നെടുമങ്ങാട് : ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി വിഭാവനം ചെയ്യുന്ന 'സംവാദ"പദ്ധതിയുടെ ഭാഗമായി നെടുമങ്ങാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികളുടെ കോടതി സന്ദർശനത്തിന് തുടക്കമായി. താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനും ജില്ലാ ജഡ്ജുമായ ഷാജഹാൻ ഉദ്ഘാടനം ചെയ്തു. അമൃത കൈരളി വിദ്യാലയത്തിലെ കുട്ടികൾക്ക് സംവാദ ബാഡ്ജുകൾ വിതരണം ചെയ്തു. നെടുമങ്ങാട് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കോലിയക്കോട് സി.ഒ മോഹൻകുമാർ അധ്യക്ഷത വഹിച്ചു.
കുടുംബകോടതി ജഡ്ജ് സുനിൽ കെ.പി. മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ മുൻസിഫ് രാധിക നായർ, ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുഹമ്മദ് യാസിൻ, നെടുമങ്ങാട് ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. തുളസീദാസ് എന്നിവർ പ്രസംഗിച്ചു. താലൂക്ക് സംവാദ കോ-ഓർഡിനേറ്റർ അഡ്വ. കെ. ഉവൈസ് ഖാൻ സ്വാഗതവും താലൂക്ക് ലീഗൽ കമ്മിറ്റി സെക്രട്ടറി വൈശാന്ത് നന്ദിയും പറഞ്ഞു. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുഹമ്മദ് യാസിൻ വിദ്യാർഥികളുമായി സംവദിച്ചു. വിദ്യാർഥികൾ വിവിധ കോടതികൾ സന്ദർശിച്ചു. നിയമം, ലൈഫ് സ്കില്ലുകൾ എന്നിവയിലൂന്നിയ ക്വിസ് മത്സരവും സമ്മാനദാനവും നടന്നു.