മുഖ്യമന്ത്രി വി.ഡി.സതീശൻ
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി മൂന്ന് മാസം പിന്നിട്ടിട്ടും മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറി ഉൾപ്പടെയുള്ള നിയമനങ്ങൾ വൈകുന്നതിൽ മുന്നണിയിൽ അമർഷം പുകയുന്നു. മന്ത്രി ബിന്ദു കൃഷ്ണ പ്രൈവറ്റ് സെക്രട്ടറിയായി നിർദേശിച്ച സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറി ശരത് ചന്ദ്രന്റെ നിയമനത്തിലും ഇതുവരെ മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചിട്ടില്ല.
മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ബിന്ദു കൃഷ്ണ ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയാക്കണമെന്ന നിർദേശം നൽകിയത്. ഇ-ഓഫീസ് വഴിയും ആവശ്യം അറിയിച്ചെങ്കിലും തീരുമാനം വൈകുകയായിരുന്നു. തുടർന്ന് മന്ത്രി വീണ്ടും ആവശ്യം ഉന്നയിച്ചതായാണ് വിവരം. കെ.സി. വേണുഗോപാലിന്റെ പിഎയായും പേഴ്സണൽ സ്റ്റാഫ് അംഗമായും പ്രവർത്തിച്ചയാളാണ് ശരത് ചന്ദ്രൻ.
മന്ത്രിക്ക് സ്വന്തം പ്രൈവറ്റ് സെക്രട്ടറിയെ തീരുമാനിക്കാൻ പോലും അവകാശമില്ലേയെന്ന ചോദ്യം കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നുണ്ട്. അതേസമയം ശരത് ചന്ദ്രനെതിരെ സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനാ നേതാക്കൾ മുഖ്യമന്ത്രിയുടെ ഓഫീസിന് കത്ത് നൽകിയിട്ടുണ്ട്. ഇതോടെ നിയമനം പാർട്ടിക്കുള്ളിലെ തർക്കവിഷയമായും മാറിയിരിക്കുകയാണ്.
സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനത്തിനായി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച സമിതിയും ഇതുവരെ നിലവിൽ വന്നിട്ടില്ല. ആദ്യ കെപിസിസി യോഗത്തിൽ തന്നെ സമിതി രൂപീകരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കെപിസിസി അധ്യക്ഷനെ മാറ്റാനുള്ള നീക്കത്തിൽ കാര്യങ്ങൾ തടസപ്പെട്ടതോടെ തുടർനടപടികളും അനിശ്ചിതത്വത്തിലായി.
സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ പുതിയ കെപിസിസി അധ്യക്ഷനെ ഉടൻ തീരുമാനിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതും നീണ്ടുപോകുകയാണ്. ഘടകകക്ഷികളുടെ കടുത്ത അതൃപ്തിയെ തുടർന്ന് കഴിഞ്ഞ 30ന് യുഡിഎഫ് യോഗം ചേർന്ന് പ്രധാന നേതാക്കൾക്ക് ക്യാബിനറ്റ് പദവി നൽകുന്നത് ഉടൻ നടപ്പാക്കാനും ബോർഡ്-കോർപറേഷൻ സ്ഥാനങ്ങൾ വീതംവയ്ക്കുന്നതിനായി ഉഭയകക്ഷി ചർച്ചകൾ നടത്താനും തീരുമാനിച്ചിരുന്നു.
എന്നാൽ ഈ തീരുമാനങ്ങൾക്കും ഇതുവരെ കാര്യമായ പുരോഗതിയില്ല.ടീം യുഡിഎഫ് എന്ന മുദ്രാവാക്യവുമായി അധികാരത്തിലെത്തിയ സർക്കാരിൽ നിയമനങ്ങൾ വൈകുന്നതിൽ ഘടകകക്ഷികൾക്കും അതൃപ്തിയുണ്ട്. ജനങ്ങളുമായി നേരിട്ട് ബന്ധമുള്ള ബോർഡുകളുടെയും കോർപറേഷനുകളുടെയും തലപ്പത്തടക്കം മുൻ എൽഡിഎഫ് സർക്കാർ നിയമിച്ചവർ തന്നെ തുടരുന്നതിലും യുഡിഎഫിലും കോൺഗ്രസിലും പ്രതിഷേധം ശക്തമാണ്.
Tags : UDF Government Ministerial Appointments Private Secretary Political Appointments Congress UDF