കല്‍പ്പറ്റ: മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യു പട്ടയഭൂമികളില്‍നിന്നു നിയമവിരുദ്ധമായി മുറിച്ചതും വനം വകുപ്പ് പിടിച്ചെടുത്ത് കുപ്പാടി വനം ഡിപ്പോയില്‍ സൂക്ഷിച്ചതുമായ ഈട്ടിത്തടികള്‍ ലേലം ചെയ്യുന്നതിനു വനം വകുപ്പിന് കോടതി നല്കിയ അനുമതി സര്‍ക്കാരിന് നഷ്ടലഘൂകരണത്തിന് സഹായകമാകും.
കൂടുതല്‍ കാലം മഴയും വെയിലുമേറ്റ് തടികളുടെ ഗുണനിലവാരം ഗണ്യമായി കുറയുന്നതിനുള്ള സാഹചര്യമാണ് കോടതി അനുമതിയോടെ ഒഴിവായത്. ഇപ്പോള്‍ത്തന്നെ തടികളുടെ ഗുണമേന്മയില് കാര്യമായ ശോഷണം സംഭവിച്ചിട്ടുണ്ട്.
തടികള്‍ ലേലത്തില്‍ വില്‍ക്കുന്നതിന് സൗത്ത് വയനാട് ഡിഎഫ്ഒ 2023 അവസാനത്തോടെ സമര്‍പ്പിച്ച ഹര്‍ജിയാണ് ബത്തേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുവദിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തടികള്‍ ലേലത്തില്‍ വയ്ക്കുന്നതിന് രണ്ടു മാസത്തോളം സമയം എടുക്കുമെന്നാണ് സൂചന.
അനധികൃതമായി മുറിച്ച 112 മരങ്ങളുടേതായി 800 കഷണം ഈട്ടിയാണ് ഡിപ്പോയില്‍. ഇവയ്ക്ക് നാല് കോടി രൂപയാണ് നിലവില്‍ വില മതിക്കുന്നത്. തടികള്‍ക്ക് 10 കോടിയിലേറെ രൂപയാണ് നേരത്തേ വില കണക്കാക്കിയത്.
മുട്ടില്‍ സൗത്ത് വില്ലേജില്‍ അനധികൃതമായി മുറിച്ചതില്‍ 231 ക്യുബിക് മീറ്റര്‍ ഈട്ടി 2021 ജൂണിലാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് ഡിപ്പോയിലേക്ക് മാറ്റിയത്. തടികള്‍ വിട്ടുകിട്ടുന്നതിന് വാഴവറ്റ അഗസ്റ്റിന് സഹോദരന്മാര് സമര്‍പ്പിച്ച ഹര്‍ജി നേരത്തേ കോടതി തള്ളിയിരുന്നു.
കുപ്പാടി ഡിപ്പോയിലെത്തിച്ച ഈട്ടിത്തടികള്‍ വെയിലും മഴയുമേല്ക്കാതെ ഷെഡ് കെട്ടി സംരക്ഷിക്കണമെന്ന് 2023 ജനുവരി ആറിന് കോടതി ഉത്തരവായിരുന്നു. വാഴവറ്റ സ്വദേശിയുടെ അപേക്ഷയില്‍ പുറപ്പെടുവിച്ച ഉത്തരവ് വനം വകുപ്പ് പ്രാവര്ത്തികമാക്കിയിയിരുന്നില്ല.
അനധികൃത മരംമുറിക്കെതിരേ 2021ല്‍ റവന്യു വകുപ്പ് ആരംഭിച്ച കെഎല്‍സി നടപടികള്‍ അനിശ്ചിതത്വത്തിലാണ്. സര്‍ക്കാര്‍ അനുമതി ഉണ്ടെന്ന തെറ്റിദ്ധാരണയില്‍ കച്ചവടക്കാര്‍ക്ക് മരങ്ങള്‍ വിറ്റ ആദിവാസികളടക്കം ചെറുകിട ഭൂ ഉടമകളെ കെഎല്‍സി നടപടികളില്‍നിന്നു ഒഴിവാക്കിയിട്ടില്ല.
ആദിവാസികളടക്കം ചെറുകിട ഭൂവുടമകളെ പിഴ അടയ്ക്കുന്നതില്‍നിന്നു ഒഴിവാക്കും എന്ന് മുന്‍ റവന്യു മന്ത്രിയും മറ്റും പറഞ്ഞിരുന്നു. എന്നാല്‍ ആദിവാസികള്ക്കെതിരേയടക്കം കെഎല്‍സി നടപടികളുമായി റവന്യു വകുപ്പ് മുന്നോട്ടുപോകുകയാണുണ്ടാത്.
അതിനിടെ, മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യു പട്ടയ ഭൂമികളില്‍ 2020-21ല്‍ നടന്ന അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത് സുല്‍ത്താന്‍ ബത്തേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യുട്ടറായി ഉമ്മന്‍ കടവനെ നിയമിച്ചു.
മീനങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത 281/ 2021, 319/2021, 400/2021, 589/2021, മേപ്പാടി പോലീസ് രജിസ്റ്റര്‍ ചെയ്ത 296/2021, 297/2021 നമ്പര്‍ കേസുകളിലാണ് ഉമ്മര്‍ കടവന്‍ ചുമതല. മുന്‍ ജില്ലാ അസി.പബ്ലിക് പ്രോസിക്യൂട്ടറാണ് ഇദ്ദേഹം. കമ്പളക്കാട് സ്വദേശിയാണ്.