കൊച്ചി: വിശ്വാസ പൈതൃകത്തിന്റെ മഹിതചൈതന്യത്തെ അടയാളപ്പെടുത്തി സീറോമലബാർ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ദുക്റാന തിരുനാൾ ആചരണവും സഭാദിനാഘോഷവും.
ഭാരതത്തിന്റെ അപ്പസ്തോലൻ മാർതോമാശ്ലീഹായുടെയും വിശുദ്ധന്റെ പുണ്യമുദ്രകൾക്കു നേർസാക്ഷ്യമൊരുക്കുന്ന സീറോമലബാർ സഭാചരിത്രത്തിന്റെയും ദീപ്തസ്മരണകളിലായിരുന്നു ആഘോഷങ്ങൾ.
മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മൗണ്ട് സെന്റ് തോമസ് അങ്കണത്തിൽ പതാക ഉയർത്തിയതോടെയാണ് ആഘോഷങ്ങൾക്കു തുടക്കമായത്. റാസ കുർബാനയിൽ മേജർ ആർച്ച്ബിഷപ് മുഖ്യകാർമികത്വം വഹിച്ചു.
മാർ തോമാശ്ലീഹായെപ്പോലെ ഏറ്റുപറച്ചിലിന്റെയും അനുസരണത്തിന്റെയും വിധേയത്വത്തിന്റെയും ചൈതന്യം കാത്തുസൂക്ഷിക്കാൻ നമുക്കു സാധിക്കണമെന്ന് വചനസന്ദേശത്തിൽ ബിഷപ് മാർ ബോസ്കോ പുത്തൂർ ഓർമിപ്പിച്ചു.
പൊതുസമ്മേളനം മേജർ ആർച്ച്ബിഷപ് ഉദ്ഘാടനം ചെയ്തു. ആൾബലത്തിലും വിപുലമായ സുവിശേഷ പ്രഘോഷണ സാക്ഷ്യങ്ങളിലും സീറോമലബാർ സഭ ഇന്ന് പൗരസ്ത്യസഭകളിൽ മുന്നിലാണെന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.
സീറോമലബാർ സഭാംഗങ്ങളായ വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, ജലവിഭവ മന്ത്രി മോൻസ് ജോസഫ്, ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, ചീഫ് വിപ്പ് അപു ജോൺ ജോസഫ് എന്നിവർക്ക് മേജർ ആർച്ച്ബിഷപ് സഭയുടെ ആദരം സമർപ്പിച്ചു.
സഭാംഗവും കത്തോലിക്ക കോൺഗ്രസിന്റെ സജീവ പ്രവർത്തകനുമായ പ്രമുഖ പ്രവാസി വ്യവസായി ഷെവ. ഡേവിസ് എടക്കളത്തൂരിനെ മേജർ ആർച്ച്ബിഷപ് ഉപഹാരം നൽകി ആദരിച്ചു.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റിന്റെ പതാകാ പ്രയാണത്തിന്റെ ഉദ്ഘാടനവും ‘ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി ഇൻ ഇന്ത്യ’ പുസ്തകപരമ്പരയിലെ രണ്ടാമത്തെ പുസ്തകത്തിന്റെ പ്രകാശനവും മേജർ ആർച്ച്ബിഷപ് നിർവഹിച്ചു.
പതാക ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിലും പുസ്തകം മന്ത്രി സണ്ണി ജോസഫും മാർ തട്ടിലിൽനിന്ന് ഏറ്റുവാങ്ങി. ബിഷപ് മാർ തോമസ് ഇലവനാലിന് നൽകുന്ന പൗരസ്ത്യരത്നം അവാർഡ് ലിറ്റർജി കമ്മീഷൻ സെക്രട്ടറി ഫാ.ജിഫി മേക്കാട്ടുകുളം പ്രഖ്യാപിച്ചു.
എൽആർസി ചെയർമാൻ ബിഷപ് മാർ ടോണി നീലങ്കാവിൽ, കോതമംഗലം രൂപത വികാരി ജനറാൾ ഫാ. ഡോ. പയസ് മലേക്കണ്ടത്തിൽ, കൂരിയ ചാൻസലർ ഫാ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ, ഫിനാൻസ് ഓഫീസർ ഫാ. ജോസഫ് തോലാനിക്കൽ എന്നിവർ പ്രസംഗിച്ചു.
സഭയുടെ ഒരുവർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് മീഡിയ കമ്മീഷൻ തയാറാക്കിയ വീഡിയോ അവതരണവും ഫാ. ഷാജി തുമ്പേച്ചിറയിലിന്റെ നേതൃത്വത്തിൽ ത്രിയേകം കലാവിരുന്നും ഉണ്ടായിരുന്നു. സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നുള്ള വൈദിക, സമർപ്പിത, അല്മായ പ്രതിനിധികൾ സഭാദിനാഘോഷത്തിൽ പങ്കെടുത്തു.