തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സ്വകാര്യ മദ്യക്കമ്പനികളെ വഴിവിട്ട് സഹായിക്കാനാണ് ഈ ഇളവുകൾ ധനബില്ലിന്റെ ഭാഗമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
നിയമസഭയിൽ അവതരിപ്പിക്കുന്ന ഈ ബിൽ പാസാക്കിക്കഴിഞ്ഞാൽ പിന്നീട് മദ്യവിൽപ്പനയ്ക്ക് സർക്കാരിന്റെ പ്രത്യേക അനുമതി തേടേണ്ട സാഹചര്യമില്ല. അതുകൊണ്ടുതന്നെ നിലവിൽ യുഡിഎഫ് നടത്തുന്ന ചർച്ചകൾക്ക് യാതൊരു അർത്ഥവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബജറ്റിനൊപ്പം അവതരിപ്പിക്കുന്ന നികുതി നിർദ്ദേശങ്ങൾ ഫിനാൻസ് ബില്ലിലൂടെ പാസാക്കിയാൽ അത് പിന്നീട് നിയമപരമായ പരിരക്ഷയുള്ളതായി മാറും. ഇത്തരത്തിൽ നിയമസഭ പാസാക്കുന്ന ഒരു നിയമത്തെ ചെറുക്കാനോ നിയമപരമായി തടയാനോ യുഡിഎഫിന് കഴിയില്ല.
മദ്യക്കമ്പനികളുടെ അനാവശ്യവും വഴിവിട്ടതുമായ ആവശ്യങ്ങൾക്ക് കൂട്ടുനിൽക്കാനുള്ള യുഡിഎഫിന്റെ ഒരു തന്ത്രം മാത്രമാണിത്. ഇപ്പോൾ നടക്കുന്ന ചർച്ചകൾ പൊതുജനങ്ങളുടെ കൺകെട്ടാനുള്ള ഒരു പുകമറ മാത്രമാണിത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാൻ എൽഡിഎഫ് സർക്കാർ ശ്രമിച്ചെന്ന ആരോപണം പൊളിഞ്ഞെന്നും പിണറായി പറഞ്ഞു.