ചങ്ങനാശേരി: നഗരത്തിലെ ഗതാഗത സുരക്ഷ ഉറപ്പാക്കാനെടുക്കുന്ന തീരുമാനങ്ങള്‍ കര്‍ശന നിലപാടുകളോടെ നടപ്പാക്കണമെന്ന ആവശ്യമുയരുന്നു. വ്യാപാര സ്ഥാപനങ്ങള്‍ ഫുട്പാത്തുകളിലേക്ക് ഇറക്കിവച്ചിരിക്കുന്ന ബോര്‍ഡുകളും സാധന സാമഗ്രികളും വലിയ ഗതാഗത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കടയുടമകള്‍ക്ക് കത്തുനല്‍കി ഇവ നീക്കുന്നതിനൊപ്പം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മൂന്നുമാസം കൂടമ്പോഴെങ്കിലും വീണ്ടും നിയമലംഘനം നടത്തുന്നുണ്ടോയെന്ന കാര്യം വിലയിരുത്തണം.
കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും ദുരിതമാകുന്ന വിധത്തില്‍ വ്യാപകമായിരിക്കുന്ന വഴിവാണിഭങ്ങള്ക്കും നിയന്ത്രണമുണ്ടാകണം. പെട്ടിവണ്ടികളിലും മിനിവാഹനങ്ങളിലും പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ഉപ്പേരിയിനങ്ങള് എന്നിവയുടെ കച്ചവടം വ്യാപകമാകുന്നതും ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്. ഇതര ജില്ലകളില്നിന്നുള്ളവര്പോലും പെട്ടിവണ്ടികളില്‍ ചങ്ങനാശേരി നഗരത്തില്‍ കച്ചവടത്തിനെത്തുന്നുണ്ട്.
ബസ് സ്റ്റാന്‍ഡുകളില്‍ യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കണം
ഒന്നാം നമ്പര്‍ ബസ് സ്റ്റാന്‍ഡിന്റെ വശത്തെ ബങ്കുകളിലെ സാധന സാമഗ്രികള്‍ ബസുകളുടെ പാര്‍ക്കിംഗ് ഏരിയായിലേക്ക് ഇറക്കിവച്ച് വില്പന നടത്തുന്നത് വിദ്യാര്‍ഥികളും സ്ത്രീകളുമടക്കം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഒന്നാം നമ്പര്‍ ബസ് സ്റ്റാന്‍ഡിലും പരിസരങ്ങളിലും ശുചിത്വം ഉറപ്പാക്കണമെന്നും കംഫര്‍ട്ട് സ്റ്റേഷന് വൃത്തിയായി സൂക്ഷിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.
രാവിലെ ബസുകളില്‍ വന്നിറങ്ങുന്ന വിദ്യാര്‍ഥികളില്‍ ചിലര്‍ കലാലയങ്ങളിലേക്കു പോകാതെ ബസ് സ്റ്റാന്‍ഡുകളില്‍ കറങ്ങിനടക്കുന്നതായും പരാതിയുണ്ട്. സ്വകാര്യ ബസ് സ്റ്റാന്‍ഡുകളില്‍ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ പോലീസിന്റെ സേവനം ഉറപ്പുവരുത്തണം.പെരുന്ന ബസ് സ്റ്റാന്‍ഡില്‍ രാത്രികാലത്ത് വെളിച്ചമില്ലാത്തത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നതിനൊപ്പം സാമൂഹ്യവിരുദ്ധര്‍ വിഹരിക്കുന്നതിനും കാരണമാകുന്നുണ്ട്.
ഓട്ടോ ബാഹുല്യം നിയന്ത്രിക്കണം
നഗരത്തിലെ ഓട്ടോറിക്ഷകള്‍ക്ക് ഏഴര വര്‍ഷം മുമ്പ് മുനിസിപ്പല്‍ നമ്പരും പാര്‍ക്കിംഗ് സ്റ്റാന്‍ഡുകളും നല്കി നിയന്ത്രിച്ചിരുന്നു. അറുപതോളം പാര്‍ക്കിംഗ് സ്റ്റാന്‍ഡുകളിലായി 1200 ഓളം ഓട്ടോകള്‍ക്കാണ് മുനിസിപ്പല്‍ നമ്പര്‍ നല്‍കിയിരുന്നത്.
എന്നാല്‍, മുനിസിപ്പല്‍ നമ്പറുകളില്ലാത്ത ധാരാളം ഓട്ടോറിക്ഷകള്‍ നഗരപരിധിയില്‍ പാര്‍ക്ക് ചെയ്ത് ഓടുന്നതായും ഇതു നഗരത്തിലെ ഓട്ടോകള്‍ക്ക് ഓട്ടം കുറയുന്നതിന് കാരണമാകുന്നതായും നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു.
കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു മുമ്പില്‍ റോഡ് മുറിച്ചുകടക്കല്‍ അതിസാഹസം
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുമ്പില്‍ റോഡ് മുറിച്ചുകടക്കല്‍ അതിസാഹസവും അപകടകരവുമാണ്. സീബ്രാ ക്രോസിംഗിലൂടെ യാത്രക്കാര്‍ കടക്കുന്നതു കണ്ടാലും വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കുന്നില്ലെന്ന പരാതിയുണ്ട്. ബസ് സ്റ്റാന്‍ഡ് നിര്‍മാണം നടക്കുന്നതിനാല്‍ കെഎസ്ആര്‍ടിസി ജംഗ്ഷനിലും മുനിസിപ്പല്‍ ഓഫീസിനു സമീപവുമുള്ള റോഡരികിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിനു മുമ്പില്‍ ബസുകള്‍ തോന്നിയപടി നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ഇത് അപകട സാധ്യത വർധിപ്പിക്കുന്നു.
ഈ രണ്ട് സ്റ്റോപ്പുകളിലും ഡിപ്പോയിലെ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കു നിന്ന് ബസുകള്‍ നിര്‍ത്താനും യാത്രക്കാരെ കയറ്റാനും ശ്രദ്ധിച്ചിരുന്നു. എന്നാല്‍, കെഎസ്ആര്‍ടിസിയുടെ കേന്ദ്ര ഓഫീസ് ഇടപെട്ട് ഇതു നിര്‍ത്തലാക്കിയിരുന്നു. കെഎസ്ആര്‍ടിസി, മുനിസിപ്പല്‍ ഓഫീസ്, പെരുന്ന ബസ് സ്റ്റാന്‍ഡ്, എന്‍എസ്എസ് കോളജ്, എസ്ബി കോളജ്, വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂള്‍ ജംഗ്ഷനുകളില്‍ പോലീസിന്റെ സേവനം ഉറപ്പാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ഗതാഗത ക്രമീകരണങ്ങള്‍: നഗരസഭയില്‍ വിപുലയോഗം ഇന്ന്
ചങ്ങനാശേരി: പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായി വിദ്യാര്‍ഥികളെ വരവേല്‍ക്കാനും സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും നഗരസഭാ കാര്യാലയത്തില്‍ ഇന്ന് വിപുലമായ യോഗം ചേരും. ട്രാഫിക്ഉപദേശക സമിതി കഴിഞ്ഞദിവസം എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നഗരസഭാ ചെയര്മാന് ജോമി ജോസഫിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.
ബസുടമാ സംഘം ഭാരവാഹികള്‍, ട്രേഡ് യൂണിയന് ഭാരവാഹികള്‍, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ്, എക്സൈസ്, കെഎസ്ആര്‍ടിസി അധികൃതര്‍ എന്നിവര്‍ പങ്കെടുക്കും.