവച്ച് കെഎസ്ആര്ടിസി. അമ്പലപ്പുഴ-തിരുവല്ല റൂട്ടില് ചക്കുളത്തുകാവ്, നെടുമ്പ്രം, വെള്ളക്കിണര് ഭാഗത്തും എടത്വ-കളങ്ങര ചങ്ങനാശേരി, എടത്വ-വീയപുരം-ഹരിപ്പാട്, എടത്വ-പാരേതോട് റോഡിലും കണ്ടംകരി-ചമ്പക്കുളം റോഡിലും ജലനിരപ്പ് ഉയര്ന്നതിനാല് ഈ റൂട്ടിലൂടെയുള്ള എല്ലാ കെഎസ്ആര്ടിസി ബസ് സര്വീസുകളും താത്കാലികമായി നിര്ത്തിവച്ചതായി എടത്വ കെഎസ്ആര്ടിസി ഇന്സ്പെക്ടര് ഇന് ചാര്ജ് അറിയിച്ചു.
നിലവില് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയില് ആലപ്പുഴയില് നിന്ന് എടത്വ വരെയും തിരുവല്ലയില്നിന്ന് പൊടിയാടി വരെയും കെഎസ്ആര്ടിസി സര്വീസ് നടത്തുന്നുണ്ട്. ഹരിപ്പാട് ഡിപ്പോയില്നിന്ന് വീയപുരം പാലം വരെയും വീയപുരം- ഹരിപ്പാട് സര്വീസും നടത്തുന്നുണ്ട്. എടത്വ ഡിപ്പോയില്നിന്നും ബൈറൂട്ട് സര്വീസായ എടത്വ-തായങ്കരി-ചങ്ങനാശേരി സര്വീസുമുണ്ട്.
Kerala
തിരുവനന്തപുരം: സസ്പെൻഷനെതിരേ എഡിജിപി എം.ആർ. അജിത് കുമാർ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ പോയിട്ടും തള്ളിയത് സർക്കാർ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി അച്ചടക്ക നടപടി സ്വീകരിച്ചതിനാലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
രക്ഷാപ്രവർത്തന കേസിൽ സർക്കാരിന്റെ ആദ്യ മന്ത്രിസഭയിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം പ്രഖ്യാപിച്ച് രണ്ടു മാസംകൊണ്ട് പൂർത്തിയാക്കി സസ്പെൻഡ് ചെയ്യുകയായിരുന്നു.
ധൃതി കൂടാതെ സമചിത്തതയോടെയും ഏകാഗ്രതയോടെയും നടപടിക്രമങ്ങൾ പൂർത്തിയാക്കുകയായിരുന്നു. ആദ്യത്തെ റിപ്പോർട്ടിൽ ഡിജിപി കൂടുതൽ വിശദീകരണം തേടുകയായിരുന്നു.
രണ്ടാമത്തെ റിപ്പോർട്ടിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി എഡിജിപിക്കു പറയാനുള്ളതും കേട്ടാണ് നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Kerala
കൊല്ലം: കൊല്ലം കുണ്ടറയിൽ യുവാവ് മരിച്ച സംഭവത്തിന് പിന്നാലെ ഉയർന്ന കസ്റ്റഡി മര്ദന ആരോപണത്തില് സിപിഒ ശ്രീജിത്തിന് സസ്പെന്ഷന്. അന്വേഷണ വിധേയമായാണ് ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തത്.
കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ മർദിച്ചെന്ന ആരോപണത്തിലാണ് നടപടി. സിപിഒ ശ്രീജിത്തിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അച്ചടക്ക ലംഘനവും ക്രമക്കേടുകളും ഉണ്ടായെന്ന് കണ്ടെത്തിയിരുന്നു. സൊസൈറ്റിമുക്ക് സ്വദേശി സിയാദ് ആയിരുന്നു പോലീസ് മർദനത്തിന് പിന്നാലെ മരിച്ചത്.
വിദ്യാർഥിയെ കാണാനില്ലെന്ന പരാതിയെ തുടർന്നാണ് സിയാദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ജൂണ് 16ന് കസ്റ്റഡിയിലെടുത്ത സിയാദിനെ കാണാതായ വിദ്യാർഥി വീട്ടിൽ മടങ്ങിയെത്തിയ ശേഷം 17ന് ആണ് വിട്ടയച്ചത്.
കസ്റ്റഡി മർദനത്തെ തുടർന്നുണ്ടായ പരിക്കും അണുബാധയുമാണ് സിയാദിന്റെ ജീവനെടുത്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. ജില്ലാ ക്രൈം ബ്രാഞ്ച് സിയാദിന്റെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയെടുത്തിരുന്നു. സിയാദ് മരിച്ചത് ഹെപ്പറ്റൈറ്റിസ് സി മൂലമെന്നാണ് പരിശോധനാ ഫലം.
അതേസമയം സിയാദിനെ പോലീസ് വാഹനത്തിൽ വച്ച് സിപിഒ ശ്രീജിത്ത് മർദിച്ചെന്ന് പരാതിക്കാരിയായ പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.
District News
അണക്കര: കുട്ടികളോടും രക്ഷിതാക്കളോടും അപമര്യാദയായി പെരുമാറിയെന്ന പരാതിയെത്തുടര്ന്ന് അങ്കണവാടി അധ്യാപികയെ അന്വേഷണ വിധേയമായി സസ്പെന്ഡ് ചെയ്തു. ചക്കുപള്ളം അഞ്ചാംമൈലില് പ്രവര്ത്തിക്കുന്ന അങ്കവാടിയിലെ വര്ക്കര് ജയ വിജയനെയാണ് മൂന്നു മാസത്തേക്കു സസ്പെന്ഡ് ചെയ്തത്.
ചെറിയ കുട്ടികള് തമ്മിലുള്ള തര്ക്കത്തെത്തുടര്ന്ന് അങ്കണവാടി അധ്യാപിക കുട്ടികളെ ക്ലാസില്നിന്ന് ഇറക്കിവിടുകയും രക്ഷിതാക്കളെ വിളിച്ചുവരുത്തി മോശമായി സംസാരിച്ചതായുമാണ് പരാതി. ചൈല്ഡ് ഡവലപ്മെന്റ് പ്രോഗ്രാം ഓഫീസര് കഴിഞ്ഞദിവസം അങ്കണവാടിയിലെത്തി രക്ഷിതാക്കളെ വിളിച്ചുവരുത്തി തെളിവെടുപ്പു നടത്തിയിരുന്നു. പരാതി പ്രകാരം വിശദമായ അന്വേഷണം നടത്തിയതിനുശേഷം മറ്റു നടപടികള് തീരുമാനിക്കുമെന്ന് അധികൃതര് അറിയിച്ചു.
National
ന്യൂഡല്ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര് ചോര്ച്ചയ്ക്കെതിരേ ബിഹാറിലെ സിവാനില് പ്രതിഷേധിച്ചവര്ക്കു നേരേ എകെ-47 റൈഫിള് ഉപയോഗിച്ചു പോലീസ് വെടിവച്ചു. പ്രതിഷേധിച്ചസമരക്കാര്ക്കു നേരേ വെടിയുതിര്ക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില് വൈറലായതോടെ വെടിവച്ച ബിഹാര് പോലീസ് കോണ്സ്റ്റബിള് അഭിഷേക് പട്ടേലിനെ സര്ക്കാര് ഇന്നലെ സസ്പെന്ഡ് ചെയ്തു.
പരീക്ഷാ പേപ്പര് ചോര്ച്ചയ്ക്കെതിരേ ശനിയാഴ്ച ബിഹാറില് പ്രതിഷേധിച്ച വിദ്യാര്ഥികള്ക്കു നേരേ പോലീസ് നടത്തിയ വെടിവയ്പില് മൂന്നു പേര്ക്കു പരിക്കേറ്റു. ഇവര് പാറ്റ്നയിലെ ആശുപത്രിയില് ചികിത്സയിലാണെന്നും നില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന് പോലീസ് കണ്ണീര്വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്ജ് നടത്തുകയും ചെയ്തു.
എകെ- 47 ഉപയോഗിച്ചു വിദ്യാര്ഥികളെ വെടിവച്ചെന്ന ആരോപണം തെറ്റാണെന്നു ബിജെപി അവകാശപ്പെട്ടതിനു പിന്നാലെയാണ് വെടിവച്ച പോലീസുകാരനെ ബിഹാര് സര്ക്കാര് സസ്പെന്ഡ് ചെയ്തത്. വെടിവയ്പില് മൂന്നു പേര്ക്കു പരിക്കേറ്റ കാര്യവും എസ്പി സ്ഥിരീകരിച്ചതോടെ സര്ക്കാരും ബിജെപിയും വെട്ടിലായി. ജെപി ചൗക്കില് ചില സാമൂഹ്യവിരുദ്ധര് പോലീസിനു നേരേ വെടിയുതിര്ത്തതിനെത്തുടര്ന്ന് സ്വയം പ്രതിരോധത്തിനായാണു വെടിവച്ചതെന്നാണു പോലീസിന്റെ ന്യായീകരണം.
ഓള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷനും (ഐസ) മറ്റ് ഇടതു വിദ്യാര്ഥി സംഘടനകളും ആഹ്വാനം ചെയ്ത ശനിയാഴ്ചത്തെ സംസ്ഥാനവ്യാപക ബന്ദിനിടെയാണു പലയിടത്തും വിദ്യാര്ഥികള്ക്കു നേരേ പോലീസ് ലാത്തിച്ചാര്ജും കണ്ണീര്വാതകവും പ്രയോഗിച്ചത്. സംഘര്ഷം രൂക്ഷമായപ്പോള് പോലീസ് വെടിവച്ചതോടെ പ്രശ്നം രൂക്ഷമായി. ഭീകരര്ക്കു നേരേ മാത്രം പ്രയോഗിക്കാറുള്ള എകെ-47 തോക്ക് ഉപയോഗിച്ചാണ് പ്രതിഷേധക്കാര്ക്കു നേരെ വെടിയുതിര്ത്തത്.
പരീക്ഷാ ചോദ്യപേപ്പര് ചോര് ച്ചയ്ക്കെതിരേയുള്ള പ്രതിഷേ ധത്തിൽ കസ്റ്റഡിയിലെടുത്ത വിദ്യാര്ഥികളെ 24 മണിക്കൂറിനകം വിട്ടയച്ചില്ലെങ്കില് സംസ്ഥാനവ്യാപക പ്രക്ഷോഭം നടത്തുമെന്ന് മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്കു പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് എംഎല്എ മുന്നറിയിപ്പ് നൽകി.
ജനാധിപത്യത്തെ ബിജെപി ഒരു ഫയറിംഗ് റേഞ്ച് (വെടിവയ്പ് കേന്ദ്രം) ആക്കി മാറ്റിയെന്ന് ആം ആദ്മി പാര്ട്ടി ആരോപിച്ചു. ബിഹാറില് എകെ-47 തോക്കുപയോഗിച്ചു പോലീസ് വെടിവയ്ക്കുന്ന വീഡിയോ എക്സില് പങ്കുവച്ചുകൊണ്ടാണ് എഎപിയുടെ ആരോപണം.
വിദ്യാര്ഥികള് നീതി ആവശ്യപ്പെട്ടു. ലഭിച്ച മറുപടിയോ? വെടിയുണ്ടകള്. ബിഹാറിലെ സിവാന് ജില്ലയില് നിരായുധരായ പ്രതിഷേധക്കാര്ക്കു നേരേ ബിഹാര് പോലീസ് എകെ-47 ഉപയോഗിച്ച് വെടിയുതിര്ത്തു. ഇതല്ല ക്രമസമാധാനം. ഇതൊരു ഭരണകൂട ക്രൂരതയാണ്. വെടിവയ്പിന് ആര് ഉത്തരവിട്ടെന്നും ആര് ഉത്തരവാദികളായിരിക്കുമെന്നും വ്യക്തമാക്കണമെന്ന് എഎപി ആവശ്യപ്പെട്ടു.
National
പാറ്റ്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്ക്കെതിരായ പ്രതിഷേധത്തില് വിദ്യാര്ഥികൾക്ക് നേരെ എകെ 47 തോക്ക് ചൂണ്ടിയ പോലീസുകാരനെ സസ്പെൻഡ് ചെയ്തു. പാറ്റ്നയിലെ സിവാറില് നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. ഐസയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ബിഹാറിലെ പ്രത്യേക അന്വേഷണ സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥനായ അഭിഷേക് പട്ടേലിനെയാണ് സസ്പെന്ഡ് ചെയ്തത്. തോക്ക് ചൂണ്ടുന്ന ദൃശ്യങ്ങള് അടക്കം പുറത്തു വന്നിട്ടുണ്ട്. ഇയാള് എകെ47 തോക്ക് ഉപയോഗിച്ച് വെടി ഉതിര്ക്കുന്നതും പിന്നാലെ വിദ്യാര്ത്ഥികള്ക്ക് നേരെ ആക്രോശിച്ച് പോകുന്നതും ദൃശ്യങ്ങളില് വ്യക്തമാണ്.
ആദ്യം ആകാശത്തേക്കും പിന്നാലെ പ്രതിഷേധക്കാര്ക്ക് നേരെയും ആറ് റൗണ്ട് വെടിയുതിര്ത്തതായാണ് വിവരം. പിന്നാലെ പ്രതിപക്ഷ വിദ്യാര്ഥി സംഘടനകള് അടക്കം വലിയ പ്രതിഷേധം ഉയര്ത്തിയിരുന്നു.
Kerala
നിലമ്പൂര്: അനധികൃത സ്വത്തുസമ്പാദന കേസില് ജോയിന്റ് ആര്ടിഒ കെ.പി. ദിലീപിനു സസ്പെഷന്. ഗതാഗത വകുപ്പ് സെക്രട്ടറി അനുപമയാണ് ദിലീപിനെ അന്വേഷണവിധേയമായി സസ്പെന്ഡ് ചെയ്ത് ഉത്തരവിറക്കിയത്.
അഴിമതി നടത്തിയെന്നും വരവില് കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നുമുള്ള വിജിലന്സ് സ്പെഷല് ടീമിന്റെ അന്വേഷണ റിപ്പോര്ട്ടിനെത്തുടര്ന്നാണ് നടപടി. പരിശോധനയില് അഴിമതി കണ്ടെത്തുകയും കേസ് രജിസ്റ്റര് ചെയ്യുകയും ചെയ്തിരുന്നു.
ആര്ടിഒയായി സ്ഥാനക്കയറ്റം ലഭിക്കാനുള്ള ഉദ്യോഗസ്ഥരുടെ പട്ടികയില് ഒന്നാമനായിരുന്നു ദിലീപ്. ഇതോടെ സ്ഥാനക്കയറ്റവും നഷ്ടമായി. അരീക്കോട് സ്വദേശിയായ പൊതുപ്രവര്ത്തകന് ഖാദര് മങ്കടയുടെ പരാതിയില് നടത്തിയ അന്വേഷണമാണു ജോയിന്റ് ആര്ടിഒയുടെ സസ്പെന്ഷനിലെത്തിയത്.
Kerala
മൂവാറ്റുപുഴ: കെഎസ്ഇബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തി. പോത്താനിക്കാട് സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെ മൂന്ന് ജീവനക്കാരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
പോത്താനിക്കാട് സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയർ പി.ജി. ഗണേഷ് കുമാർ, സബ് എൻജിനീയർ കെ.വി. ഗിരീഷ്, വർക്കർ കെ.എം. എൽദോ എന്നിവർക്കെതിരെയാണ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.
ഉപഭോക്താവിൽ നിന്ന് വാങ്ങിയ തുക കെഎസ്ഇബിയിൽ അടക്കാതിരിക്കുക, അനധികൃത കണക്ഷൻ അനുവദിക്കുക തുടങ്ങി ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. കെഎസ്ഇബിയിലെ ആഭ്യന്തര വിജിലൻസ് ആണ് തട്ടിപ്പ് അന്വേഷിച്ചത്.
National
മുംബൈ: മഹാരാഷ്ട്രയിൽ വിദ്യാർഥിപ്രക്ഷോഭകരെ മയക്കുമരുന്നു കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയ പോലീസുകാരനു സസ്പെൻഷൻ. സംഭവത്തിൽ മുംബൈ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. പോലീസ് ഡ്രൈവർ വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പ്രചരിച്ചതോടെയാണു നടപടി.
പോലീസുകാരന്റെ ഭാഗത്തുനിന്നുണ്ടായത് തീർത്തും തെറ്റായ നടപടിയാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. പോലീസുകാരനെതിരേ ഉടനടി നടപടിയുണ്ടായ തായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഫഡ്നാവിസ് കൂട്ടിച്ചേർത്തു.
വിവാദമായ 25 സെക്കൻഡ് വീഡിയോയിൽ പോലീസുകാരൻ പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്നതു കാണാം. "നിങ്ങളെ വീണ്ടും ഇവിടെക്കാണാൻ ഇടയായാൽ 50 ഗ്രാം പൗഡർ നിങ്ങളുടെ പോക്കറ്റിൽ തിരുകും. നിങ്ങൾക്ക് ജാമ്യംപോലും കിട്ടില്ല. ജീവിതം ഇല്ലാതാകും. നിങ്ങൾ മൂലം നിരവധി ബുദ്ധിമുട്ടുകളാണ് ഞങ്ങൾ അനുഭവിക്കുന്നത്''- വീഡിയോയിൽ പോലീസുകാരൻ പറയുന്നു.
ജനാധിപത്യപരമായ എതിർപ്പുകളെ ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ "കാക്കി ഗുണ്ടായിസം’നടത്തുകയാണെന്നു കോൺഗ്രസ് ആരോപിച്ചു. വീഡിയോ ദൃശ്യങ്ങൾ ശരിയാണെങ്കിൽ, ഇത് വിദ്യാർഥികളെ ഭീഷണിപ്പെടുത്താനുള്ള ശ്രമം മാത്രമല്ല, ജനാധിപത്യ അവകാശങ്ങൾക്കു നേരേയുള്ള നേരിട്ടുള്ള ആക്രമണമാണ്.
വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് ഭീഷണികളിലൂടെയല്ല, ഉത്തരവാദിത്വത്തോടെയാണു മറുപടി നൽകേണ്ടതെന്നും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കോൺഗ്രസ് പ്രതികരിച്ചു.
ജനാധിപത്യത്തിലെ കറുത്ത പാടാണിതെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ഹർഷവർധൻ സപ്കൽ പറഞ്ഞു. വിദ്യാർഥികൾക്കെതിരായ കള്ളക്കേസുകൾ പിൻവലിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്കും മുംബൈ പോലീസ് കമ്മീഷണർക്കും കോൺഗ്രസ് നിവേദനം നൽകി.
കോക്രോച്ച് ജനതാ പാർട്ടിയുടെ വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച് മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളെയാണു പോലീസ് ഭീഷണിപ്പെടുത്തിയത്.
Kerala
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിന് സസ്പെൻഷൻ. ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ എം.ആർ. അജിത്കുമാറിനെതിരായ റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയതിന് പിന്നാലെയാണ് നടപടി.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് സസ്പെൻഷന് ശിപാർശ ചെയ്തത്. ശിപാർശ മുഖ്യമന്ത്രിയും അംഗീകരിച്ചതോടെയാണ് നടപടിയുണ്ടായത്. അജിത് കുമാറിനെതിരായ നടപടി വൈകുന്നുവെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു.
പിണറായി വിജയൻ സർക്കാരിന്റെ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽവച്ച് പ്രതിഷേധിക്കാനെത്തിയ കെഎസ്യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥർ മർദിച്ചിരുന്നു. നിലവിലെ എംഎൽഎ എ.ഡി. തോമസിനും അന്ന് മർദനമേറ്റിരുന്നു.
ഈ കേസിലെ അന്വേഷണ റിപ്പോർട്ട് അട്ടിമറിക്കാൻ ശ്രമിച്ചെന്ന കണ്ടെത്തലിന് പിന്നാലെയാണ് എം.ആർ. അജിത്കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ജൂലൈ 31ന് അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് സർക്കാരിന് മുന്നിലെത്തിയ റിപ്പോർട്ടിൻമേൽ നടപടിയുണ്ടായിരിക്കുന്നത്.
ഡിജിപി സ്ഥാനക്കയറ്റവും നഷ്ടമാകും
തിരുവനന്തപുരം: സസ്പെഷനു പിന്നാലെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റവും എഡിജിപി എം.ആർ. അജിത്കുമാറിന് നഷ്ടമാകും. ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ ഈ മാസം 31നു വിരമിക്കുന്പോൾ 1995 ബാച്ചിലെ മുതിർന്ന ഉദ്യോഗസ്ഥനായ എം.ആർ. അജിത്കുമാറിനാണ് ഈ പദവി ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥനു സ്ഥാനക്കയറ്റം നൽകാൻ കഴിയില്ല.
ഷൗക്കത്തലി കണ്ടെത്തിയത് ഡിജിറ്റൽ തെളിവുകൾ
തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന അട്ടിമറി കേസിൽ എഡിജിപി എം.ആർ. അജിത്കുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകളാണ് പ്രത്യേക അന്വേഷണസംഘത്തലവനായ എസ്പി എ.പി. ഷൗക്കത്തലി കണ്ടെത്തിയതെന്ന് സൂചന. മൊബൈൽ ഫോണ് രേഖകളും സിസിടിവി ദൃശ്യങ്ങളും അടങ്ങിയ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചത്. ഇത്തരം തെളിവുകളുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ അടക്കമുള്ള നടപടികളിലേക്കു കടന്നത്.
National
ന്യൂഡൽഹി: വനിതാ എംപിമാർക്ക് നേരെ അധിക്ഷേപ പരാമർശം നടത്തിയ തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയെ ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ലോക്സഭയുടെ വർഷകാല സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്കാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്.
ഓഗസ്റ്റ് 13നാണ് നിലവിലെ സമ്മേളനം അവസാനിക്കുന്നത്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ നിർത്തിവെച്ച സമയത്താണ് ചേംബറിനുള്ളിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തൃണമൂൽ വിമതരും നിലവിൽ എൻസിപിഐ ഭാരവാഹികളുമായ മിതാലി ഭാഗ്, ശതാബ്ദി ഖോയ്, കാഘോലി ഘോഷ് ദസ്തിദാർ എന്നീ വനിതാ എംപിമാരും കല്യാൺ ബാനർജിയും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടാകുകയായിരുന്നു.
തർക്കത്തിനിടെ കല്യാൺ ബാനർജി തങ്ങളോട് മോശമായി സംസാരിച്ചെന്നും അധിക്ഷേപിച്ചെന്നും കാട്ടി വനിതാ എംപിമാർ സ്പീക്കർ ഓം ബിർളയ്ക്ക് നേരിട്ട് പരാതി നൽകിയിരുന്നു. തുടർന്നാണ് സ്പീക്കർ നടപടിയെടുത്തത്.
National
ലഖ്നോ: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരേ ഡൽഹിയിൽ സമരം ചെയ്യുന്ന സോനം വാംഗ്ചുക്കിനു പിന്തുണ പ്രഖ്യാപിച്ച് ഉത്തർപ്രദേശിൽ പ്രതിഷേധമാർച്ച് സംഘടിപ്പിച്ച ഡോക്ടർക്ക് സസ്പെൻഷൻ.
മഹാരാജാ സുഹേൽദോ സർക്കാർ മെഡിക്കൽ കോളജിലെ റസിഡന്റ് ഡോക്ടറായ രൂപാക് ഇഖെയെയാണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് സ്റ്റേഷനിൽ ബന്ധുക്കളായ പ്രതികളെ മോചിപ്പിക്കാൻ അതിക്രമം കാട്ടിയ ക്രൈം റെക്കോഡ്സ് ബ്യൂറോ സിഐ യഹിയക്ക് സസ്പെൻഷൻ.
വെള്ളിയാഴ്ച ചുള്ളിമാനൂരില്നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത നാലു യുവാക്കളില് രണ്ടു പേര് തന്റെ ബന്ധുക്കളാണെന്നും ഇവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് യഹിയ സ്റ്റേഷനിലെത്തിയത്.
യഹിയയുടെ ആവശ്യം പോലീസ് തള്ളിയതോടെ ഇയാള് സെല്ലിനകത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. സെല്ലിനുള്ളില് തറയില് കിടന്ന യഹിയയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ഇയാൾ മദ്യലഹരിയിലായിരുന്നു.
National
ശ്രീനഗർ: ജമ്മുകാഷ്മീരിലെ ഡോഡ ജില്ലയിലുണ്ടായ യുവാവ് കൊല്ലപ്പെട്ടതിനു പിന്നാലെ സ്ഥലത്തെ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. ശനിയാഴ്ച രാത്രിയിലുണ്ടായ സംഭവത്തിൽ ആരിഫ് ഹുസൈൻ (30) ആണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വെടിവയ്പ്പിൽ ദുരൂഹത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു. ആരിഫ് ഹുസൈന്റെ മരണത്തെത്തുടർന്ന് പ്രദേശത്ത് ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഡോഡയിൽ നിന്നുള്ള റിപ്പോർട്ടുകൾ തികച്ചും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് മെഹബൂബ മുഫ്തി എക്സിൽ കുറിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ ആരിഫിനെ കുത്തിപ്പരിക്കേൽപ്പിക്കുകയും പിന്നീട് വെടിവച്ചുകൊല്ലുകയുമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങളെന്നും അവർ ആരോപിച്ചു.
Kerala
കാസര്ഗോഡ്: കാസര്ഗോഡ് ഗവ. കോളജില് നടന്ന റാഗിംഗുമായി ബന്ധപ്പെട്ട് 13 വിദ്യാര്ഥികളെ കോളജില്നിന്നു സസ്പെന്ഡ് ചെയ്തു. രണ്ടും മൂന്നും വര്ഷ ബിരുദവിദ്യാര്ഥികളെയാണു പ്രിന്സിപ്പല് ഡോ.വി.എസ്. അനില്കുമാര് സസ്പെൻഡ് ചെയ്തത്. 13നാണ് സംഭവം.
റാഗിംഗിനിരയായ വിദ്യാര്ഥി ഇന്നലെയാണ് ഇതു സംബന്ധിച്ച് പ്രിന്സിപ്പലിന് പരാതി നല്കിയത്. ഇതിന്റെ അടിസ്ഥാനത്തില് ഇന്നലെ ചേര്ന്ന ആന്റി റാഗിംഗ് സെല് യോഗം പരാതി പരിശോധിച്ച് നടപടിക്ക് ശിപാര്ശ ചെയ്യുകയായിരുന്നു. വിദ്യാര്ഥികളെ സസ്പെന്ഡ് ചെയ്തതിന് പിന്നാലെ പ്രിന്സിപ്പല് പോലീസിനും റിപ്പോര്ട്ട് നല്കി.
ചിറക്കര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എട്ടു സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ
തലശേരി: ചിറക്കര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഷർട്ടിന്റെ ബട്ടനുകൾ ഇട്ടില്ലെന്നതിന്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിയെ റാഗ് ചെയ്ത സംഭവത്തിൽ എട്ടു സീനിയർ വിദ്യാർഥികളെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചഭക്ഷണ സമയത്താണ് പതിനാറുകാരനെ സ്കൂൾ അങ്കണത്തിൽ വച്ച് സീനിയർ വിദ്യാർഥികൾ ആക്രമിച്ചത്. ഷർട്ടിന്റെ ബട്ടൺ ഇടാൻ പറഞ്ഞിട്ടും അനുസരിക്കാത്തതിന് സംഘം ചേർന്ന് തടഞ്ഞുനിർത്തി മുഖത്തും നെഞ്ചത്തും വാരിയെല്ലിനും ഇടിച്ചു പരിക്കേൽപ്പിച്ചെന്നായിരുന്നു പരാതി. ഈ സംഭവത്തിന് ഒരാഴ്ച മുന്പേ ഇതേ കാരണം പറഞ്ഞ് സീനിയർ വിദ്യാർഥികൾ കുട്ടിയെ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതി ഉയർന്നിരുന്നു.
National
ബംഗളൂരു: ടിക്കറ്റിന് ചില്ലറ നൽകാത്തതിനു ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ബസിൽ നിന്ന് ഇറക്കിവിട്ട കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. കണ്ടക്ടർ ടി.ജി. രാമകൃഷ്ണയ്ക്ക് എതിരെയാണു ബിഎംടിസി നടപടി സ്വീകരിച്ചത്. മിന്നൽ പരിശോധനയുടെ ഭാഗമായി ജൂലൈ 11ന് രാത്രിയാണ് മന്ത്രി മാസ്ക് ധരിച്ച് ബസിൽ കയറിയത്.
ഹെബ്ബാളിൽ നിന്ന് ഭൂപസന്ദ്ര വരെ പോകാൻ ടിക്കറ്റ് നിരക്കായ ആറ് രൂപയ്ക്ക് പകരം 100 രൂപ നൽകി. ബാക്കി നൽകാൻ ചില്ലറയില്ലെന്നും ബസിൽ നിന്ന് ഇറങ്ങിപ്പോകാനും കണ്ടക്ടർ ആവശ്യപ്പെട്ടതോടെ മന്ത്രി ഇറങ്ങിപ്പോയി.
യാത്രക്കാരോട് മോശമായി പെരുമാറുന്ന ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ മന്ത്രി നിർദേശം നൽകിയതിനെ തുടർന്നാണ് സസ്പെൻഷൻ. ജീവനക്കാർക്കു ബോധവൽക്കരണം നൽകാനുള്ള നടപടികളും ആരംഭിച്ചു..
Kerala
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അട്ടിമറിക്കാൻ ഇടപെട്ടതുമായി ബന്ധപ്പെട്ട് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ ഡിജിപിയുടെ റിപ്പോർട്ട് സർക്കാരിന് ഉടൻ നൽകും.
അജിത്കുമാറിനെതിരേ നടപടിക്ക് ഡിജിപി ശിപാർശ ചെയ്യുമെന്നും വിവരമുണ്ട്. ഡിജിപിയുടെ റിപ്പോർട്ട് ലഭിച്ചാൽ അജിത്കുമാറിനെ സസ്പെൻഡ് ചെയ്യാനാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം. എസ്ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അജിത്കുമാറിനോട് ഡിജിപി വിശദീകരണം തേടിക്കഴിഞ്ഞു.
അജിത് കുമാറിനെതിരേയുള്ള മെല്ലെപ്പോക്കിൽ പാർട്ടിക്കുള്ളിൽ ശക്തമായ അമർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ അഭ്യന്തരവകുപ്പ് ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതു വൈകുന്നതിലുള്ള അമർഷം പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്. കേസ് അന്വേഷിച്ച എസ്ഐടി അന്വേഷണ റിപ്പോർട്ട് തിരുത്തിയെന്നാണ് കണ്ടെത്തിയത്. തെളിവില്ലെന്ന് വരുത്തി പ്രതികളെ രക്ഷിക്കാൻ ശ്രമം നടന്നെന്നും എസ്ഐടിയുടെ കണ്ടെത്തലിൽ ഉണ്ടായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിയടക്കം രേഖപ്പെടുത്തിയായിരുന്നു റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. അജിത്കുമാർ പറഞ്ഞിട്ടാണ് തിരുത്തൽ നടത്തിയതെന്നാണ് എസ്ഐടി റിപ്പോർട്ടിൽ പറയുന്നത്. അജിത് കുമാറിനെതിരെ മുൻ അന്വേഷണ സംഘത്തിന്റെ മൊഴി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അജിത് കുമാർ തങ്ങളെ എഡിജിപി ഓഫീസിലേക്ക് വിളിച്ചു വരുത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. റിപ്പോർട്ട് തിരുത്താൻ നിർദേശിച്ചെന്നും മൊഴിയുണ്ട്.
ചൂരൽമല ഉരുൾപൊട്ടൽ കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് അജിത് കുമാർ വിളിപ്പിച്ചതെന്നും ഓഗസ്റ്റ് 12,13,14,15 തീയതികളിലായി പോലീസ് ക്ലബ്ബിൽ താമസിപ്പിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തിരുത്താൻ ആവശ്യപ്പെട്ടതെന്നുമാണ് വിവരം. ദുരന്തം കഴിഞ്ഞ സമയമായതിനാൽ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ലഭിക്കില്ലെന്നും ആരും അറിയില്ലെന്നും അജിത്കുമാർ പറഞ്ഞതായും മൊഴിയുണ്ട്. എം. ആർ. അജിത്കുമാർ മോശമായി പെരുമാറിയെന്നും ഒരു എസ്ഐ മൊഴി നൽകിയിട്ടുണ്ട്.
Kerala
മലപ്പുറം: അധ്യാപകന്റെ അടിയേറ്റ് വിദ്യാഥിനിയുടെ കൈ ഒടിഞ്ഞ സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്കൂളിന്റെ നടപടി. കല്ലിങ്ങൽ എംഎസ്എംഎച്ച്എസ്എസ് സ്കൂളിലെ അധ്യാപകൻ ബൽരാജിനെതിരെയാണ് നടപടി.
വടകര സ്വദേശി ബൽരാജിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ ജുവനൈൽ ആക്ട് പ്രകാരം കേസെടുത്തിരുന്നു. കുട്ടിയുടെ മൊഴി അടക്കം രേഖപ്പെടുത്തിയ ശേഷം അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെയാണ് അറസ്റ്റ്.
വെള്ളിയാഴ്ച ക്ലാസിലെ ബെഞ്ചിലിരുന്ന് നോട്ടുബുക്കിൽ എഴുതുമ്പോഴാണ് പിന്നിലൂടെ വന്ന അധ്യാപകൻ കുട്ടിയെ ചൂരലുകൊണ്ട് അടിച്ചത്. തുടർന്ന് അടിയേറ്റ കൈകൊണ്ട് തന്നെ കുട്ടിയെ ബോർഡിൽ എഴുതിപ്പിച്ചു.
കൈയ്ക്ക് വേദനയുണ്ടെന്ന് കുട്ടി പറഞ്ഞെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ അധ്യാപകൻ തയ്യാറായില്ല. സംഭവം വലിയ പ്രശ്നമായെന്ന് മനസ്സിലാക്കിയതോടെ അധ്യാപകർ കുട്ടിയെ വീട്ടിൽ എത്തിച്ചു. രക്ഷിതാക്കൾ ആണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Kerala
കൊല്ലം: ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ കൈക്കൂലി വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. സിവിൽ എക്സൈസ് ഓഫീസർ നിതിൻ രാജിനെ ആണ് സസ്പെൻഡ് ചെയ്തത്.
കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മീഷ്ണർ ഷിബുവിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജൂലൈ ഏഴിനാണ് സംഭവം നടന്നത്.
പിക്കപ്പ് വാനിലെത്തിയവരോട് എക്സൈസ് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥന് കൈക്കൂലി കൊടുക്കുന്നത് വാനിൽ ഉണ്ടായിരുന്നയാൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് മാധ്യമങ്ങൾക്ക് നൽകുകയായിരുന്നു.
National
മുംബൈ: ഓടുന്ന ട്രെയിനിലെ ഫസ്റ്റ് ക്ലാസ് എസി കാബിന് അലങ്കരിച്ച് ‘ഹണിമൂണ് സ്യൂട്ട്’രൂപത്തിലാക്കി. കഴിഞ്ഞ ആറിന് മുംബൈയിൽനിന്നും ബാൽഹർഷയിലേക്കുള്ള നന്ദിഗ്രാം എക്സ്പ്രസിൽ യാത്ര ചെയ്ത മഹാരാഷ്ട്രയിലെ ജല്ന സ്വദേശികളായ ദമ്പതികളാണ് ഓൺലൈൻ വഴി ഡെക്കറേറ്ററെ ഏർപ്പാടാക്കി തങ്ങളുടെ ഫസ്റ്റ് എസി കാബിൻ പൂർണമായും അലങ്കരിച്ചത്.
ദമ്പതികള് ഔറംഗബാദില്നിന്ന് ജല്ന റെയില്വേ സ്റ്റേഷനിലേക്കു കാറില് യാത്ര ചെയ്യുന്ന സമയത്ത് റാഹത്ത് റൂം ഡെക്കറേഷന് എന്ന സ്വകാര്യ ഡെക്കറേറ്റിംഗ് എജൻസിയിലെ ജീവനക്കാർ മുന്കൂട്ടി ട്രെയിന് കോച്ചിനുള്ളില് കയറി അലങ്കാരപ്പണികള് പൂര്ത്തിയാക്കുകയായിരുന്നു.
പൂക്കൾ, ഹൃദയാകൃതിയിലുള്ള ബലൂണുകൾ, മെഴുകുതിരികൾ, ‘ലവ് യു ' എന്ന് ഇംഗ്ലീഷിൽ എഴുതിയ ബോർഡ് എന്നിവയൊക്കെ ഉപയോഗിച്ചായിരുന്നു അലങ്കാരം. ഇതുസംബന്ധിച്ച് ‘ഹണിമൂൺ ഓൺ വീൽസ്’ എന്നപേരിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലാകുകയും ചെയ്തു.
സംഭവം വിവാദമായതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ചീഫ് ടിക്കറ്റ് ഇന്സ്പെക്ടർ ഗിരീഷ് കുമാറിനെ റെയില്വേ സസ്പെന്ഡ് ചെയ്തു. റെയില്വേ ചട്ടങ്ങള് ലംഘിച്ച് കോച്ചിനുള്ളില് അതിരുകടന്ന അലങ്കാരങ്ങള് നടത്താന് അനുവാദം നല്കിയതിനാണു നടപടി. സൗത്ത് സെൻട്രൽ റെയിൽവേ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
ഹണിമൂൺ സ്യൂട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ബോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന ഈ അലങ്കാരത്തെ ട്രോളുകളിലൂടെയും മീമുകളിലൂടെയും പലരും തമാശയായി എടുത്തപ്പോൾ, ഒരുവിഭാഗം ആളുകൾ ട്രെയിനിനുള്ളിൽ മെഴുകുതിരികൾ ഉപയോഗിച്ചതിലെ സുരക്ഷാപ്രശ്നങ്ങളെക്കുറിച്ചും യാത്രക്കാർ വരുത്തിവയ്ക്കുന്ന മാലിന്യങ്ങൾ വൃത്തിയാക്കേണ്ടി വരുന്ന ജീവനക്കാരുടെ ബുദ്ധിമുട്ടുകളെക്കുറിച്ചും ആശങ്ക ഉന്നയിച്ചു.
Kerala
കൊച്ചി: ഹിൽപ്പാലസ് പോലീസ് ക്യാമ്പിലെ ബാരക്കിലിരുന്ന് മദ്യപിച്ച മൂന്ന് പോലീസുകാരെ സസ്പെൻഡ് ചെയ്തു. കെഎപി ഒന്നാം ബറ്റാലിയനിലെ കെ.യു. അഭിലാഷ്, എൻ. നവാസ്, എം.വിഷ്ണു എന്നിവർക്കെതിരെയാണ് സിറ്റി പോലീസ് കമ്മീഷണർ അച്ചടക്ക നടപടിയെടുത്തത്.
മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ പോലീസുകാരെ വെട്ടിച്ച് കടന്നുകളഞ്ഞ കെ.യു.അഭിലാഷിനായി തെരച്ചിൽ ഊർജിതമാക്കി. വെള്ളിയാഴ്ച രാവിലെ 7.30ന് പോലീസ് ഓഫീസർമാർ ബാരക്കുകളിൽ നടത്തിയ പതിവ് പരിശോധനയ്ക്കിടയിലാണ് മൂവരും മദ്യപിക്കുന്നതായി കണ്ടെത്തിയത്.
ഇവരിൽനിന്ന് മദ്യക്കുപ്പിയും ഗ്ലാസുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. തുടർന്ന് ഇവരെ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സഹപ്രവർത്തകരെ തള്ളിമാറ്റി അഭിലാഷ് ഓടി രക്ഷപ്പെടുകയായിരുന്നു.
സസ്പെൻഷനിലായ പോലീസുകാർക്കെതിരേ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അസിസ്റ്റന്റ് കമൻഡാന്റിനെ ചുമതലപ്പെടുത്തി. ഓടിപ്പോയ പോലീസുകാരനെ കണ്ടെത്താൻ ക്യാമ്പ് അധികൃതർ അന്വേഷണം വ്യാപിപ്പിച്ചു.
Kerala
കണ്ണൂർ: ഇരിക്കൂറിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ അധ്യാപകന് സസ്പെൻഷൻ. പട്ടാനൂർ യുപി സ്കൂൾ അധ്യാപകൻ വിപിനെയാണ് സസ്പെൻഡ് ചെയ്തത്.
സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. പട്ടാന്നൂർ യുപി സ്കൂളിലെ വിദ്യാർഥിക്കാണ് മർദനമേറ്റത്. ഈ മാസം 16 നാണ് സംഭവം. ബോർഡിൽ എഴുതിയത് പകർത്തി എഴുതാൻ വൈകിയതിന് അധ്യാപകൻ കൈ കൊണ്ട് കുട്ടിയുടെ മുതുക് ഭാഗത്ത് മർദിക്കുകയായിരുന്നുവെന്നാണ് പരാതി.
പുറംവേദനയെ തുടർന്ന് വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ വീട്ടിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. ബുധനാഴ്ചയാണ് കുട്ടിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്.
Kerala
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ ഡൽഹിയിലെ കേരള ഹൗസ് പ്രോട്ടോക്കോൾ വിഭാഗത്തിനെതിരെ നടപടി. പ്രോട്ടോക്കോൾ വീഴ്ച കണക്കിലെടുത്ത് കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫീസർ ശ്രീകുമാറിനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു.
സംഭവത്തിൽ ഉദ്യോഗസ്ഥന് കാരണംകാണിക്കൽ നോട്ടീസ് നൽകി. ഇതിനുള്ള മറുപടി ലഭിച്ച ശേഷം വരും ദിവസങ്ങളിൽ കൂടുതൽ കർശനമായ നടപടികളിലേക്ക് കടക്കുമെന്നുമാണ് റിപ്പോർട്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 2.50-നുള്ള ഡൽഹി - കോഴിക്കോട് ഇൻഡിഗോ വിമാനത്തിലായിരുന്നു പ്രതിപക്ഷ നേതാവ് യാത്ര ചെയ്യേണ്ടിയിരുന്നത്.
പിണറായി വിജയൻ 2.05 ന് ഡൽഹി വിമാനത്താവളത്തിൽ എത്തിയിരുന്നു. എന്നാൽ അദ്ദേഹം വിമാനത്താവളത്തിൽ എത്തിയ വിവരം ഒപ്പമുണ്ടായിരുന്ന പ്രോട്ടോക്കോൾ ഓഫീസർ ഇൻഡിഗോ വിമാന കമ്പനി അധികൃതരെ കൃത്യമായി അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ തുടർനടപടികൾ ഏകോപിപ്പിക്കുന്നതിൽ പ്രോട്ടോക്കോൾ ഓഫീസർക്കു വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ. ലോഞ്ചിൽ വിശ്രമിച്ച പിണറായിയെ ഗേറ്റടയ്ക്കുന്ന സമയം കഴിഞ്ഞിട്ടും വിമാനക്കമ്പനി പ്രതിനിധികൾ കൂട്ടാൻ എത്താഞ്ഞതോടെ ബന്ധപ്പെട്ടപ്പോഴാണ് ഇനി വിമാനത്തിൽ കയറാനാവില്ലെന്നും സമയം കഴിഞ്ഞെന്നും അറിയിച്ചത്.
Kerala
തിരുവനന്തപുരം: സ്റ്റേറ്റ് ഡാറ്റാ സെന്ററിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഇന്നു രാത്രി 10 മുതൽ നാളെ രാവിലെ 1 മണി വരെ ടിഎസ്ബി ഓൺലൈൻ, ഇ-ട്രഷറി ഉൾപ്പെടെയുള്ള ട്രഷറി സേവനങ്ങൾ ലഭ്യമാകില്ല.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുതിർന്ന സിപിഎം നേതാവ് എ. പത്മകുമാറിന് സസ്പെൻഷൻ. പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിനു പിന്നാലെയാണ് നടപടി.
നടപടി ചർച്ച ചെയ്യാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയെയാണ് പാര്ട്ടി ചുമതലപ്പെടുത്തിയത്. പത്തനംതിട്ട ജില്ലാ കമ്മിറ്റി രൂപീകരിച്ചത് മുതലുള്ള അംഗമാണ് എ. പത്മകുമാർ.
സ്വർണക്കൊള്ള കേസ് പുറത്തുവന്നപ്പോൾ മുതൽ പത്മകുമാറിനെ സംരക്ഷിച്ച സിപിഎം നടപടിയിൽ വലിയ വിമർശനങ്ങളാണ് ഉയർന്നത്. പത്മകുമാർ തന്നെ സൂചിപ്പിച്ച സ്വർണക്കൊള്ളയിലെ ദൈവതുല്യരുടെ പേര് പുറത്തുവരാതിരിക്കാനുള്ള സംരക്ഷണകവചമെന്നായിരുന്നു ആക്ഷേപം.
Kerala
തൃശൂർ: ചേലക്കര പോലീസ് സ്റ്റേഷനിൽ മദ്യസൽക്കാരം നടത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കുന്നംകുളം എസിപിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തൃശൂർ സിറ്റി പോലീസ് കമ്മീഷ്ണറുടെ നടപടി.
തൃശൂർ സിറ്റി പോലീസ് കമ്മീഷ്ണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു സ്റ്റേഷനിൽ പരിശോധന നടത്തിയത്. വ്യാഴാഴ്ച രാത്രി 11 ഓടെ വടക്കാഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്റ്റേഷനിലെത്തി മൂന്നു ഉദ്യോഗസ്ഥരെയും കൈയോടെ പൊക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ, ഒരു ഗ്രേഡ് എസ്ഐയും രണ്ട് സിവിൽ പോലീസ് ഉദ്യോഗസ്ഥരും മദ്യപിച്ചതായി കണ്ടെത്തി.
Kerala
ന്യൂഡല്ഹി: കോക്രോച്ച് ജനത പാര്ട്ടിയുടെ പ്രതിഷേധത്തില് പങ്കെടുത്ത അധ്യാപികയെ സസ്പെന്ഡ് ചെയ്ത് ഹരിയാന വിദ്യാഭ്യാസ വകുപ്പ്.
ഡല്ഹിയിലെ ജന്തര് മന്ദിറില് നടന്ന പ്രതിഷേധത്തില് പങ്കെടുത്ത റോഹ്തക്ക് സര്ക്കാര് സ്കൂളിലെ ഗസ്റ്റ് അധ്യാപിക സുലേഖ ദലാലിനെയെയാണ് സര്വീസില് നിന്നും സസ്പെന്ഡ് ചെയ്തത്.
റോഹ്തക്ക് ഡിസ്ട്രിക്ട് എലിമെന്ററി എഡ്യൂക്കേഷന് ഓഫീസര് ജൂണ് 10നാണ് സസ്പെന്ഷന് ഉത്തരവ് പുറത്തിറക്കിയത്. ജൂണ് എട്ട് മുതലാണ് അധ്യാപിക സുലേഖ ദലാലിനെ സസ്പെന്ഡ് ചെയ്തിരിക്കുന്നത്.
ബന്ധപ്പെട്ട അധികൃതരില് നിന്നും മുന്കൂട്ടി അനുവാദം വാങ്ങാതെയാണ് അധ്യാപിക ഓഫീസ് ആസ്ഥാനത്ത് നിന്നും പോയതെന്നാണ് ഉത്തരവില് ചൂണ്ടിക്കാട്ടുന്നത്. നടപടി സ്വീകരിക്കാനുണ്ടായ കാരണം പ്രത്യേകം ഉത്തരവില് പരാമര്ശിക്കുന്നുമില്ല.
ജൂണ് ആറിന് നടന്ന പ്രതിഷേധത്തില് സുലേഖ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് വൈറലായിരുന്നു. എന്നാല് മത്സര പരീക്ഷകളില് പങ്കെടുക്കാന് തയ്യാറെടുക്കുന്ന ഒരു മകന്റെ അമ്മയെന്ന നിലയിലാണ് താന് പ്രതിഷേധത്തില് പങ്കെടുത്ത് സംസാരിച്ചതെന്നാണ് അധ്യാപിക പ്രതികരിച്ചത്.
International
ആംസ്റ്റർഡാം: അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ (ഐസിസി) ചീഫ് പ്രോസിക്യൂട്ടർ കരീം ഖാനെ സസ്പെൻഡ് ചെയ്തു. ലൈംഗികാരോപണങ്ങളിൽ ഐസിസി മേൽനോട്ട സമിതിയാണു തീരുമാനമെടുത്തത്.
വിഷയം ഐസിസിയിൽ അംഗത്വമുള്ള 125 രാജ്യങ്ങളുടെ പ രിഗണനയ്ക്കു വിടാനും തീരുമാനിച്ചു. അംഗരാജ്യങ്ങൾ വൈകാതെ യോഗം ചേർന്ന് ഖാന്റെ ഭാവി സംബന്ധിച്ച് വോട്ടെടുപ്പു നടത്തും.
ഗാസ യുദ്ധത്തിന്റെ പേരിൽ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ നേതൃത്വം നല്കിയ ഖാൻ അഴിമതി ആരോപണങ്ങളെത്തുടർന്ന് 2025 മേയ് മുതൽ അവധിയിലാണ്.
Kerala
ഉള്ളൂർ: തിരുവനന്തപുരം മെഡിക്കല് കോളജില് ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില് പുഴുവരിച്ച സംഭവത്തില് വീഴ്ച വരുത്തിയ ഡ്യൂട്ടി ഡോക്ടറെ സസ്പെന്ഡ് ചെയ്തു. ഡോ. അഭിജിത്തിനെയാണ് സസ്പെന്ഡ് ചെയ്തത്. ശസ്ത്രക്രിയയ്ക്കു ശേഷം ഡോക്ടര്മാരുടെ ഭാഗത്തുനിന്നുമുണ്ടായ ഗുരുതരമായ അവഗണനയാണ് പുഴുവരിക്കാന് ഇടയാക്കിയതെന്നാണ് അന്വേഷണ റിപ്പോര്ട്ട്.
മുറിവ് കൃത്യമായ ഇടവേളകളില് പരിശോധിച്ച് വൃത്തിയാക്കാനോ വീണ്ടും ഡ്രസ് ചെയ്യാനോ ആശുപത്രിയില് ഡ്യൂട്ടിയിലുണ്ടായിരുന്നവര് തയാറായില്ലെന്നാണ് കണ്ടെത്തല്.
ഡിഎംഇ ആരോഗ്യ മന്ത്രി കെ. മുരളീധരന് കൈമാറിയ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി. ജീവനക്കാരെ സംരക്ഷിക്കുന്ന തരത്തിലുള്ള റിപ്പോര്ട്ടില് അതൃപ്തനായ മന്ത്രി വീണ്ടും വിശദമായ അന്വേഷണം നടത്താന് ഉത്തരവിട്ടു.
കഴിഞ്ഞ മാസം 28ന് ആണ് കൊല്ലം പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദിന് ബൈക്കപകടത്തില് പരിക്കേറ്റതും തുടര്ന്ന് മെഡിക്കല് കോളജില് പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി കാലില് കമ്പിയിട്ടതും. അഞ്ചു ദിവസം തീവ്രപരിചരണ വിഭാഗത്തില് കഴിഞ്ഞിരുന്ന അദ്ദേഹത്തെ പിന്നീട് വാര്ഡിലേക്കു മാറ്റി. വാര്ഡിലെത്തിച്ച ശേഷമാണ് കാലില് പുഴുവരിക്കുന്നത് ബന്ധുക്കളുടെ ശ്രദ്ധയില്പ്പെട്ടത്.
വിവരം ഡ്യൂട്ടിയിലുണ്ടായിരുന്നവരെ അറിയിച്ചിട്ടും സംഭവദിവസം രാത്രി ഏഴുവരെ ആരും തിരിഞ്ഞുനോക്കാത്തതിനെ തുടര്ന്ന് ബന്ധുക്കള് ബഹളംവച്ചതോടെ വീണ്ടും രാജേന്ദ്ര പ്രസാദിനെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. വിഷയം വലിയ വിവാദമായതോടെയാണ് ആരോഗ്യ മന്ത്രി കെ. മുരളീധരന് അന്വേഷണത്തിനായി പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. തുടർന്നാണ് വിശദമായ അന്വേഷണം ഉണ്ടായതും ഡ്യൂട്ടി ഡോക്ടറെ സസ്പെൻഡ് ചെയ്തതും.
Kerala
കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പര്യത്ത് ഉന്നതിയിലെ കോളനി കുടിയൊഴിപ്പിക്കുന്നത് ഹൈക്കോടതി 16 വരെ തടഞ്ഞു.
ഈ മാസം ഒമ്പതുവരെ കുടിയൊഴിപ്പിക്കല് തടഞ്ഞുള്ള ഹൈക്കോടതി ഉത്തരവ് നിലനില്ക്കെ കുടിയൊഴിപ്പിക്കാനുള്ള നടപടികള്ക്ക് തുടക്കം കുറിക്കാന് പെരുമ്പാവൂര് മുന്സിഫ് കോടതി ഉത്തരവിട്ടതിനെത്തുടര്ന്ന് സര്ക്കാര് നല്കിയ ഉപഹര്ജി പരിഗണിച്ചാണ് ജസ്റ്റീസ് ടി.ആര്. രവിയുടെ ഉത്തരവ്.
ഈ കാലയളവില് സര്ക്കാര് നടത്തുന്ന പ്രശ്നപരിഹാര നടപടികള് തുടരാമെന്നും കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട മറ്റ് ഉത്തരവുകള് പെരുമ്പാവൂര് മുന്സിഫ് കോടതി പുറപ്പെടുവിക്കരുതെന്നും സിംഗിള് ബെഞ്ച് നിര്ദേശിച്ചു.
District News
പാണത്തൂർ: പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്ക് നൽകാൻ ഇറക്കിയ കട്ടിലുകൾക്ക് ഗുണനിലവാരമില്ല. കട്ടിൽ വാങ്ങാൻ എത്തിയ വയോജനങ്ങൾ പ്രതിഷേധിച്ചതോടെ ഭരണസമിതി വിതരണം നിർത്തിവച്ചു. പനത്തടി പഞ്ചായത്തിലെ 2025-26 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വയോജനങ്ങൾക്ക് കട്ടിൽ വിതരണം പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
പഞ്ചായത്തിലെ വിവിധ വാർഡുകളിലെ 45 ഗുണഭോക്താക്കൾക്ക് കട്ടിൽ വിതരണം നടത്തുമെന്ന് വാർഡ് മെംബർമാർ മുഖാന്തരം ഗുണഭോക്താക്കളെ അറിയിച്ചിരുന്നു. ഗുണഭോക്താക്കൾ പലരും വാഹനവുമായി എത്തിയപ്പോഴാണ് കട്ടിലുകൾ പഴകി ദ്രവിച്ചതാണെന്ന് മനസിലായത്.
തുടർന്ന് ഗുണഭോക്താക്കൾ പ്രതിഷേധിച്ചതോടെ പഞ്ചായത്ത് അധികൃതർ വിതരണം നിർത്തിവയ്ക്കുകയായിരുന്നു. കേരള ആർട്ടിസാൻസ് ഡവലപ്മെന്റ് കോർപറേഷൻ (കാഡ്കോ) എന്ന പൊതുമേഖല ഏജൻസിക്കാണ് കട്ടിലുകൾ ഇറക്കുന്നതിന് പഞ്ചായത്ത് കൊട്ടേഷൻ നൽകിയത്.
2.10 ലക്ഷം രൂപയാണ് അടങ്കൽ തുക. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വികസനകാര്യ ചെയർമാൻ, കൂടാതെ രണ്ടു പൊതുപ്രവർത്തകർ എന്നിവരടങ്ങിയ പ്രോക്യൂയർമെന്റ് കമ്മിറ്റി നിലവിൽ ഉണ്ടായിട്ടും സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാതെ കട്ടിലുകൾ ഇറക്കിയത് ജനങ്ങളുടെ ഇടയിൽ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മുഴുവൻ ഗുണഭോക്താക്കൾക്കും ഗുണനിലവാരമുള്ള കട്ടിലുകൾ പിന്നീട് വിതരണം നടത്തുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.