ടെൽ അവീവ്: ഇറാനെയും ഇറാനു വേണ്ടി പോരാടുന്ന ഹിസ്ബുള്ള ഭീകരരെയും ലക്ഷ്യമിട്ട് ഇസ്രയേലും അമേരിക്കയും ഇന്നലെയും ആക്രമണം തുടർന്നു.
ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിൽ ഹിസ്ബുള്ള ആസ്ഥാനത്തിനു നേർക്കുണ്ടായ ബോംബിംഗിൽ പത്തു പേരെങ്കിലും കൊല്ലപ്പെട്ടു. ബെയ്റൂട്ടിന്റെ ഹൃദയഭാഗത്തെ ഒരു ബഹുനില കെട്ടിടം നിലംപൊത്തി. സെൻട്രൽ ബെയ്റൂട്ടിൽ ഇത്രവലിയ ആക്രമണം ആദ്യമാണ്.
യുദ്ധത്തിനു ശമനമുണ്ടാകാത്ത പശ്ചാത്തലത്തിൽ മരണസംഖ്യ ഉയരുകയാണ്. യുഎസ്-ഇസ്രേലി ആക്രമണത്തിൽ ഇറാനിൽ 3000നു മുകളിൽ പേർ കൊല്ലപ്പെട്ടു; ലബനനിൽ 900നു മുകളിൽ പേരും. ഇസ്രയേലിന്റെ ഉഗ്രരോഷം നേരിടുന്ന ലബനനിൽ എട്ടുലക്ഷം പേർ അഭയാർഥികളാണ്.
ഇറാന്റെ പ്രത്യാക്രമണത്തിൽ ഇസ്രയേലിൽ 14 പേർ കൊല്ലപ്പെട്ടു. നൂറുകണക്കിനു പേർക്കു പരിക്കേറ്റിട്ടുണ്ടെങ്കിലും പലരുടെയും നില ഗുരുതരമല്ല. യുഎഇ, കുവൈത്ത് രാജ്യങ്ങളിൽ എട്ടുവീതം പേരും ബഹ്റിൻ, ഒമാൻ എന്നിവടങ്ങളിൽ മൂന്നുവീതം പേരും സൗദിയിൽ രണ്ടു പേരും കൊല്ലപ്പെട്ടു.
ഇറാന്റെ ഒട്ടുമിക്ക മിസൈലുകളും അവ വിക്ഷേപിക്കാനുള്ള സാമഗ്രികളും നശിപ്പിച്ചുവെന്നാണ് യുഎസ് അവകാശപ്പെടുന്നത്. എന്നാൽ, ഗൾഫിലെ യുഎസ് താവളങ്ങൾക്കു നേർക്ക് ഇറാൻ മിസൈലുകളും ഡ്രോണുകളും വർഷിക്കുന്നത് തുടരുകയാണ്.
മധ്യസ്ഥശ്രമങ്ങൾ വിഫലമായി തുടരുന്നതിനാൽ യുദ്ധം നീളുമെന്ന സൂചനയാണു ലഭിക്കുന്നത്. ഒമാനും ഖത്തറും ഇറേനിയൻ നേതാക്കളുമായി സംസാരിക്കുണ്ടെങ്കിലും ഇറാൻ വഴങ്ങാൻ തയാറായിട്ടില്ല.
അമേരിക്കയെയും ഇസ്രയേലിനെയും മുട്ടുകുത്തിക്കുന്നതുവരെ യുദ്ധം തുടരുമെന്ന് ഇറാനിലെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനെയ് പറഞ്ഞതായി റിപ്പോർട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ട്രംപും പലവട്ടം വെടിനിർത്തൽ നിർദേശങ്ങൾ തള്ളിക്കളഞ്ഞു.