വടക്കഞ്ചേരി: അവധി ദിവസങ്ങളുടെ മറവിൽ പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളെ പറ്റിച്ച് പണം വസൂലാക്കുന്ന ടോൾ കമ്പനിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്വാതന്ത്ര്യദിനാവധിയായ ഇന്നലെ ഫാസ്ടാഗ് വഴി പ്രദേശവാസികളായ നിരവധി പേരുടെ പണം നഷ്ടപ്പെട്ടു. ഇന്നലെ രാവിലെ പത്തരക്ക് കെഎൽ 49 ജെ 7117 നമ്പർ കാർ ടോൾ വഴി കടന്നു പോയപ്പോൾ ഫാസ് ടാഗിൽ നിന്നും പണം നഷ്ടപ്പെട്ടെന്ന് കാർ ഉടമയായ വളളിയോട് പുരയിടത്തിൽ സേവി പറഞ്ഞു.
പരാതി പറഞ്ഞപ്പോൾ അവധിയായതിനാൽ ഓഫീസിൽ ആളില്ലെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന മട്ടിൽ പൊട്ടൻകളിക്കുകയാണ് ടോൾ ജീവനക്കാരും ചെയ്തത്. കൃത്യമായി പ്രവേശന പാസ് പുതുക്കുന്ന വാഹനങ്ങളിൽ നിന്നും പണം പിടിക്കലും കമ്പനി നടത്തുന്നുണ്ട്. മൂന്നുമാസം കൂടുമ്പോൾ സൗജന്യ പ്രവേശനത്തിനുള്ള പാസ് പുതുക്കണമെന്നാണ് കരാർ കമ്പനി നേരത്തെ ഏകപക്ഷീയമായി തീരുമാനിച്ചിട്ടുള്ളത്. പാസ് പുതുക്കാനായി ഫോണിൽ സന്ദേശം വരുമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരുടെ ഫോണിലേക്കും ടോൾ കമ്പനി സന്ദേശം അയക്കാറില്ല.
ഇതിനാൽ പാസ് പുതുക്കാനും വാഹന ഉടമകൾ വിട്ടു പോകും. പുതുക്കേണ്ട കാലാവധി തീരും മുമ്പും ഫാസ്ടാഗ് വഴി പണം പിടിക്കുന്ന പണികളും ടോൾ കമ്പനി നടത്തുന്നതായി പറയുന്നു. പരാതിപ്പെട്ടാൽ പാസ് പുതുക്കേണ്ട കാലാവധി കഴിഞ്ഞതാണ് പ്രശ്നമെന്നും ഫാസ് ടാഗ് വഴി നഷ്ടപ്പെട്ട പണം തിരിച്ചു നൽകാൻ സംവിധാനമില്ലെന്ന മറുപടിയാണ് ടോൾ ഓഫീസിൽ നിന്നും ലഭിക്കുക. ഓരോ വാഹനത്തിൽ നിന്നും ഇത്തരത്തിൽ പലതവണ അനധികൃതമായി പണം വസൂലാക്കി കൊള്ളയടിക്കുകയാണ് കമ്പനി ചെയ്യുന്നത്. ഫാസ്ടാഗിലും പണം കഴിഞ്ഞാൽ വാഹനം കടന്നുപോകാൻ അനുവദിക്കില്ല.
ഗൂഗിൾപേ വഴി ഇരട്ടി പണം വസൂലാക്കിയാണ് പിന്നെ വാഹനം കടത്തിവിടുന്നത്. 2022 മാർച്ച് ഒമ്പതു മുതലാണ് പന്നിയങ്കരയിൽ മറ്റു വാഹനങ്ങളുടെ ടോൾ പിരിവ് തുടങ്ങിയത്. അന്നുമുതൽ തുടങ്ങി പ്രദേശവാസികളുടെ പ്രവേശന പ്രശ്നവും. നാലുവർഷം കഴിഞ്ഞിട്ടും വിഷയത്തിൽ ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതർക്കോ ജനപ്രതിനിധികൾക്കോ കഴിഞ്ഞിട്ടില്ല.
അതേസമയം ഒരാഴ്ച മുമ്പ് കളക്ടറേറ്റിൽ കളക്ടറുടെ അധ്യക്ഷതയിൽ നടന്ന യോഗ തീരുമാനങ്ങൾ പോലും നടപ്പിലാക്കാൻ തയ്യാറാകാതെയാണ് ടോൾകമ്പനി തോന്നുംമട്ടിൽ തീരുമാനങ്ങളെടുത്ത് വാഹനയാത്രികരെ കഷ്ടപ്പെടുത്തുന്നത്.
ടോൾ കമ്പനിയുടെ ഈ ഏാധിപത്യ നടപടികൾക്കെതിരെ കളക്ടറും ജനപ്രതിനിധികളും അടിയന്തര ഇടപ്പെടലുകൾ നടത്തണമെന്നാണ് വാഹന യാത്രക്കാർ ആവശ്യപ്പെടുന്നത്. ഉയർന്ന ടോൾ തുക കൊടുത്ത് പോകുന്ന മറ്റു യാത്രക്കാർക്കും യാതൊരു ഗതാഗത സൗകര്യങ്ങളും ദേശീയ പാതയിലില്ല. ദേശീയപാതയിലെല്ലാം പണികൾ നടക്കുന്നതിന്റെ വാഹന കുരുക്കുകളാണ്.