പാലാ: ടൗണ്‍ ബസ് സ്റ്റാന്‍ഡിലെ കാത്തിരിപ്പുകേന്ദ്രത്തില്നിന്നു യാത്രക്കാര്‍ അപകടകരമായ അവസ്ഥയില്‍ വേണം ബസില്‍ കയറിയിറങ്ങാൻ. വൈക്കം, എറണാകുളം റൂട്ടുകളില്‍ പോകേണ്ട യാത്രക്കാർ വെയ്റ്റിംഗ് ഷെഡില്‍നിന്നു ബസില്‍ കയറാന്‍ മുന്നോട്ട് നടക്കുമ്പോള്‍ ഓടയിലേക്ക് വീഴുന്ന അവസ്ഥയാണുള്ളത്. സ്ലാബ് ഇല്ലാത്തതാണ് അപകടഭീഷണി ഉയര്‍ത്തുന്നത്.
കോട്ടയം ഭാഗത്തേക്ക് പോകുന്നവര്‍ കാത്തുനില്ക്കുന്ന വെയ്റ്റിംഗ് ഷെഡ് തറനിരപ്പില്‍നിന്ന് മൂന്നടിയോളം ഉയര്‍ന്നാണ്. ബസ് വരുമ്പോള്‍ പെട്ടെന്നു ചാടിയിറങ്ങി ഉയര്ന്നുനില്ക്കുന്ന റോഡിന്റെ അരികില്‍ തട്ടി ബസില്‍ കയറേണ്ട അവസ്ഥയാണ്. സ്ത്രീകള്‍ക്കും കുട്ടികൾക്കും ഇതു വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പലര്‍ക്കും പരിക്കേല്‍ക്കുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്.
യാത്രക്കാര്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതിന് ളാലം തോടിന്റെ അരികിലുള്ള വെയ്റ്റിംഗ് ഷെഡിന്റെ മുന്‍വശത്ത് നീളത്തില്‍ നടകളും ഓടയുടെ ഭാഗത്ത് സ്ലാബ് തീര്‍ക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ ആവശ്യപ്പെട്ടു.