തിരുവനന്തപുരം: പാലക്കാട്ട് ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍മാര്‍ക്ക് പരസ്യമായി പണം വിതരണം ചെയ്തതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന് കര്‍ശന നടപടിയെടുക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം നല്‍കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ അതീവ ഗുരുതരമായ ലംഘനമാണ്.
പാലക്കാട് ബിജെപി പരസ്യമായി പണം വിതരണം ചെയ്തിട്ടും തെരഞ്ഞെടുപ്പു കമ്മീഷന് എന്താണ് ചെയ്യുന്നത്? ബിജെപിയുടെ പണക്കൊഴുപ്പ് കേരളത്തിലുടനീളം കാണാം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ഇത്തരത്തില്‍ പണം നല്‍കുന്നത് പതിവാണ്. ആലപ്പുഴയിലും ഈ പ്രവണത തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു. ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങള്‍ എന്ന് പറയുന്നിടത്ത് ഇതാണ് പതിവായി നടക്കുന്നതെന്നും കെ. സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എവിടെയാണ്? ഇന്ന് ടിവിയിലും ഓണ്‍ലൈനിലും തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ പാടില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം യുഡിഎഫ് മാത്രമാണ് അനുസരിച്ചത്. എല്‍ഡിഎഫിന്റെയും ബിജെപിയുടെയും പരസ്യങ്ങള്‍ ഇന്നും ടിവിയിലും ഓണ്‍ലൈനിലും വരുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യത്തില്‍ എന്താണ് ചെയ്യുന്നത്.
കണ്ണൂരിലും കാസര്‍ഗോഡും സിപിഎം കള്ളവോട്ട് ചെയ്യാന്‍ വേണ്ടി വ്യാജ ഐഡന്റിറ്റി കാര്‍ഡുകള്‍ നിര്‍മിക്കുന്നുവെന്ന ആരോപണം കെ.സി. വേണുഗോപാല്‍ ആവര്‍ത്തിച്ചു. കണ്ണൂര്‍ ജില്ലയിലെ പലയിടങ്ങളിലും ചീമേനിയിലും രാത്രിയുടെ അന്ത്യയാമങ്ങളില്‍ വ്യാജ കാര്‍ഡുകള്‍ അച്ചടിച്ചു കൊണ്ടിരിക്കുകയാണ്. സിപിഎമ്മിന്റെ അകത്തു നിന്നു തന്നെ ഇതു സംബന്ധിച്ച് തങ്ങള്‍ക്ക് വിവരം കിട്ടിയിട്ടുണ്ടെന്നും ഇക്കാര്യം തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
ഇത് പരിശോധിക്കേണ്ടതും നടപടിയെടുക്കേണ്ടതും തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവാദിത്തമാണ്. വ്യാജ കാര്‍ഡ് നിര്‍മാണം ഉന്നയിച്ചതിന് തനിക്ക് വക്കീല്‍ നോട്ടീസ് കിട്ടിയിട്ടുണ്ട്. അതിന് മറുപടി കൊടുത്തിട്ടുണ്ടെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി